സ്വവര്‍ഗാനുരാഗ ദമ്പതികളുടെ വിവാഹ വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍ വിസമ്മതിച്ചു; ക്രൈസ്തവ വിശ്വാസിയായ ഡിസൈനര്‍ക്കെതിരേ അമേരിക്കൻ സുപ്രീം കോടതിയിൽ കേസ്

സ്വവര്‍ഗാനുരാഗ ദമ്പതികളുടെ വിവാഹ വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍  വിസമ്മതിച്ചു; ക്രൈസ്തവ വിശ്വാസിയായ ഡിസൈനര്‍ക്കെതിരേ അമേരിക്കൻ സുപ്രീം കോടതിയിൽ കേസ്

കൊളറാഡോ: അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്കായി വിവാഹ വെബ്സൈറ്റ്‌ നിര്‍മ്മിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഗ്രാഫിക് ഡിസൈനര്‍ക്കെതിരേ കേസ്. അടിയുറച്ച വിശ്വാസിയായ ലോറി സ്മിത്ത് ആണ് തന്റെ ക്രൈസ്തവ വിശ്വാസത്തിനെതിരേ പ്രവര്‍ത്തിക്കാനാവില്ലെന്ന് നിലപാട് എടുത്തതിനെതുടര്‍ന്ന് യുഎസ് സുപ്രീം കോടതിയില്‍ വിചാരണ നേരിടുന്നത്. വെബ്സൈറ്റ്‌ നിര്‍മ്മിക്കാനാവില്ലെന്ന് പറഞ്ഞതോടെ സ്വവര്‍ഗാനുരാഗ ദമ്പതികള്‍ കേസ് നല്‍കുകയായിരുന്നു.

മിക്ക അമേരിക്കന്‍ സംസ്ഥാനങ്ങളിലും വിവേചന വിരുദ്ധ നിയമങ്ങള്‍ നിലവിലുണ്ട്. നിയമത്തില്‍ സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍ജെന്‍ഡേഴ്‌സിനും വിവേചനത്തിനെതിരേയുള്ള സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. നിയമത്തിനെതിരേയുള്ള നിലപാട് സ്വീകരിച്ചെന്ന പേരിലാണ് ലോറി സ്മിത്തിനെതിരേ കേസ് നടക്കുന്നത്.

കൊളറാഡോ സ്വദേശിനിയാണ് 38 വയസുകാരിയായ ലോറി സ്മിത്ത്. തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമെന്നാണ് ലോറി സ്മിത്ത് കോടതിയില്‍ വാദിച്ചത്.

തന്റെ ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും കാത്തു സൂക്ഷിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് വാദം ആരംഭിക്കുന്നതിന് മുമ്പ് ലോറി സ്മിത്ത് സിബിഎസ് ന്യൂസിനോട് വ്യക്തമാക്കി.

വിധി എതിരായി വന്നാല്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരെ അവരുടെ വിശ്വാസത്തിന് വിരുദ്ധമായി ജോലി ചെയ്യിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ലോറി സ്മിത്തും അവര്‍ക്കൊപ്പമുള്ളവരും വാദിക്കുന്നു.

അതേസമയം സ്മിത്തിന് അനുകൂലമായി വിധി വന്നാല്‍ രാജ്യമെമ്പാടുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളോട് വിവേചനപൂര്‍വം പെരുമാറാന്‍ സാധ്യതയുണ്ടെന്ന് സ്വവര്‍ഗാനുരാഗികള്‍ വാദിക്കുന്നു. ആറംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. സമാനമായ കേസുകള്‍ മുന്‍പും കോടതിയില്‍ വന്നിട്ടുണ്ട്.

ക്രൈസ്തവ വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധമാണ് പല സംസ്ഥാനങ്ങളിലും സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍ജെന്‍ഡേഴ്‌സിനും അനുകൂലമായി നിയമം നടപ്പാക്കുന്നതെന്ന വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.