മെസി മാജിക്കില്‍ ഓസ്ട്രേലിയയെ തകർത്ത് അ‍ർജന്‍റീന,അമേരിക്കന്‍ ചെറുത്തുനില്‍പിനെ അതിജീവിച്ച് നെത‍ർലന്‍റ്സ്‌ , അർജന്‍റീന-നെത‍ർലന്‍റ്സ് ക്വാർട്ടർ

മെസി മാജിക്കില്‍ ഓസ്ട്രേലിയയെ തകർത്ത് അ‍ർജന്‍റീന,അമേരിക്കന്‍ ചെറുത്തുനില്‍പിനെ അതിജീവിച്ച് നെത‍ർലന്‍റ്സ്‌ , അർജന്‍റീന-നെത‍ർലന്‍റ്സ് ക്വാർട്ടർ

ഖത്തർ ലോകകപ്പ് ഫുട്ബോള്‍ അത്യാവേശകരമായ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ പ്രീ ക്വാർട്ടറുകളില്‍ നെതർലന്‍റ് യുഎസ്എ യേയും അർജന്‍റീന ഓസ്ട്രേലിയയേയും പരാജയപ്പെടുത്തി ക്വാർട്ടറില്‍ കടന്നു. ടോട്ടല്‍ ഫുട്ബോളിന്‍റെ പിന്തുടർച്ചാവകാശം പിന്‍പറ്റുന്ന നെതർലന്‍റ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വീറോടെ പൊരുതിയ യുഎസ്എ യെ മറികടന്നത്. 

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കവെ യുഎസ്എ ഒരു ഗോള്‍ മടക്കിയതോടെ മത്സരം ആവേശകരമായി. എന്നാല്‍ മൂന്നാം ഗോള്‍ വീണതോടെ നെതർലന്‍റ് ആധിപത്യം പൂർണമായി. എന്നാല്‍ യുഎസ്എ യുടെ പോരാട്ട വീര്യത്തെക്കുറിച്ച് പരാമർശിക്കാതെ പോകുന്നത് ഉചിതമല്ല. എതിരാളികള്‍ ആരെന്നതിന് അവർ ഒരു പ്രാധാന്യവും നല്‍കിയില്ല എന്നതാണ് യാഥാർത്ഥ്യം. ചിട്ടയായ നീക്കങ്ങളിലൂടെ തുടർ ആക്രമണങ്ങള്‍ നടത്താന്‍ യുഎസ്എ യ്ക്ക് കഴിഞ്ഞില്ലെങ്കിലും യുഎസ്എ താരങ്ങള്‍ എതിർ ഗോള്‍ മുഖത്ത് എത്തിയപ്പോഴൊക്കെ നെതർലന്‍റ് വിറച്ചുവെന്നതാണ് യാഥാർത്ഥ്യം.

യുഎസ്എ മധ്യനിരയുടെ ആസൂത്രണങ്ങള്‍ക്ക് പൂർണതയേകാന്‍ മികവൊത്ത ഒരു ഫോർവേഡ് ഉണ്ടായിരുന്നുവെങ്കില്‍ അവരുടെ ഭാഗധേയം മറ്റൊന്നായി മാറിയേനെ. അത്രയേറെ ആവേശത്തോടെ കളിക്കാന്‍ അവർക്ക് കഴിഞ്ഞു. ഡോണാവിനെ പോലെയുളള ഒരു സ്ട്രൈക്കറുടെ അഭാവം യുഎസ്എ യെ അലട്ടുന്നുണ്ട്. 2026 ലെ ലോകകപ്പിന് യുഎസ്എ സംയുക്ത ആതിഥേയത്വം വഹിക്കുമ്പോള്‍ ഈ കുറവ് പരിഹരിച്ച് കൂടുതല്‍ മുന്നേറാന്‍ അവർക്ക് സാധിക്കുമെന്ന് കരുതാം.

നെതർലന്‍റിനെ സംബന്ധിച്ച് പല ലോകകപ്പുകളിലും അവർ കിരീട സാധ്യതയുളള ടീമായി ഉദ്ഘോഷിക്കപ്പെട്ടിരുന്നു. 1974 ടോട്ടല്‍ ഫുട്ബോള്‍ മന്ത്രവുമായി യൊഹാന്‍ ക്രൈഫും സംഘവും എത്തിയപ്പോള്‍ കിരീടം അവർക്ക് തന്നെയെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. ആ വർഷം ഫ്രാന്‍സ് ബെക്കന്‍ ബോവറിന്‍റെ ജർമ്മനി ചാമ്പ്യന്‍മാരായി.തൊട്ടടുത്ത വർഷം അർജന്‍റീന നെതർലന്‍റിനെ തോല്‍പിച്ച് കിരീടം ഉയർത്തി. 2010 ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ സ്പെയിനാണ് നെതർലന്‍റിന്‍റെ അന്തകരായത്. യൊഹാന്‍ ക്രൈഫ്, റൂട്ട് ഗള്ളിറ്റ്, മാർക്കോവാന്‍ വാസ്റ്റിന്‍, ഡെന്നിസ് ബർക്കാം, റോബിന്‍ വാന്‍പേഴ്സി, ആര്യന്‍ റോബന്‍ തുടങ്ങിയ പ്രതിഭകള്‍ക്ക് സാധിക്കാത്തത് ഇത്തവണ നെതർലന്‍റിന് സാധ്യമാകുമോ.

രണ്ടാമത്തെ പ്രീക്വാർട്ടറില്‍ അർജന്‍റീനയുടെ രക്ഷയ്ക്ക് വീണ്ടും മെസി മാജിക്. മത്സരത്തില്‍ പന്ത് കൈവശം വയ്ക്കുന്ന കാര്യത്തിലും പന്തടക്കത്തിലും പാസുകളിലും വേഗതയിലും അർജന്‍റീന ബഹുദൂരം മുന്നിലായിരുന്നു. എന്നാല്‍ ആദ്യപകുതിയുടെ അരമണിക്കൂറോളം ഓസ്ട്രേലിയ വോക്സില്‍ ബസുകള്‍ പാർക്ക് ചെയ്തു. ടീമിലെ എല്ലാ കളിക്കാരും പ്രതിരോധ നിരയില്‍ അണിനിരന്ന് അർജന്‍റീനിയന്‍ ആക്രമണങ്ങള്‍ക്ക് എതിരെ ക്വാട്ട് തീർക്കുന്ന അസാധാരണമായ കാഴ്ച മത്സരത്തില്‍ കണ്ടു. 35 ആം മിനിറ്റില്‍ ഓസ്ട്രേലിയന്‍ പ്രതിരോധമതില്‍ ഭേദിച്ച് മെസിയുടെ തന്ത്രപൂർവ്വമായ ഗ്രൗണ്ട് ഷോട്ട് (കാർപെറ്റ് ഷോട്ട്) ഗോള്‍ കീപ്പറെ കീഴടക്കും വരെ ഓസീസ് കടുത്ത പ്രതിരോധം തുടർന്നു. ഗോള്‍ വീണതോടെ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ നടത്താന്‍ ഓസ്ട്രേലിയ നിർബന്ധിതമായി.

ഓസീസ് പ്രതിരോധ താരങ്ങളുടെയും ഗോള്‍കീപ്പറുടെയും പിഴവില്‍ നിന്നാണ് ജൂലിയന്‍ അല്‍വാരസ് രണ്ടാം ഗോള്‍ നേടിയത്. സമാനമായ പിഴവ് അർജന്‍റീനിയന്‍ ഗോള്‍ കീപ്പർ എമിലിയാനോ മാർട്ടിനെസിന്‍റെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. ഗോള്‍ വഴങ്ങിയില്ല എന്നുമാത്രം. അവസാന നിമിഷങ്ങളില്‍ കൊവോളിന്‍റെ ഗോള്‍ സാധ്യതയുണ്ടായിരുന്ന ഷോട്ടുകള്‍ കൈകളിലൊതുക്കി മാർട്ടിനെസ് പിഴവുകള്‍ക്ക് പ്രായാശ്ചിത്തം ചെയ്യുകയും ചെയ്തു. 77 ആം മിനിറ്റില്‍ ഓസ്ട്രേലിയക്ക് അനുകൂലമായി വന്ന ഗോള്‍ ഓണ്‍ ഗോളായിരുന്നു. ഗുഡ് വിന്‍റെ ശക്തമായ ഷോട്ട് തടുത്തിടാന്‍ പാകത്തിലുളള പൊസിഷനിലായിരുന്നു മാർട്ടിനെസ് എന്നു കരുതാം.

എന്നാല്‍ പന്ത് അർജന്‍റീനിയന്‍ താരം എന്‍സോ ഫെർണാണ്ടസിന്‍റെ ദേഹത്ത് തട്ടിയതോടെയാണ് ഗതിമാറി വലയില്‍ പതിച്ചത്. ഓസ്ട്രേലിയക്ക് ഒരു ആശ്വാസ ഗോള്‍. ആയിരമാത്തെ മത്സരം കളിച്ച മെസി ഈ മത്സരത്തില്‍ നേടിയ ഗോളോടെ ലോകകപ്പുകളില്‍ അർജന്‍റീനയ്ക്കായി നേടിയ തന്‍റെ ഗോള്‍നേട്ടം 9 ആയി ഉയർത്തി. ഇനി മുന്നിലുളളത് 10 ഗോളുകള്‍ നേടിയ ബാറ്റിസ്റ്റ്യൂട്ട മാത്രം. ആദ്യപകുതിയില്‍ ഓസീസ് താരങ്ങള്‍ മുഴുവന്‍ ഡിഫന്‍റർമാരായി മാറിയപ്പോള്‍ സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ പലപ്പോഴും മെസിക്ക് സാധിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ മെസി വിശ്വരൂപം പ്രാപിക്കുന്നത് കാണാന്‍ സാധിച്ചു. മാലപ്പടക്കം പോലെ എതിർഗോള്‍ മുഖത്ത് തുടർ ഷോട്ടുകള്‍ പായിക്കുന്ന മെസി സമ്മാനിക്കുന്നത് ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ വശ്യതയാർന്ന സൗന്ദര്യം തന്നെയാണ്.

മെസി ഉജ്ജ്വമായ ഫോമിലേക്ക് തിരിച്ചെത്തുന്നത് ലോകമെങ്ങുമുളള അർജന്‍റീനിയന്‍ ആരാധകർക്ക് നല്‍കുന്ന ആവേശം വലുതാണ്. ഇനി ഒരു ചോദ്യം മാത്രം നെതർലന്റോ  അർജന്‍റീനയോ?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.