ഖത്തർ ലോകകപ്പ് ഫുട്ബോളില്‍ ഏഷ്യന്‍ പ്രാതിനിധ്യത്തിന് വീരോചിതമായ വിരാമം. ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ജപ്പാനും ബ്രസീലിനോട് അടിയറവ് പറഞ്ഞ് ദക്ഷിണ കൊറിയയും ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ക്രൊയേഷ്യയോട് ഉജ്ജ്വലമായി പോരാടിയ ശേഷമാണ് ജപ്പാന്‍ ഷൂട്ടൗട്ടില്‍ തോല്‍വി സമ്മതിച്ചത്. ഈ ടൂർണമെന്‍റില്‍ അവിശ്വസനീയമായ കുതിപ്പ് നടത്തിയ ജപ്പാനാണ് പ്രീക്വാർട്ടറില്‍ ആദ്യം സ്കോർ ചെയ്തത്.
ഗ്രൂപ്പ് ഘട്ടത്തില്‍ അവർ ഇതുവരെ ആദ്യപകുതിയില്‍ ഗോള്‍ നേടിയിട്ടില്ല.രണ്ടാം പകുതിയിലായിരുന്നു ജപ്പാന്‍ എല്ലാ മത്സരങ്ങളിലും തിരിച്ചുവരവ് നടത്തിയിട്ടുളളത്. എന്നാല്‍ ക്രൊയേഷ്യക്ക് എതിരെ ആദ്യം ഗോള്‍ നേടിയ ജപ്പാന് ആ ലീഡ് മത്സരാന്തം വരെ നിലനിർത്താനായില്ല. ഇറ്റലിയെപ്പോലെ കടുത്ത പ്രതിരോധത്തിലൂന്നികളിക്കുന്ന കേളീതന്ത്രം അവലംബിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ ജപ്പാന്‍ ക്വാർട്ടറില്‍ കടക്കുമായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനില കണ്ടെത്തിയ ക്രൊയേഷ്യ അവരുടെ ഗോള്‍ കീപ്പറുടെ അസാധാരണമായ മികവിന്‍റേയും അന്യാദൃശ്യമായ മനസാന്നിദ്ധ്യത്തിന്‍റേയും സഹായത്തോടെ ടൈ ബ്രേക്കറില്‍ ജപ്പാനെ തോല്‍പിച്ച് ക്വാർട്ടർ ഉറപ്പിച്ചു. കഴിഞ്ഞ ലോകകപ്പിലും പ്രീ ക്വാർട്ടർ-ക്വാർട്ടർ പോരാട്ടങ്ങള്‍ ക്രൊയേഷ്യ അതിജീവിച്ചത് ഷൂട്ടൗട്ടിലായിരുന്നു. ക്വാർട്ടറില്‍ ബ്രസീലിനെ നേരിടുമ്പോള്‍ ഈ രീതി എത്രത്തോളം പര്യാപ്തമാകുമെന്ന ചോദ്യം ന്യായമായും ഉയരും. മത്സരം എക്സ്ട്രാ ടൈമിലേക്കും ഒരു പക്ഷെ ഷൂട്ടൗട്ടിലേക്കും നീളുമെന്ന് മുന്‍കൂട്ടി കണ്ട് ഇരു ടീമുകളുടെയും പരിശീലകർ സബ്സ്റ്റിറ്റ്യൂഷന്‍ നടത്തിയിരുന്നു.
ക്രൊയേഷ്യയുടെ പകരക്കാർ എടുത്ത പെനാല്‍റ്റി കിക്കുകളാണ് മത്സര ഫലം നിർണയിച്ചത്. ക്രൊയേഷ്യയ്ക്ക് വേണ്ടി പെനാല്‍റ്റി കിക്കുകള്‍ ഗോളാക്കി മാറ്റിയ നിക്കോളാ വ്ളാസികും മരിയോ പസാലിച്ചും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട് എത്തിയവരാണ്. എങ്കിലും മത്സരത്തിലെ താരം ക്രൊയേഷ്യന്‍ ഗോള്‍ കീപ്പർ ഡൊമിനിക് ലിവാക്കോവിച്ച് തന്നെയാണ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ വല കാക്കുകയെന്നത് ഏത് ഗോളിക്കും കടുത്ത വെല്ലുവിളിയാണ്.
കിക്കെടുക്കുന്നതിന് മുന്‍പത്തെ നിശബ്ദതയും ബോക്സിലെ ഏകാന്തതയും ഗോള്‍കീപ്പർക്ക് ഏല്‍പിക്കുന്ന സമ്മർദ്ദം വളരെ വലുതാണ്.ഇത് അതിജീവിച്ച് ജപ്പാന്‍ കളിക്കാരുടെ കിക്കുകള്‍ തടഞ്ഞ ലിവാക്കോവിച്ചിന് അവകാശപ്പെട്ടതാണ് ഈ വിജയം. കടുത്തസമ്മർദ്ദ നിമിഷങ്ങളില്‍ അനുഭവസമ്പത്തിന്‍റെ കുറവും ജപ്പാന് എതിർഘടകമായി. എങ്കിലും സാമുറായ് മാരുടെ പോരാട്ടവീര്യത്തെ പ്രശംസിക്കാതെ വയ്യ. വരും കാല ഏഷ്യന്‍ ഫുട്ബോളിന്‍റെ പതാക വാഹകരായി ജപ്പാന്‍ മാറുമെന്നതിന്‍റെ പ്രഖ്യാപനം കൂടിയാകുന്നു ഖത്തറിലെ പ്രകടനം.
രാജകീയമായിട്ടാണ് ബ്രസീല്‍ പ്രീക്വാർട്ടറില്‍ ദക്ഷിണകൊറിയയെ മറികടന്ന് ക്വാർട്ടറില്‍ എത്തിയത്. മത്സരം തുടങ്ങി അരമണിക്കൂറിനുളളില്‍ ബ്രസീല്‍ നേടിയത് നാല് ഗോളുകള്‍. കൊറിയന്‍ പ്രതിരോധത്തിന് ഒരു അവസരവും നല്‍കാതെ മൂന്ന് ഗോളുകള്‍ നേടിയതിനൊപ്പം നെയ്മർ നേടിയ ഒരു പെനാല്‍റ്റി ഗോളും.ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ ഇതുവരെ വിജയം നേടാന്‍ കൊറിയക്ക് സാധിച്ചിട്ടില്ല.മൂന്ന് തവണ ബ്രസീല്‍ വിജയിച്ചപ്പോള്‍ മൂന്ന് തവണ സമനിലയിലാണ് മത്സരം അവസാനിച്ചത്. തുടരെ ഗോളുകള്‍ വഴങ്ങിയപ്പോള്‍ തകർന്നുപോയ കൊറിയ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ബ്രസീല്‍ ഗോള്‍ കീപ്പറുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് ഗോള്‍ നേടാനായില്ലെന്നുമാത്രം. ബ്രസീലിയന്‍ പ്രതിരോധം മറികടക്കാന്‍ പലപ്പോഴും കൊറിയന്‍ കളിക്കാർ ലോംഗ് റേഞ്ചറുകളെ ആശ്രയിക്കുന്നത് കാണാമായിരുന്നു. മധ്യനിരയിലെ ഏകോപന കുറവാണ് കൊറിയയ്ക്ക് തിരിച്ചടിയായത്. നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട മിഡ് ഫീല്‍ഡർമാരുടെ മിസ് പാസുകള്‍ പിടിച്ചെടുത്താണ് ബ്രസീല്‍ പ്രത്യാക്രമണങ്ങള്‍ നടത്തിയത്.
കൊറിയന്‍ ഗോള്‍ മുഖത്തേക്ക് ബ്രസീല്‍ താരങ്ങള്‍ നടത്തിയ നീക്കങ്ങളുടെ അപാരമായ വേഗതയും കളിക്കാരുടെ ഒത്തിണക്കവും കൊറിയയെ അമ്പരിപ്പിച്ചുവെന്നതാണ് യാഥാർത്ഥ്യം. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ ദ.കൊറിയയ്ക്ക് സാധിച്ചു. രണ്ടാം പകുതിയിലാണ് ദ. കൊറിയ അവരുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ആദ്യ 30 മിനിറ്റില്‍ നാല് ഗോളുകള്‍ നേടിയ ബ്രസീലിന് പിന്നീട് മത്സരം അവസാനിക്കുന്നത് വരെ ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചില്ല എന്നുളളത് കൊറിയന്‍ പ്രതിരോധം രണ്ടാം പകുതിയില്‍ എത്രത്തോളം ശക്തമായിരുന്നുവെന്നതിന്‍റെ തെളിവുകൂടിയാകുന്നു.
നെയ്മറാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും സില്‍വയുടെ കഠിനാധ്വാനവും വിനീഷ്യസ് ജൂനിയറിന്‍റെ ഊർജ്ജസ്വലതയും വേറിട്ട് നില്‍ക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പരുക്കുമാറി തിരിച്ചെത്തിയ നെയ്മർ പെനാല്‍റ്റിയിലൂടെ നേടിയ ഗോള്‍ ചില കേന്ദ്രങ്ങളഇല്‍ വിവാദമായിട്ടുണ്ട്. കടുത്ത ടാക്ക്ലിംഗിന് വിധേയമായെന്നുളള റിച്ചാലിസന്‍റെ ശരീരഭാഷയും നിമിഷാർദ്ധം കൊണ്ട് പെനാല്‍റ്റി വിധിച്ച റഫറിയുടെ തീരുമാനവും വിമർശന വിധേയമാകുന്നു.
കൊറിയക്ക് എതിരെ അനുവദിച്ച പെനാല്‍റ്റി നീതിപൂർവ്വമാണോയെന്ന ചർച്ച ഇനിയും തുടരും. നെയ്മറിന്‍റെ തിരിച്ചുവരവ് ആഘോഷിക്കാന്‍ ഈ പെനാല്‍റ്റി വേണമായിരുന്നോയെന്ന ചോദ്യവും ബാക്കി.ഏതായാലും മത്സരത്തില്‍ ബ്രസീലിയന്‍ ആധിപത്യം ചോദ്യം ചെയ്യപ്പാടാനാകത്ത വിധം പൂർണമായിരുന്നു. ഇനിയുളള ഘട്ടങ്ങളില്‍ ബ്രസീലിന് ജൈത്രയാത്ര അനായാസമാകുമെന്നുളള സൂചന ഇത് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.