ഒരു വർഷം ആയുധങ്ങൾക്കായി ചെലവഴിക്കുന്ന പണം കൊണ്ട് ലോകത്തിലെ പട്ടിണി ഇല്ലാതാക്കാനാകുമെന്ന് ഫ്രാൻസിസ് മാർപാപ്പ

ഒരു വർഷം ആയുധങ്ങൾക്കായി ചെലവഴിക്കുന്ന പണം കൊണ്ട് ലോകത്തിലെ പട്ടിണി ഇല്ലാതാക്കാനാകുമെന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ആയുധവ്യവസായത്തിനെതിരായ തന്റെ നിലപാടവർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ. ലാറ്റിനമേരിക്കൻ റബ്ബിനിക്കൽ സെമിനാരിയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പ ഉക്രെയ്നിലെ യുദ്ധത്തെയും മനുഷ്യരാശിയെ മുറിവേൽപ്പിക്കുന്ന മറ്റ് യുദ്ധങ്ങളെയും തുടർന്ന് തനിക്ക് അനുഭവപ്പെടുന്ന ഹൃദയഭാരത്തെക്കുറിച്ച് സംസാരിക്കുകയും ആയുധ മൽസരത്തെയും ആയുധ പരീക്ഷണത്തെയും അപലപിക്കുകയും ചെയ്തു.

ഒരു വർഷത്തേക്ക് ആയുധങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിൽ, ലോകത്തിലെ പട്ടിണി അവസാനിക്കുമെന്ന വസ്തുത ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാണിച്ചു. ആയുധ നിർമ്മാണം ഏറ്റവും വലിയ വ്യവസായമാണെന്നും യുദ്ധത്തെ തുടർന്ന് മരിക്കുന്ന ആളുകളുടെ ചെലവിൽ ഉക്രെയ്നിൽ പുതിയ ആയുധങ്ങൾ പരീക്ഷിക്കുകയാണെന്ന് പാപ്പ ഓർമ്മിക്കുകയും ചെയ്തു.

അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് ആസ്ഥാനമായുള്ള "സെമിനാരിയോ റാബിനിക്കോ ലാറ്റിനോ അമേരിക്കാനോ" യിൽ നിന്നുള്ള പ്രതിനിധി സംഘത്തെ ഡിസംബർ രണ്ടാം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പാ വത്തിക്കാനിൽ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയിൽ ഉക്രെയ്ൻ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് മാർപാപ്പ എടുത്തുപറഞ്ഞു. സഹോദരങ്ങൾ തമ്മിൽ നടത്തുന്ന ഈ യുദ്ധം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ഒരേ നൂറ്റാണ്ടിൽ മൂന്ന് യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് ഹതഭാഗ്യമാണെന്നും ചൂണ്ടിക്കാട്ടി.

യുദ്ധങ്ങൾ തുടരുന്നു, സാമ്രാജ്യങ്ങൾ ദുർബലമാകുമ്പോൾ ആളുകളെ കൊല്ലുന്നതും ആയുധങ്ങൾ ഉപയോഗിക്കുന്നതും അവരെ ശക്തരാക്കുന്നുവെന്ന് രാജ്യങ്ങൾ കരുതുന്നു. പുതിയ ആയുധങ്ങൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയാണ് ആയുധ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ യുദ്ധങ്ങൾക്കുവേണ്ടി നിർമ്മിച്ച ആയുധങ്ങൾ നാം വേണ്ടായെന്ന് വച്ചിരുന്നുവെങ്കിൽ ലോകത്തിൽനിന്നും പട്ടിണിയെന്ന വിപത്തിനെ ദൂരെയകറ്റാമായിരുന്നു. ബലവനാണെന്നു കാട്ടുവാൻ ബലഹീനരായവരെ കൊന്നൊടുക്കുന്നതും, ഉണ്ടാക്കിയ ആയുധങ്ങൾ വിൽക്കുന്നതിനായി യുദ്ധങ്ങൾ സൃഷ്ടിക്കുന്നതും ആശങ്കാജനകമാണെന്നും മാർപ്പാപ്പ പറഞ്ഞു.

ഉക്രെയ്നിന് മുകളിൽ വട്ടമിട്ടുപറക്കുന്ന ഡ്രോണുകളും, മരിച്ചുവീഴുന്നവന്റെ ചിലവിൽ പുതിയ ആയുധപരീക്ഷണം നടത്തുന്നതും തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നുവെന്നും പാപ്പ എടുത്തുപറഞ്ഞു.

അതോടൊപ്പം ക്രൂരതയുടെ സംസ്കാരത്തെ എതിർത്തുകൊണ്ട് ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിൽ ആഴപ്പെടാനും "സൗമ്യതയുടെ സംസ്കാരം" പ്രോത്സാഹിപ്പിക്കാനും ജെറമിയ പ്രവാചകൻ കാണിച്ച മാതൃക സ്വീകരിക്കാനും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.

'ഈ മാർപ്പാപ്പ ദൈവത്തെക്കുറിച്ച് സംസാരിക്കുന്നതിനുപകരം, സാമൂഹിക കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്,' സാമൂഹിക നീതിയിൽ ഇടയ്ക്കിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പേരിൽ ചിലപ്പോഴൊക്കെ താൻ വിമർശിക്കപ്പെടുന്നത് ഇങ്ങനെയാണെന്ന് മാർപാപ്പ പറഞ്ഞു. എന്നാൽ ബൈബിളിൽ ഉടനീളം നീതിയും വിശ്വാസവും ഒരുമിച്ചാണ് പോകുന്നതെന്ന് വ്യക്തമാക്കിയ പാപ്പ ആരാധനയും സേവനവും, അല്ലെങ്കിൽ ആരാധനയും ഐക്യദാർഢ്യവും ഒന്നിച്ചു പോകേണ്ടതാണെന്നും കൂട്ടിച്ചേർത്തു.

“ഒരാളെ സഹായിക്കുകയും എന്നാൽ ദൈവത്തെ ആരാധിക്കാതിരിക്കുകയും ചെയ്യുന്നവൻ നല്ല നിരീശ്വരവാദിയാണ്, അതിൽ കൂടുതലൊന്നുമില്ല. എന്നാൽ ദൈവത്തെ ആരാധിക്കുകയും സഹോദരനെ സഹായിക്കാതിരിക്കുകയും ചെയ്യുന്നവൻ ദുഷ്ടനും നുണയനുമാണ്" എന്നും ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചു.

അതിനാൽ, നമ്മുടെ വിശ്വാസം നല്ല പ്രവൃത്തികളിലേക്ക് നയിക്കുന്നതിനും നമ്മുടെ പ്രവൃത്തികൾ നമ്മെ വിശ്വാസത്തിലേക്ക് നയിക്കുന്നതിനും നാം പരിശ്രമിക്കണമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ...

https://cnewslive.com/author/38269/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.