സമാധാന ദൗത്യ സംഘം വിഴിഞ്ഞം സന്ദര്‍ശിച്ചു; എതിര്‍പ്പുമായി തുറമുഖത്തെ തുണയ്ക്കുന്ന പ്രാദേശിക കൂട്ടായ്മ

സമാധാന ദൗത്യ സംഘം വിഴിഞ്ഞം സന്ദര്‍ശിച്ചു; എതിര്‍പ്പുമായി തുറമുഖത്തെ തുണയ്ക്കുന്ന പ്രാദേശിക കൂട്ടായ്മ

തിരുവനന്തപുരം: സമവായ ശ്രമം ഊര്‍ജിതമായിരിക്കെ വിഴിഞ്ഞത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായി ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘത്തിന്റെ ശ്രമങ്ങള്‍ക്ക് ഇടങ്കോലിട്ട് തുറമുഖ നിര്‍മാണത്തെ തുണയ്ക്കുന്ന പ്രാദേശിക കൂട്ടായ്മ.

സമാധാന ശ്രമം ഏകപക്ഷീയമാണെന്ന് ആരോപിച്ച പ്രാദേശിക കൂട്ടായ്മ, തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും ഇത്രയും നാളും സമാധാന ദൗത്യ സംഘത്തെ കണ്ടില്ലല്ലോയെന്നും വിമര്‍ശനമുന്നയിച്ചു. അതിനിടെ ദൗത്യ സംഘം മുല്ലൂരില്‍ സമരപ്പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് സംഘം അഭ്യര്‍ത്ഥിച്ചു.

മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ക്ഷോഭമുണ്ടാകുക മനുഷ്യ സഹജമാണ്. പക്ഷേ മുന്നോട്ടു പോകാന്‍ സ്നേഹവും സഹകരണവും ലാളനയുമെല്ലാം വേണം. അത് നിങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാകുമെന്നും ദൗത്യ സംഘം സമരക്കാരോട് പറഞ്ഞു.

സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിഴിഞ്ഞം സന്ദര്‍ശിച്ചത്.

ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.