മൊസൂള്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ റിപ്പോര്‍ട്ട്.
ക്രൈസ്തവര്‍ക്ക് നേരെ നടത്തിയ അക്രമങ്ങള്‍ യുദ്ധ കുറ്റങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന് പരാമര്‍ശിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് സുരക്ഷാ കൗണ്‍സിലിന് സമര്‍പ്പിച്ചു. ക്രൈസ്തവരെ നാടുകടത്തിയ സംഭവങ്ങള്‍, ഇസ്ലാമിലേക്ക് നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനം, ദേവാലയങ്ങളും പൈതൃക കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ട സംഭവങ്ങള്‍ തുടങ്ങിയവയും ഡിസംബര്‍ ഒന്നിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ത്തിരുന്ന നിനവേ പ്രവിശ്യയിലെ പ്രദേശങ്ങളില്‍ ഭൂരിഭാഗവും തീവ്രവാദികള്‍ കീഴടക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ സംഘടനകള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ ജീവിക്കുന്ന തെളിവുകള്‍ അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് തങ്ങള്‍ കൈമാറിയെന്ന് ഇര്‍ബിലിലെ കല്‍ദായ ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദ വ്യക്തമാക്കി.
തീവ്രവാദ സംഘടനകള്‍ പിന്തുടരുന്ന ആശയങ്ങള്‍ പുതിയതല്ല. 2014 ന് ശേഷം തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലകളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും മറ്റുള്ളവരെ അറിയിക്കാനുള്ള നടപടിക്ക് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിലൂടെ തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ഇറാഖില്‍ നടന്ന നടന്ന അതിക്രമങ്ങളെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നത് ആളുകളുടെ അന്തസ് വീണ്ടെടുക്കാനും ചരിത്രരേഖ ഉണ്ടാക്കാനും സഹായകരമാകും. ഇതുവഴി വീണ്ടും ഇങ്ങനെ ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കപ്പെടുകയും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും. അവകാശങ്ങള്‍ നേടിത്തരാന്‍ ഇറാഖിലെ സര്‍ക്കാരിനൊപ്പം അമേരിക്കന്‍ ഭരണകൂടം പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ആയിരക്കണക്കിന് ക്രൈസ്തവര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെ പറ്റി പഠിക്കാന്‍ വേണ്ടിയുള്ള കമ്മീഷനുകള്‍ക്ക് രൂപം നല്‍കാന്‍ കത്തോലിക്കാ സംഘടനയായ 'നൈറ്റ്‌സ് ഓഫ് കൊളംബസി'നോടും മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ചേര്‍ന്ന് വലിയ പ്രവര്‍ത്തനമാണ് ഇര്‍ബിലിലെ കല്‍ദായ കത്തോലിക്കാ സഭ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.