ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പോളണ്ടിനെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പോളണ്ടിനെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

ദോഹ: ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ നിലംപരിശാക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. കെലിയന്‍ എംബാപ്പെയുടെ മിന്നും പ്രകടനമാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് ആധികാരിക വിജയം സമ്മാനിച്ചത്. 74, 91 മിനിറ്റുകളിലായിരുന്നു എമ്പാപ്പെയുടെ എണ്ണം പറഞ്ഞ ക്ലാസിക് ഗോളുകള്‍. 44-ാം മിനിറ്റിലെ ഒലിവര്‍ ജിറൂഡും ഫ്രാന്‍സിനു വേണ്ടി ഗോള്‍വല കീഴടക്കിയിരുന്നു. 

ഇതോടെ ലോകകപ്പില്‍ ഫ്രാന്‍സിനു വേണ്ടി കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ജിറൂഡ്. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്‌സ്‌കി വലയിലാക്കി പോളണ്ടും ആശ്വാസ ഗോള്‍ നേടി. ഇംഗ്ലണ്ട്-സെനഗല്‍ മത്സരത്തിലെ വിജയകളാവും ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളി.

ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ടിനെ രണ്ടാം പകുതിയില്‍ നിഷ്പ്രഭരാക്കിയായിരുന്നു ഫ്രാന്‍സിന്റെ ജയം. ഇരട്ട ഗോളുകളുമായി മത്സരത്തിലുടനീളം പോളണ്ട് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ച എംബാപ്പെയായിരുന്നു ഫ്രഞ്ച് നിരയിലെ താരം. ഇതോടെ ആദ്യ പകുതിയില്‍ ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന പോളിഷ് പടയ്ക്ക് മത്സരത്തിലെ പിടി അയഞ്ഞു.

29-ാം മിനിറ്റിലാണ് ഫ്രാന്‍സിന് സുവര്‍ണാവസരങ്ങളിലൊന്ന് ലഭിച്ചത്. ഗ്രീസ്മാന്റെ പാസ് സ്വീകരിച്ച് ഓടിക്കയറി വലതുഭാഗത്ത് നിന്ന് ഡെംബലെ നല്‍കിയ ഒരു കിറുകൃത്യം ക്രോസ് പക്ഷേ വലയിലെത്തിക്കുന്നതില്‍ ജിറൂദ് പരാജയപ്പെട്ടു. പിന്നാലെ 44-ാം മിനിറ്റില്‍ ജിറൂദിലീടെ തന്നെ ഫ്രാന്‍സിനെ മുന്നിലെത്തി. ബോക്സിന് തൊട്ടുവെളിയില്‍ നിന്ന് എംബാപ്പെ നല്‍കിയ പാസ് ജിറൂദ് ഇടംകാലനടിയിലൂടെ വലയിലാക്കുകയായിരുന്നു. താരത്തിന്റെ 52-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. 51 ഗോളുകള്‍ നേടിയ മുന്‍താരം തിയറി ഹെന്റിയെ മറികടന്നായിരുന്നു ജിറൂദിന്റെ നേട്ടം.

എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കളം കൈയടക്കുന്ന കാഴ്ചയായിരുന്നു കാണാനായത്. 48-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഫ്രീ കിക്ക് ഷെസ്നി തട്ടിയകറ്റി. 56-ാം മിനിറ്റിലെ എംബാപ്പെയുടെ ഷോട്ട് ക്രിചോവിയാക്കിന്റെ ബൂട്ടില്‍ തട്ടി പോസ്റ്റിനെ തൊട്ടിയുരുമ്മി പുറത്തേക്ക് പോയി. പിന്നാലെ 58-ാം മിനിറ്റില്‍ ജിറൂദ് ഒരു ഓവര്‍ഹെഡ് കിക്കിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും അതിന് മുമ്പ് പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്നി ബോക്സില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ ഉപമെകാനോയുമായി കൂട്ടിയിടിച്ച് വീണതിന് റഫറി വിസില്‍ വിളിച്ചിരുന്നു.

പിന്നാലെ 74-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോളെത്തി. ഒരു പോളണ്ട് ആക്രമണത്തിനൊടുവില്‍ ഗ്രീസ്മാന്‍ എതിര്‍ ഹാഫിലേക്ക് നീട്ടിയ പന്താണ് ഗോളവസരമൊരുക്കിയത്. പന്ത് പിടിച്ചെടുത്ത് കയറിയ ജിറൂദ് അത് വലത് ഭാഗത്തുള്ള ഡെംബെലെയ്ക്ക് നീട്ടി. ഈ സമയം ആരും മാര്‍ക്ക് ചെയ്യാതെ ഇടത് ഭാഗത്ത് എംബാപ്പെ സ്വതന്ത്രനായിരുന്നു. ഡെംബെലെ നല്‍കിയ പാസ് പിടിച്ചെടുത്ത എംബാപ്പെ പന്ത് വലയിലെത്തിച്ചു.

എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ലെവന്‍ഡോവ്സ്‌കി പോളണ്ടിനായി ആശ്വാസ ഗോള്‍ കണ്ടെത്തി. ലെവന്‍ഡോവ്സ്‌കിയുടെ ആദ്യ കിക്ക് ലോറിസ് കൈപ്പിടിയിലാക്കിയെങ്കിലും ലോറിസ് ലൈനില്‍ നിന്ന് പുറത്ത് കാല്‍വെച്ചതിനാല്‍ റഫറി പെനാല്‍റ്റി വീണ്ടും എടുപ്പിക്കുകയായിരുന്നു. രണ്ടാം ശ്രമത്തില്‍ പന്ത് ലെവന്‍ഡോവ്സ്‌കി വലയിലെത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.