റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഓഡിയോ സന്ദേശത്തിന് മറുപടിയുമായി സീറോ മലബാർ സഭ

റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഓഡിയോ സന്ദേശത്തിന് മറുപടിയുമായി സീറോ മലബാർ സഭ

കൊച്ചി : സുപ്രീം കോടതി  റിട്ടയർഡ്  ജസ്റ്റിസ് കുര്യൻ ജോസഫ്  എറണാകുളം- അങ്കമാലി  അതിരൂപതയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട്  കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ ശബ്ദ സന്ദേശത്തിന് മറുപടിയുമായി സീറോ മലബാർ സഭാ മീഡിയ കമ്മീഷൻ വിശദീകരണകുറിപ്പിറക്കി. ജസ്റ്റിസ് കുര്യൻ ജോസഫിനെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന കുറിപ്പിൽ അദ്ദേഹത്തിന്റെ സന്ദേശം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിച്ചതായി പറയുന്നുണ്ട്. ക്രൈസ്തവവും സഭാത്മകവുമല്ലാത്ത പ്രതിഷേധസമരമാർഗ്ഗങ്ങളിലൂടെ എതിർപ്പു തുടർന്നുകൊണ്ടിരിക്കുന്നതുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണമെന്ന് സഭ വ്യക്തമാക്കുന്നു. മീഡിയ കമ്മീഷൻ സെക്രട്ടറിയായ ഫാ.ആന്റണി വടക്കേകര വി. സി.യാണ് സീറോ മലബാർ സഭയ്ക്കായി വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.

വിശദീകരണകുറിപ്പിന്റെ പൂർണ്ണരൂപം

ആദരണീയനായ കുര്യൻ ജോസഫ് സാർ,
സീറോമലബാർസഭയുടെ സിനഡിന്റെ തീരുമാനമനുസരിച്ചു സഭയിലെ 35ൽ 34 രൂപതകളിലും ഇതിനകം നടപ്പാക്കിയ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു മുൻ സുപ്രീംകോടതി ജഡ്ജിയായ അങ്ങയുടെ ഒരു ഓഡിയോ സന്ദേശം നവസാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതു ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ പൊതുവേദികളിൽ അർഹിക്കുന്ന ആദരവോടെ എന്നും സ്ഥാനം ലഭിച്ചിട്ടുള്ള അങ്ങു നൽകിയ ആഹ്വാനം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിച്ചതിനാൽ ഏതാനും കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്.

1. സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഉൾപ്പെടെ സഭയിലെ ഏതു പിതാവിനെയും വ്യക്തിപരമായി കണ്ടു സംസാരിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും സ്വാതന്ത്ര്യവും സാഹചര്യവും ഉള്ള അങ്ങ് ഇത്തരത്തിൽ പിതാക്കന്മാരെ അഭിസംബോധന ചെയ്ത് വോയ്സ് മെസ്സേജ് പ്രചരിപ്പിച്ചത് ഉചിതമായില്ല എന്നു ആദ്യമേ പറയേണ്ടിയിരിക്കുന്നു.

2. ഏകീകൃത കുർബാന അർപ്പണരീതി നടപ്പിലാക്കുന്നതിൽ ഒരു സമവായം ഉണ്ടാകണമെന്ന് അങ്ങു പറഞ്ഞുവല്ലോ. ദശാബ്ദങ്ങളായി സഭയിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനു 1999ൽ അഭിവന്ദ്യ കർദിനാൾ വർക്കി വിതയത്തിൽ പിതാവിന്റെ നേതൃത്വത്തിൽ അഭിവന്ദ്യ പിതാക്കന്മാർ സമവായത്തിലെത്തിയതാണ്. ആ സമവായമാണു 2021 ആഗസ്റ്റ് മാസത്തിൽ സഭമുഴുവനിലും നടപ്പിലാക്കാൻ തീരുമാനിച്ചത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ നമ്മുടെ സഭയിലെ 34 രൂപതകളിലും ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലായി എന്നതും അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ.

3. എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡുതീരുമാനം അനുസരിച്ചുള്ള ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കാൻ ചിലർ എതിരുനില്ക്കുന്നതും, ക്രൈസ്തവവും സഭാത്മകവുമല്ലാത്ത പ്രതിഷേധസമരമാർഗ്ഗങ്ങളിലൂടെ എതിർപ്പു തുടർന്നുകൊണ്ടിരിക്കുന്നതുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണമെന്ന് ദീർഘകാലം ന്യായാധിപന്റെ കസേരയിൽ നിയമപാലനത്തിന്റെ കാവൽക്കാരനായിരുന്ന അങ്ങേയ്ക്കു മനസ്സിലാക്കാവുന്നതാണല്ലോ.

4. ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാൻ ബോധനത്തിന് ആവശ്യമുള്ള സമയം സഭാനിയമപ്രകാരമുള്ള ഡിസ്പെൻസേഷൻ ചോദിക്കുന്നതിലൂടെ ആവശ്യമുള്ള ഇടവകകൾക്കും സ്ഥാപനങ്ങൾക്കും ലഭിക്കുമെന്നിരിക്കേ, അത്തരം നിയമപരമായ മാർഗങ്ങൾ അവലംബിക്കാതെ, സിനഡുതീരുമാനം ഒരിക്കലും അനുസരിക്കില്ല എന്നു പരസ്യമായ പ്രഖ്യാപനം നടത്തുന്നവരുമായി സമവായത്തിൽ എത്താനുള്ള സാധ്യതകൾ എത്രമാത്രമുണ്ടെന്ന് മീഡിയയേഷൻ രംഗത്തു പ്രവർത്തിക്കുന്ന അങ്ങേക്കറിയാമല്ലോ.

5. ഇപ്പോൾ പ്രചരിക്കുന്ന വോയ്സ് മെസ്സേജിൽ അങ്ങു മാർപാപ്പയുടെ മനസ്സ് വ്യാഖ്യാനിക്കുന്നുണ്ട്. 2022 മാർച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു പ്രത്യേകമായി എഴുതിയ കത്ത് അങ്ങ് വായിച്ചുകാണുമല്ലോ. സിനഡു തീരുമാനത്തെക്കുറിച്ച് ആ കത്തിൽ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സഭയുടെ ഭിന്നങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചു പൂർണ അവബോധത്തോടെ, അവരവരുടെ ആരാധനാരീതികളിൽനിന്ന് ഒരു ചുവടു പിന്നോട്ട് വയ്ക്കാനും അങ്ങനെ കൂട്ടായ്മയുടെ അടയാളം പ്രകടമാക്കാനും കൂടുതൽ മഹത്തരമായ സ്നേഹത്തിനും സാക്ഷ്യത്തിനുംവേണ്ടി ഇതിൽ ഉൾപ്പെട്ട എല്ലാവരും അവരുടെ സ്വന്തമായ ചില പ്രത്യേകതകൾ ത്യാഗംചെയ്യാനും നിർദ്ദേശിക്കപ്പെട്ടിരുന്നു. വിശുദ്ധ കുർബാന നടപ്പിലാക്കാൻ തിരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ല എന്നത് ഖേദകരമാണ്... വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടു വയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്നു ഞാൻ തിരിച്ചറിയുന്നു.” പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയിൽ തിരസ്കരിക്കപ്പെട്ടത് അങ്ങ് അംഗീകരിക്കുമോ?

6. സിനഡിനോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തോടും പരിശുദ്ധ മാർപാപ്പയുടെ ആഹ്വാനത്തോടും നിഷേധാത്മക സമീപനം തുടരുകയും നമ്മുടെ സഭയിൽ നാളിതുവരെ കേട്ടുകേൾവിപോലും ഇല്ലാതിരുന്ന അച്ചടക്കലംഘനങ്ങൾ നടക്കുകയുംചെയ്ത സാഹചര്യത്തിലാണ് അതിരൂപതയിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിതനായത് എന്നത് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ.

7. അഭിവന്ദ്യ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തു പിതാവ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ 2022 ജൂലൈ 30ന് ഉത്തരവാദിത്വം ഏറ്റെടുത്തതിനുശേഷം അതിരൂപതയിലെ ചില വൈദികരും ആളുകളും ചേർന്നു പിതാവിനെ ഭീഷണിപ്പെടുത്തുന്നതിന്റെയും മാന്യതയുടെ സകല അതിർവരമ്പുകളും ലംഘിച്ചുകൊണ്ടു സംസാരിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ അങ്ങു കണ്ടു കാണുമല്ലോ. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ സിനഡുതീരുമാനം അതിരൂപതയിൽ നടപ്പിലാക്കാൻ ശ്രമിച്ചതാണോ പിതാവിൽ ആരോപിക്കപ്പെടുന്ന ഗുരുതരമായ കുറ്റം? ഇത് ഏതു വിധത്തിലാണ് ന്യായീകരിക്കപ്പെടുന്നത്?

8. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഉത്തരവാദിത്വമേറ്റെടുത്ത് ഏകദേശം നാലു മാസങ്ങൾക്കുശേഷമാണ് തന്റെ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചത്. അതുവരെ കാത്തിരുന്ന പിതാവിന്റെ അജപാലനപരമായ വിവേകത്തെ അങ്ങേയ്ക്ക് എങ്ങനെയാണ് മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നത്? അന്ന് കത്തീഡ്രൽ പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടപ്പോൾ അഭിവന്ദ്യ താഴത്ത് പിതാവു സംയമനത്തോടെ തിരികെപോയതും ആർക്കാണ് അവഗണിക്കാൻ സാധിക്കുക.

9. സാമാന്യമര്യാദകളും വ്യവസ്ഥാപിത പെരുമാറ്റച്ചട്ടങ്ങളും നിരന്തരം ലംഘിക്കപ്പെടുകയും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിനു നിയമപാലനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ പോലീസിന്റെ സഹായം തേടിയതിന്റെ പിന്നിലെ നിർബന്ധിതസാഹചര്യം മനസ്സിലാക്കാൻ അങ്ങേക്ക് സാധിക്കുമെന്നു കരുതുന്നു.

10. അനേകം വർഷങ്ങൾ നീതിപീഠത്തിന്റെ നിഷ്പക്ഷതയുടെ കാവൽക്കാരനായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട അങ്ങ് അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചു പക്ഷപാതപരമായാണ് സംസാരിച്ചത്. അത്യന്തം അപലപനീയമായ വാക്കുകൾ ഉപയോഗിച്ചു സഭയുടെ തലവനെ നിരന്തരം ആക്ഷേപിച്ചപ്പോൾ, സഭാതലവന്റെയും പൗരസ്ത്യ തിരുസംഘാധ്യക്ഷന്റെയും കോലം കത്തിച്ചപ്പോൾ, സിനഡുപിതാക്കന്മാരെ അവഹേളിച്ചപ്പോൾ, സിനഡിനെ അനുസരിക്കില്ലായെന്നു ദൈവാലയങ്ങളിൽ കുഞ്ഞുങ്ങളെക്കൊണ്ടുപോലും പ്രതിജ്ഞയെടുപ്പിച്ചപ്പോൾ, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരെ ക്രൂരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും സംഘങ്ങളായിച്ചെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, അതിരൂപതയുടെ ആസ്ഥാനം ആസൂത്രിത സമരവേദിയായി തുടരുമ്പോൾ അതിരൂപതാംഗമായ അങ്ങയുടെ നിശബ്ദത മനഃപ്പൂർവമായിരുന്നു എന്ന് സംശയിക്കേണ്ടതായിവരുന്നു.

അതേസമയം, സിനഡുതീരുമാനം അംഗീകരിച്ചുകൊണ്ടും പരിശുദ്ധ പിതാവിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ടും ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി അതിരൂപതയുടെ പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും എന്നതിനെക്കുറിച്ചു സംവദിക്കാനും ഇക്കാര്യത്തിൽ ഒരു സമവായം രൂപീകരിക്കാനും അങ്ങു മുൻപോട്ടുവയ്ക്കുന്ന എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ സഭമുഴുവൻ സ്വാഗതം ചെയ്യുമെന്നുറപ്പാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.