പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ മുതല്‍; നിരവധി വിഷയങ്ങളില്‍ കടന്നാക്രമണത്തിനൊരുങ്ങി പ്രതിപക്ഷം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ മുതല്‍; നിരവധി വിഷയങ്ങളില്‍ കടന്നാക്രമണത്തിനൊരുങ്ങി പ്രതിപക്ഷം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തില്‍ ഭരണപരാജയങ്ങള്‍ ചൂണ്ടിക്കാട്ടി കടന്നാക്രമണത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. വിലക്കയറ്റവും തൊഴിലില്ലായ്മയും മിനിമം താങ്ങുവില അടക്കമുള്ള കര്‍ഷക പ്രശ്നങ്ങളുമാകും മുഖ്യ വിഷയങ്ങളായി ഉയര്‍ത്തുക. ഇത് സംബന്ധിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പ്രാഥമിക ധാരണ രൂപപ്പെട്ടു.

സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച, തൊഴിലുറപ്പ് പദ്ധതി ദുര്‍ബലപ്പെടുത്തല്‍, ആദിവാസികളുടെ വനാവകാശം തുടങ്ങിയ വിഷയങ്ങളാവും ആദ്യ ദിവസങ്ങളില്‍ സഭയില്‍ ഉന്നയിക്കുക. വൈദ്യുതി ഭേദഗതി ബില്ലിനോടുള്ള വിയോജിപ്പ്, ദ്രോഹകരമായ തൊഴില്‍ ചട്ടങ്ങള്‍, എയിംസ് സെര്‍വര്‍ തകര്‍ന്നത് അടക്കമുള്ള സൈബര്‍ കുറ്റങ്ങള്‍ തുടങ്ങിയവ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടും. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തല്‍, സുപ്രിം കോടതിയോടുള്ള സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തും.

ഒന്നിലേറെ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്ലടക്കം 16 പുതിയ ബില്ലാണ് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നത്. വനസംരക്ഷണ ഭേദഗതി ബില്‍, ട്രേഡ്മാര്‍ക്ക്സ് ഭേദഗതി ബില്‍, ദേശീയ നഴ്സിങ് മിഡ്വൈഫ് ഭേദഗതി ബില്‍, ദേശീയ ദന്തല്‍ കമീഷന്‍ ബില്‍ തുടങ്ങിയവയും സഭയില്‍ അവതരിപ്പിക്കും.

സമ്മേളനത്തിന്റെ ആദ്യ ദിവസം ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് ഫലങ്ങളും രണ്ടാം ദിവസം ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്നതും സര്‍ക്കാരിനും പ്രതിപക്ഷത്തിനും നിര്‍ണായകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.