കൊറിയ കണ്ണീരോടെ മടങ്ങി; സാംബാ നൃത്തമാടി ബ്രസീല്‍

കൊറിയ കണ്ണീരോടെ മടങ്ങി; സാംബാ നൃത്തമാടി ബ്രസീല്‍

ദോഹ: ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ അവസാന എട്ടിലെത്തി. അട്ടിമറി സ്വപ്‌നവുമായി എത്തിയ കൊറിയയെ നിലം തൊടാന്‍ അനുവദിക്കാതെയായിരുന്നു ബ്രസീലിന്റെ തേരോട്ടം. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. 

സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതിന്റെ ആവേശം മത്സരത്തിന്റെ തുടക്കം തൊട്ട് ബ്രസീല്‍ ക്യാമ്പിലുയര്‍ന്നു. യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും കീഴ്‌പ്പെടാതെയാണ് ബ്രസീല്‍ പന്തുതട്ടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെയായിരുന്നു ബ്രസീലിന്റെ നാല് ഗോളുകളും.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്രസീലും ദക്ഷിണ കൊറിയയും ആക്രമിച്ച് കളിച്ചു. ഏഴാം മിനിറ്റില്‍ മഞ്ഞപ്പട മുന്നിലെത്തി. റാഫീന്യയുടെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ നിന്ന് വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി വലകുലുക്കിയത്.

അടുത്തത് സൂപ്പര്‍താരം നെയ്മറുടെ അവസരമായിരുന്നു. റിച്ചാര്‍ലിസണെ ബോക്‌സിനുള്ളില്‍ വെച്ച് ജങ് വോയങ് വീഴ്ത്തിയതിനെത്തുര്‍ന്ന് റഫറി ബ്രസീലിന് പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത നെയ്മറിന് തെറ്റിയില്ല. ഇതോടെ ആദ്യ 13 മിനിറ്റില്‍ തന്നെ ബ്രസീല്‍ 2-0 ന് മുന്നിലെത്തി.

രണ്ട് ഗോള്‍ വഴങ്ങിയതോടെ കൊറിയ ആക്രമണം ശക്തിപ്പെടുത്തി. 16-ാം മിനിറ്റില്‍ കൊറിയയുടെ ഹവാങ് ഹീ ചാന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ അത്ഭുതകരമായി ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ്‍ തട്ടിയകറ്റി.

എന്നാല്‍ രണ്ട് ഗോളടിച്ചിട്ടും ബ്രസീലിന്റെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞില്ല. 29-ാം മിനിറ്റില്‍ അവര്‍ വീണ്ടും വലകുലുക്കി. മികച്ച ടീം ഗെയിമിന്റെ അവസാനം റിച്ചാര്‍ലിസണാണ് ബ്രസീലിനായി ഇത്തവണ വലകുലുക്കിയത്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ നിന്നായി റിച്ചാര്‍ലിസണ്‍ നേടുന്ന 10-ാം ഗോളാണിത്.

മൂന്നാം ഗോള്‍ വഴങ്ങിയതിന്റെ ആഘാതം കെട്ടടങ്ങും മുന്‍പ് ബ്രസീല്‍ വീണ്ടും വെടിപൊട്ടിച്ചു. ഇത്തവണ ലൂക്കാസ് പക്വെറ്റയാണ് കാനറികള്‍ക്കായി വലകുലുക്കിയത്. 36-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ പക്വെറ്റ വലയിലെത്തിച്ചു. നാല് ഗോളടിച്ചിട്ടും ബ്രസീല്‍ മുന്നേറ്റനിരയുടെ ആക്രമണങ്ങള്‍ക്ക് ഒരു കുറവും വന്നില്ല. ആദ്യപകുതിയലുടനീളം അവര്‍ ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊറിയയ്ക്ക് ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. സൂപ്പര്‍താരം സണ്‍ ഹ്യുങ് മിന്‍ പന്തുമായി മുന്നേറി ഷോട്ടുതിര്‍ത്തെങ്കിലും അലിസണ്‍ വിരല്‍ത്തുമ്പിനാല്‍ അത് രക്ഷപ്പെടുത്തിയെടുത്തു. 55-ാം മിനിറ്റില്‍ അതിമനോഹരമായ ഡ്രിബിളിങ്ങുമായി മുന്നേറിയ റാഫീന്യ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ കിം അത് ഒരുവിധം രക്ഷപ്പെടുത്തിയെടുത്തു. രണ്ടാം പകുതിയില്‍ ബ്രസീല്‍ നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.