അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജയിച്ച് വരുന്ന എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാൻ കോൺഗ്രസ് നീക്കം. ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന സാഹചര്യം ഉണ്ടായാൽ ദ്രുതഗതിയിൽ കോൺഗ്രസ് എംഎൽഎമാരെ മാറ്റാൻ നടപടി സ്വീകരിക്കും. പിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ജയിച്ചു വരുന്ന കോൺഗ്രസ് എംഎൽഎമാരെ പണം നൽകി വിലക്കെടുക്കുന്ന ബിജെപിയുടെ പതിവ് രീതി ഇത്തവണ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് നടപടി. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആപ്പുമായി അടക്കം സഖ്യമുണ്ടാക്കാൻ ശ്രമിക്കും.
ഹിമാചൽ പ്രദേശിലും കരുതലോടെ നീങ്ങാൻ എഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. ഫലം അനുകൂലമെങ്കിൽ എംഎൽഎമാരെ സംസ്ഥാനത്ത് നിന്ന് മാറ്റും. രാജസ്ഥാനിലേക്കോ ഛത്തീസ്‍ഗഢിലേക്കോ അല്ലെങ്കിൽ സംസ്ഥാനത്തെ തന്നെ ഏതെങ്കിലും റിസോർട്ടിലേക്കോ മാറ്റാനാണ് ആലോചന. വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ നിൽക്കരുതെന്നും നേതാക്കൾക്ക് നിർദേശമുണ്ട്
ഗുജറാത്തിൽ 182 സീറ്റുകളിലാണ് ഇന്ന് ജനവിധി അറിയാനിരിക്കുന്നത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും.
മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ ഭരണ വിരുധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാർട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും കണ്ടറിയേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.