ഡിസംബര്‍ എട്ട് പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍

ഡിസംബര്‍ എട്ട് പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍

ഡിസംബര്‍ എട്ട് അമലോത്ഭവ തിരുനാള്‍. പരിശുദ്ധ കന്യാമറിയം അമലോത്ഭവയാണെന്ന വിശ്വാസത്തെ 1854ല്‍ ഒന്‍പതാം പീയുസ് മാര്‍പാപ്പ വിശ്വാസ സത്യാമായി പ്രഖ്യാപിക്കുകയുണ്ടായി. അതിന് മുമ്പും ഈ വിശ്വാസം നിലനിന്നിരുന്നു. കാരണം രക്ഷകന്‍ ഈ ഭൂമിയിലേയ്ക്ക് പിറക്കുവാന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്ത സ്ത്രീയാണ് പരിശുദ്ധ കന്യാമറിയം. അതിനാല്‍ പാപരഹിതയായ സ്ത്രീ തന്നെയാണ് രക്ഷന്റെ അമ്മയായി ഭൂമിയില്‍ ഉണ്ടാവുക എന്നതില്‍ സംശയമില്ല. കാരണം സ്വര്‍ഗത്തിന്റെ ദൂതന്‍ നല്‍കിയ സന്ദേശവും കൃപ നിറഞ്ഞവളെ സ്വസ്തി എന്നു തന്നെയാണ്.

മനുഷ്യ രക്ഷകന്റെ ജനനത്തിന് ഏറ്റവും പരിശുദ്ധയായ ഒരു സ്ത്രീയെയാണ് സ്വര്‍ഗം തിരഞ്ഞെടുത്തത് എന്നതില്‍ സംശയമില്ല. പരിശുദ്ധാരുപിയുടെ വീണ എന്നറിയപ്പെടുന്ന മാര്‍ എഫ്രേമിന്റെ വാക്കുകളില്‍ നിന്റെ മാതാവില്‍ ഒരു കളങ്കവും ഇല്ല എന്ന വാക്യം ഇപ്പോഴും ശ്രദ്ധേയമാണ്.

1846 ല്‍ ഗ്രിഗറി മാര്‍പാപ്പ ജപമാലയില്‍ അമലോത്ഭവ രാജ്ഞിയുടെ വാക്കുകള്‍ കൂട്ടി ചേര്‍ക്കുകയുണ്ടായി. അതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൂര്‍ദില്‍ ഇടയ ബാലികയായ ബര്‍ണദീത്തായ്ക്ക് മാതാവ് പ്രത്യക്ഷപ്പെടുകയുണ്ടായി. ആ അനുഭവം ഇങ്ങനെ-

1858 ഫെബ്രുവരി 11 വ്യാഴാഴ്ച, ഫ്രാന്‍സിലെ ലൂര്‍ദ്ദു ഗ്രാമത്തിലെ, ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അക്ഷരാഭ്യാസമില്ലാത്ത പതിനാലു വയസുകാരി ബെര്‍ണദീത്തായും അനുജത്തി ട്വാനെത്തും ഒരു കൂട്ടുകാരിയും കൂടി വിറകു ശേഖരിക്കുന്നതിനായി മസബിയേന്‍ എന്ന വനത്തിലേക്കു പോയി. മാര്‍ഗ മധ്യേയുണ്ടായിരുന്ന ഒരു കൊച്ചരുവി കടക്കുന്നതിനു രോഗിയായ ബെര്‍ണദീത്തയ്ക്കു സാധ്യമല്ലാതിരുന്നതിനാല്‍ ഇക്കരെത്തന്നെ നിന്നു. അപ്പോള്‍ ഒരു കാറ്റുവീശി. അടുത്തുള്ള ഗ്രോട്ടോയിലേക്ക് ചില വൃക്ഷങ്ങളുടെ ശാഖകള്‍ അവളെ മാടിവിളിക്കുന്നതുപ്പോലെ തോന്നി. കണ്ണഞ്ചിക്കുന്ന വെള്ള വസ്ത്രവും നീലനിറത്തിലുള്ള അരക്കെട്ടും തത്തുല്യമായ ഒരു ശിരോവസ്ത്രവും ധരിച്ച്, ഒരു സ്വര്‍ണ ജപമാല കൈയിലേന്തി, ഒരു യുവതി ആ ഗ്രോട്ടോയില്‍ നില്‍ക്കുന്നതു കണ്ടു.

സ്വര്‍ണ ദീപ്തിയോടുകൂടിയൊരു പ്രകാശം ആ യുവതിയുടെ പാദത്തിന്റെ താഴെയുണ്ടായിരുന്നു. ബെര്‍ണദീത്തയും ആ യുവതിയുമൊരുമിച്ചു ജപമാല ചൊല്ലി. ത്രിത്വസ്തുതി മാത്രമേ ആ യുവതി ചൊല്ലിയിരുന്നുള്ളൂ. ജപമാലയുടെ അന്ത്യത്തില്‍ പുഞ്ചിരിച്ചു കൊണ്ട് അല്‍പമൊന്നു കുനിഞ്ഞു അവള്‍ തിരോധാനം ചെയ്തു.

പതിനൊന്നു തവണ ഇത്തരത്തില്‍ മാതാവു പ്രത്യക്ഷപ്പെട്ടു.

ഒമ്പതാമത്ത ദര്‍ശനത്തില്‍ ഫെബ്രുവരി 25ന് ആ യുവതി പറഞ്ഞു 'നീ ആ ഉറവയില്‍ നിന്നും കുടിക്കുക, ദേഹം കഴുകുക, അവിടെ കാണുന്ന സസ്യങ്ങള്‍ ഭക്ഷിക്കുക'. അവിടെ ഇവയൊന്നും കാണാതിരുന്നതിനാല്‍ അവള്‍ അടുത്തുള്ള ഗേവു നദിയുടെ അടുത്തേക്കു പോയി. ഉടനെ ആ സ്ത്രീ അവളെ വിളിച്ചു സ്ഥലം ചൂണ്ടികാണിച്ചു. ബെര്‍ണദീത്ത ആ സ്ഥലത്ത് ഇളക്കി നോക്കി. ഉടന്‍ അവിടെ നിന്നൊരുറവ പുറപ്പെട്ടു. ആ സ്ത്രീ പറഞ്ഞതു പോലെ അവള്‍ ചെയ്തു. നാലു ദിവസങ്ങള്‍ക്കു ശേഷം ളൂയിബൂറിയറ്റ് എന്ന അന്ധനായ കല്ലുവെട്ടുകാരന്‍ ആ ഉറവയില്‍ മുഖം കഴുകാനെത്തുകയും ഉറവയിലെ ജലം കണ്ണില്‍ തളിച്ചപ്പോള്‍ അദ്ദേഹത്തിനു കാഴ്ച ലഭിക്കുകയും ചെയ്തു.

ദിനംപ്രതി ആ ഉറവയില്‍ നിന്നും 2,000 ഗ്യാലന്‍ വെള്ളം വന്നുകൊണ്ടിരുന്നു. 1858 മാര്‍ച്ച് 25നു മംഗലവാര്‍ത്താ തിരുന്നാള്‍ ദിവസം ബെര്‍ണദീത്തയ്ക്കു കാണപ്പെട്ടുകൊണ്ടിരുന്ന യുവതി 'അമലോത്ഭവ' എന്നാണു തന്റെ പേരെന്നു വെളിപ്പെടുത്തി. ജൂലൈ 16നായിരുന്നു അവസാന ദര്‍ശനം.

അമലോത്ഭവ സത്യം എന്നത് പെട്ടെന്നുണ്ടായ ഒരു വിശ്വാസമല്ല. ആദിമ നൂറ്റാണ്ട് തുടങ്ങി പരിശുദ്ധ കന്യാമറിയത്തിന്റ കളങ്കരഹിതമായ ജനനവും പാപരഹിതമായ ജീവിതവുമെല്ലാം ശ്രദ്ധേയവുമാണ്, ക്രസ്ത്യാനികളുടെ വിശ്വാസവുമാണ്.

അതിന് കാരണം ഉല്‍പ്പത്തി 3:15 ലെ ഒരു വചനം തന്നെയാണ്. പിശാച് പാപത്തിലൂടെ മനുഷ്യനെ ദൈവത്തില്‍ നിന്ന് അകറ്റിയപ്പോള്‍ രക്ഷ വാഗ്ദാനം ചെയ്യുന്ന വാക്ക് തന്നെ സ്ത്രീയാണ്. സര്‍പ്പത്തോട് ദൈവം പറയുകയാണ്, നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും സ്ത്രീയുടെ സന്തതി നിന്റെ തല തകര്‍ക്കും. അപ്പോള്‍ പാപത്തിന്റെ തല തകര്‍ക്കാന്‍ അല്ലെങ്കില്‍ പിശാചിന്റെ തല തകര്‍ക്കാന്‍ ജനിക്കേണ്ടിയിരിക്കുന്ന സ്ത്രീയുടെ സന്തതി എന്ന് പറയുന്നത് രക്ഷകനായ ക്രിസ്തു. അതിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട സ്ത്രീ എല്ലായിപ്പോഴും പാപത്തിന് അധീനയായിരിക്കുമെന്നതില്‍ സംശയമില്ല.

ഇക്കാര്യത്തില്‍ വചനത്തില്‍ വേറെ തെളിവുകളും ഉണ്ട്. ജെറമിയ 1:5 ല്‍ ഉണ്ട്. മാതാവിന്റെ ഉദരത്തില്‍ ഉരുവാകും മുന്‍പെ നിന്നെ ഞാന്‍ വിശദീകരിച്ചു. ദൈവം ഒരു കാര്യത്തിനു വേണ്ടി എടുത്ത് ഒരാളെ ഉപയോഗിക്കുമ്പോള്‍ അമ്മയുടെ ഉദരത്തില്‍ ജനിക്കുന്ന സമയം തുടങ്ങി ആ വ്യക്തിയെ അതിനുവേണ്ടി ദൈവം വിശുദ്ധീകരിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ചരിത്രം തന്നെയായ സ്ത്രീയായി മാറുന്നു വിശുദ്ധ കന്യാമറിയവും. ആ പരിശുദ്ധ കന്യാമറിയം ഒരിക്കലും പാപത്തിന് അടിമയാകില്ല എന്നതും സത്യം തന്നെയാണ്. അതുപോലെ ലൂക്കായുടെ സുവിശേഷത്തില്‍ 1:29 ല്‍ പറയുന്നത്: -

'ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ഈ വചനംകേട്ട് അവള്‍ വളരെ അസ്വസ്ഥയായി. എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ത്ഥം എന്നവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല. മറിയം പറഞ്ഞു: ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.'

തിരുപിറവിക്കു വേണ്ടി ഒരുങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് മാതാവിന്റെ ഈ അമലോത്ഭ തിരുനാളിനെ സഭ ആഘോഷിക്കുന്നുണ്ടെങ്കില്‍ പരിശുദ്ധ കന്യമറിയത്തിന്റെ തിരുസഭയിലുള്ള വലിയ സ്ഥാനത്തെയും ബഹുമാനത്തെയും സൂചിപ്പിക്കാന്‍ തന്നെയാണ്. രക്ഷകന്റെ വരവിനു വേണ്ടി കാത്തിരിക്കുമ്പോള്‍ മാതാവിനെ മറന്ന് ഉള്ള ഒരു വിശ്വാസമല്ല കത്തോലിക്ക വിശ്വാസ സഭയില്‍ ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.