ഇന്തോനേഷ്യയില്‍ വിവാഹപൂര്‍വ ലൈംഗികബന്ധം നിരോധിച്ചു: ലംഘിച്ചാല്‍ ഒരു വര്‍ഷം തടവ്; പ്രസിഡന്റിനെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം തടവ്

ഇന്തോനേഷ്യയില്‍ വിവാഹപൂര്‍വ ലൈംഗികബന്ധം നിരോധിച്ചു: ലംഘിച്ചാല്‍ ഒരു വര്‍ഷം തടവ്; പ്രസിഡന്റിനെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം തടവ്

ജക്കാര്‍ത്ത: വിവാഹപൂര്‍വ ലൈംഗികബന്ധവും അവിവാഹിതര്‍ ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ച് ഇന്തോനേഷ്യ. നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന വിദേശ പൗരന്‍മാര്‍ക്കും നിയമം ബാധകമാണ്. ഇതു സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കി.

പുതിയ ക്രിമിനല്‍ കോഡ് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് ഏകകണ്ഠമായാണ് പാസാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡച്ച് നിയമം, ഹുകും അദാത്ത് എന്നറിയപ്പെടുന്ന ആചാരനിയമം, ആധുനിക ഇന്തോനേഷ്യന്‍ നിയമങ്ങള്‍ എന്നിവയടങ്ങിയ ഒരു ഫ്രെയിം വര്‍ക്കാണ് 1946 ല്‍ സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഇതുവരെ രാജ്യത്ത് നിലവിലുണ്ടായിരുന്നത്.

ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ പരമാവധി ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും നിയമ ഭേദഗതിയില്‍ ചരിത്രപരമായ തീരുമാനമെടുക്കാനും കൊളോണിയല്‍ ക്രിമിനല്‍ കോഡ് ഉപേക്ഷിക്കാനും സമയമായെന്ന് നിയമമന്ത്രി യാസോന ലാവോലി പറഞ്ഞു.

പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അപമാനിക്കുകയോ ഇന്തോനേഷ്യന്‍ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നതും പുതിയ ക്രിമിനല്‍ ചട്ടപ്രകാരം കുറ്റകരമാണ്. രാജ്യത്തിന്റെ പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ് ഭേദഗതിയെന്നാണ് വിമര്‍ശനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.