കാപട്യം ഏറ്റവും വലിയ അപകടം; മുഖംമൂടികള്‍ അഴിച്ചുമാറ്റി യേശുവിനൊപ്പം പുതുതായി ആരംഭിക്കാം: മാര്‍പ്പാപ്പ

കാപട്യം ഏറ്റവും വലിയ അപകടം; മുഖംമൂടികള്‍ അഴിച്ചുമാറ്റി യേശുവിനൊപ്പം പുതുതായി ആരംഭിക്കാം: മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ ബലഹീനതകളും പരാജയങ്ങളും തിരിച്ചറിയുന്നതിനും കര്‍ത്താവിനോട് ക്ഷമ ചോദിക്കുന്നതിനും ജീവിതത്തില്‍ താഴ്മ അത്യന്താപേക്ഷിതമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യേശുവിനൊപ്പം എല്ലായ്‌പ്പോഴും പുതുതായി ആരംഭിക്കാനും ദൈവത്തിലേക്ക് മടങ്ങാനും അവിടുത്തെ അതിരുകളില്ലാത്ത സ്‌നേഹത്തെ സ്വാഗതം ചെയ്യാനും നമുക്ക് സാധിക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

നോമ്പുകാലത്തിലെ രണ്ടാം ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ തീര്‍ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്.

ദിവ്യബലി മധ്യേ വായിച്ച മത്തായിയുടെ സുവിശേഷം മൂന്നാം അദ്ധ്യായം ഒന്നു മുതല്‍ 12 വരെയുള്ള വാക്യങ്ങളാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. യേശുവിന്റെ ആഗമനത്തെക്കുറിച്ച് സൂചിപ്പിക്കുകയും മാനസാന്തരത്തിന് ആഹ്വാനം ചെയ്തുകൊണ്ടും യൂദയായിലെ മരുഭൂമിയില്‍ പ്രസംഗിക്കുന്ന സ്‌നാപകയോഹന്നാനെ അവതരിപ്പിക്കുന്ന ഭാഗം ആയിരുന്നു അത്.

'മാനസാന്തരപ്പെടുവിന്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു!' എല്ലാവരെയും മാനസാന്തരത്തിലേക്ക് ക്ഷണിക്കുന്നതില്‍ സ്‌നാപക യോഹന്നാന്റെ പങ്കിനെക്കുറിച്ച് സുവിശേഷത്തില്‍ വിവരിക്കുന്ന ഭാഗം മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

കാര്‍ക്കശ്യക്കാരനും കഠിന ചിന്താഗതിക്കാരനുമായ വിശ്വാസിയായിരുന്നു സ്‌നാപകയോഹന്നാന്‍. അദ്ദേഹം ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു ഭക്ഷണം. ഇങ്ങനെയാണ് സുവിശേഷത്തില്‍ യോഹന്നാനെ വിശേഷിപ്പിക്കുന്നത്.

ഒറ്റനോട്ടത്തില്‍ അല്‍പ്പം പരുക്കനും ഭയം ജനിപ്പിക്കുകയും ചെയ്യുന്ന കാര്‍ക്കശ്യസ്വഭാവമുള്ള വ്യക്തിയാണെന്ന് നമുക്ക് തോന്നിയേക്കാം. എന്നിട്ടും നോമ്പുകാലത്ത് അദ്ദേഹം നമ്മുടെ പ്രധാന സഹയാത്രികനാകുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിച്ചേക്കാം.

വാസ്തവത്തില്‍, സ്‌നാപക യോഹന്നാന്‍, ഒരു കഠിന മനുഷ്യന്‍ എന്നതിനേക്കാള്‍, ഇരട്ടത്താപ്പിനോട് പൊരുത്തപ്പെടാത്ത ഒരു മനുഷ്യനാണ്. കാപട്യത്തിന് പേരുകേട്ട പരീശന്മാരും സദൂക്യരും അവനെ സമീപിക്കുമ്പോള്‍, സ്‌നാപക യോഹന്നാന്റെ വിയോജിപ്പിന്റെ പ്രതികരണം വളരെ ശക്തമായിരുന്നു.

ഇരട്ടത്താപ്പിനും ധാര്‍ഷ്ട്യത്തിനുമിടയില്‍, അവര്‍ കൃപയുടെ അവസരത്തെയും ഒരു പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരത്തെയും വിനിയോഗിച്ചില്ല. അതിനാല്‍ യോഹന്നാന്‍ അവരോട് പറയുന്നു: 'മാനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍!' (മത്തായി 3:8). സ്വപുത്രന്‍ നശിക്കുന്നതു കണ്ട് 'നിന്റെ ജീവിതം വലിച്ചെറിയരുത്' എന്ന് അവനോടു പറയുന്ന പിതാവിന്റേതു പോലുള്ള സ്‌നേഹത്തിന്റെ രോദനമാണത്.

കാപട്യം ഏറ്റവും വലിയ അപകടമാണ് - പാപ്പ തുടര്‍ന്നു. കാരണം അത് ഏറ്റവും പവിത്രമായ യാഥാര്‍ത്ഥ്യങ്ങളെ പോലും നശിപ്പിക്കും. ഇക്കാരണത്താല്‍ യോഹന്നാന്‍ സ്‌നാപകനും യേശു ചെയ്യുന്നതു പോലെ - കപടവിശ്വാസികളോട് കാര്‍ക്കശ്യം കാട്ടുന്നു. അതിനാല്‍, ദൈവത്തെ സ്വാഗതം ചെയ്യാന്‍ ധൈര്യമല്ല പ്രധാനം, വിനയമാണ്. അതിന് പീഠത്തില്‍ നിന്ന് ഇറങ്ങുകയും അനുതാപത്തിന്റെ വെള്ളത്തില്‍ മുങ്ങുകയും വേണം.

'ഒരുപക്ഷേ, നാം മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരാണെന്നും നമ്മുടെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ നമുക്കുണ്ടെന്നും ദൈവത്തെയും സഭയെയും നമ്മുടെ സഹോദരങ്ങളെയും ആവശ്യമില്ലെന്നും കരുതി അവരെ നിന്ദിച്ചേക്കാം. നോമ്പുകാലം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയാനും മുഖംമൂടികള്‍ അഴിച്ചുമാറ്റി എളിയവരുമായി ഒത്തുചേരാനുള്ള കൃപയുടെയും സമയമാണ്. ഒരു കാര്യം എപ്പോഴും ഓര്‍ക്കാം, യേശുവിനൊപ്പം, പുതുതായി ആരംഭിക്കാനുള്ള സാധ്യത എപ്പോഴുമുണ്ട് - ഫ്രാന്‍സിസ് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്‌നില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ചും പതിനായിരങ്ങളെ അഭയരഹിതരാക്കിയും തുടരുന്ന യുദ്ധം അവസാനിക്കാനും സമാധാനം പുലരാനും പരിശുദ്ധ അമ്മയെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് മാര്‍പ്പാപ്പ സന്ദേശം ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.