സിഡ്‌നി: രാത്രികാല ഡ്യൂട്ടിക്കിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മയങ്ങരുതെന്ന് നിര്‍ദേശം നല്‍കിയ ഓസ്‌ട്രേലിയയിലെ ആശുപത്രി മാനേജ്‌മെന്റിന്റെ നടപടി വിവാദത്തില്‍. പ്രതിഷേധം ഉയര്‍ന്നതോടെ മാപ്പു പറഞ്ഞ് മാനേജ്‌മെന്റ് തലയൂരി. ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരില്‍ നിന്ന് വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് ക്ഷമാപണം.
സിഡ്‌നിയിലെ ഹോണ്‍സ്ബി കു-റിംഗ്-ഗായ് എന്ന ആശുപത്രിയിലെ മാനേജരാണ് കഴിഞ്ഞ ദിവസം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇ-മെയില്‍ അയച്ചത്. രാത്രികാല ഡ്യൂട്ടിക്കിടെ ചെറിയൊരു മയക്കം പോലും പാടില്ലെന്നാണ് കത്തില്‍ ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്.
അധിക സമയത്ത് ഉള്‍പ്പെടെ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരില്‍ ഇതു വലിയ പ്രതിഷേധമുണ്ടാക്കി. ഡോക്ടര്‍മാര്‍ക്ക് ഇരിക്കാന്‍ സുഖപ്രദമല്ലാത്ത കസേരകള്‍ നല്‍കുമെന്നും കത്തിലുണ്ട്.
സുഖപ്രദമല്ലാത്ത കസേരകള്‍ നല്‍കിയാല്‍ ഉറങ്ങില്ലെന്ന അനുമാനത്തിലാണ് മാനേജ്‌മെന്റിന്റെ ഈ മുന്നറിയിപ്പ്.
ഉറങ്ങാനല്ല ശമ്പളം തരുന്നതെന്നാണ് മാനേജ്‌മെന്റ് അയച്ച ഇ-മെയിലിലുള്ളത്. രാത്രി ഷിഫ്റ്റുകളില്‍ വലിയ തിരക്കില്ലെന്നാണ് ചില ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ കരുതുന്നത്.
ഓരോ ദിവസം ജൂനിയര്‍ ഡോക്ടര്‍മാരുടെ വിശ്രമമുറികളില്‍ തലയിണകളും പുതപ്പുകളും കാണാം. ചില ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഷിഫ്റ്റിലായിരിക്കുമ്പോള്‍ ഉറങ്ങാന്‍ വേണ്ടി സുഖപ്രദമായ കിടക്ക റെഡിയാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ഇത് അനുവദനീയമല്ല.
'ഈ പ്രൊഫഷണലല്ലാത്ത പെരുമാറ്റം തുടരുകയാണെങ്കില്‍, രാത്രി സമയത്തെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നതിന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും. ഒപ്പം ഈ രീതി നിരുത്സാഹപ്പെടുത്തുന്നതിന് വിശ്രമമുറികള്‍ക്ക് പകരം സുഖം കുറഞ്ഞ കസേരകള്‍ സ്ഥാപിക്കും' മാനേജ്‌മെന്റ് കത്തില്‍ പറയുന്നു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സ്ഥിരമായി ജീവനക്കാരില്ലാത്തതിനാല്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ അവിടെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാനേജര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ അധിക ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരേയുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ജീവനക്കാരില്‍നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രി മാനേജരുടെ കത്ത് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംസ്ഥാനത്തുടനീളം ഡോക്ടര്‍മാരില്‍നിന്ന് വിമര്‍ശനമുയര്‍ന്നത്.
പലപ്പോഴും ഉച്ചഭക്ഷണ ഇടവേള പോലും ലഭിക്കാതെ ഓവര്‍ടൈം ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടമാരുടെ മുഖത്തേറ്റ അടിയാണ് മാനേജ്‌മെന്റിന്റെ ഇ-മെയിലെന്ന് പേര് വെളിപ്പെടുത്താത്ത ഡോക്ടറെ ഉദ്ധരിച്ച് എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ക്ഷമാപണത്തെതുടര്‍ന്ന് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെ ആവശ്യാനുസരണം വിശ്രമിക്കാനും ഭക്ഷണത്തിനായി ഇടവേളകള്‍ എടുക്കാനും വിശ്രമ മുറി ഉപയോഗിക്കാന്‍ അനുവദിച്ചതായും മാനേജ്‌മെന്റ് വക്താവ് പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള ആശുപത്രികള്‍ സമ്മര്‍ദത്തിലാണെന്നും അമിത ജോലി ഭാരം മൂലം ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിസന്ധിയിലാണെന്നും ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടേഴ്സ്-ഇന്‍-ട്രെയിനിംഗ് കമ്മിറ്റി കോ-ചെയര്‍ ഡോ. സഞ്ജയ് ഹെറ്റിഗെ പറഞ്ഞു.
'നല്ല വിശ്രമമുള്ള ഡോക്ടര്‍മാര്‍ക്കു മാത്രമേ രോഗികള്‍ മെച്ചപ്പെട്ട പരിചരണം നല്‍കാനാകൂ. ഡോക്ടര്‍മാര്‍ക്ക് രാത്രി ഷിഫ്റ്റില്‍ ഭക്ഷണ ഇടവേളയ്ക്ക് അര്‍ഹതയുണ്ടെന്നും ഈ സമയത്ത് അവര്‍ വിശ്രമിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് അവരുടെ അവകാശമാണെന്നും സഞ്ജയ് ഹെറ്റിഗെ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.