തോല്‍വിയോടെ തുടക്കം; ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനോട് അടിപതറി ഇന്ത്യ

തോല്‍വിയോടെ തുടക്കം; ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനോട് അടിപതറി ഇന്ത്യ

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഒരു വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം 24 പന്തുകള്‍ ബാക്കി നില്‍ക്കേ അതിഥേയര്‍ മറികടന്നു. അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന മെഹ്ദി ഹസന്‍ (39 പന്തില്‍ പുറത്താവാതെ 38), മുസ്തഫിസുര്‍ റഹ്‌മാന്‍ (11 പന്തില്‍ പുറത്താവാതെ 10) എന്നിവരാണ് ഇന്ത്യയില്‍നിന്ന് വിജയം തട്ടിപ്പറിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഏകദിനത്തില്‍ ബംഗ്ലാദേശിനോട് പരാജയം രുചിക്കുന്നത്.

41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലിട്ടന്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നജ്മുല്‍ ഹുസൈന്‍ (പൂജ്യം), അനാമുല്‍ ഹഖ് (14), ഷാകിബ് അല്‍ ഹസന്‍ (29), മുഷ്ഫിഖു റഹീം (18) മഹ്‌മൂദുല്ല (14), അഫിഫ് ഹുസൈന്‍ (ആറ്), ഇബാദത്ത് ഹുസൈന്‍ (പൂജ്യം), ഹസന്‍ മഹ്‌മൂദ് (പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് സെന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ പ്രതീക്ഷ കാത്ത ബൗളര്‍മാര്‍ സന്ദര്‍ശകരെ 41.2 ഓവറില്‍ 186 റണ്‍സിന് എറിഞ്ഞിട്ടു. 10 ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസനും 8.2 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഇബാദത്ത് ഹുസൈനുമാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ എറിഞ്ഞുവീഴ്ത്തിയത്.

70 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും അടക്കം 73 റണ്‍സെടുത്ത കെ.എല്‍. രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (27), ശ്രേയസ് അയ്യര്‍ (24), വാഷിങ്ടണ്‍ സുന്ദര്‍ (19) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 15 പന്തില്‍ ഒമ്പത് റണ്‍സെടുത്ത് മടങ്ങി. ശ്രേയസ് അയ്യരും വാഷിങ്ടണ്‍ സുന്ദറും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും മടങ്ങിയതോടെ പവലിയനിലേക്ക് ഘോഷയാത്രയായിരുന്നു. രാഹുല്‍ ഒരുവശത്ത് പൊരുതിനിന്നെങ്കിലും 40ാം ഓവറില്‍ ഒമ്പതാമനായി പുറത്തായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.