ടാസ്മാനിയയില്‍ അതിമനോഹരമായി നവീകരിച്ച സെന്റ് മേരീസ് കത്തീഡ്രല്‍ ആശീര്‍വദിച്ചു

ടാസ്മാനിയയില്‍ അതിമനോഹരമായി നവീകരിച്ച സെന്റ് മേരീസ് കത്തീഡ്രല്‍ ആശീര്‍വദിച്ചു

ഹൊബാര്‍ട്ട്: അഞ്ച് മാസത്തോളം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹൊബാര്‍ട്ടിലെ സെന്റ് മേരീസ് കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നുകൊടുത്തു. അമലോത്ഭവത്തിരുനാള്‍ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് പ്രത്യേക കുര്‍ബാനയോടെ പുതിയ അള്‍ത്താരയുടെ സമര്‍പ്പണവും കത്തീഡ്രല്‍ ആശീര്‍വാദവും നടത്തിയത്. ഓസ്‌ട്രേലിയയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ടാസ്മാനിയയുടെ തലസ്ഥാനമാണ് ഹൊബാര്‍ട്ട്.

'ടാസ്മാനിയയിലെ ജനങ്ങളുടെ മേല്‍ രക്ഷയുടെ കൃപ പ്രവഹിക്കുന്ന സ്ഥലമാകട്ടെ ഈ കത്തീഡ്രലെന്ന് ഹൊബാര്‍ട്ട് ആര്‍ച്ച് ബിഷപ്പ് ജൂലിയന്‍ പോര്‍ട്ടിയസ് പ്രാര്‍ത്ഥിച്ചു.

ആര്‍ച്ച് ബിഷപ്പിനൊപ്പം ഓസ്ട്രേലിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ, ഹോബാര്‍ട്ട് ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് അഡ്രിയാന്‍ ഡോയല്‍, കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ലിയോനാര്‍ഡ് കാല്‍ഡെറ, ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ഹാക്കറ്റ് എം.എസ്.സി. എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. ടാസ്മാനിയയുടെ ഗവര്‍ണര്‍ ബാര്‍ബറ ബേക്കര്‍ ചടങ്ങില്‍ പങ്കെടുത്തു.

ക്രൈസ്തവര്‍ എപ്പോഴും തങ്ങളുടെ പള്ളികള്‍ മനോഹരമാക്കാന്‍ മികച്ച കരകൗശല വിദഗ്ധരെയും കലാകാരന്മാരെയും തേടിയിട്ടുണ്ട്. സെന്റ് മേരീസ് കത്തീഡ്രലിന്റെ അതിമനോഹരമായ നവീകരണത്തില്‍ സംഭാവന നല്‍കിയ വിദഗ്ധരായ കരകൗശല വിദഗ്ധരോടും കലാകാരന്മാരോടും താന്‍ കടപ്പെട്ടിരിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ജൂലിയന്‍ പോര്‍ട്ടിയസ് പറഞ്ഞു.

മൗണ്ട് വൈറ്റ് സാന്‍ഡ്സ്റ്റോണില്‍ നിര്‍മ്മിച്ച പുതിയ അള്‍ത്താര ആര്‍ച്ച് ബിഷപ്പിന്റെ മരണപ്പെട്ട സഹോദരന്‍ റിച്ചാര്‍ഡിന്റെ സ്മരണയ്ക്കായി പോര്‍ട്ടിയസ് കുടുംബം നല്‍കിയ സമ്മാനമാണ്.

അന്തരിച്ച മേരി ഹച്ചിന്‍സന്റെ സ്മരണയ്ക്കായി ഹച്ചിന്‍സണ്‍ കുടുംബം സംഭാവന ചെയ്ത സെന്റ് തെരേസ് ഓഫ് ലിസിയൂസിന്റെ തിരുശേഷിപ്പിന്റെ ഭാഗം അള്‍ത്താരയില്‍ സ്ഥാപിച്ചു.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂലൈ ആദ്യമാണ് സെന്റ് മേരീസ് കത്തീഡ്രല്‍ അടച്ചത്. കത്തീഡ്രലിന്റെ ഉള്‍വശം മുഴുവന്‍ വീണ്ടും പെയിന്റ് ചെയ്യുകയും വിനൈല്‍ ഫ്‌ളോറിംഗ് ആയിരുന്നത് ടെറാസോ ടൈലുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തു. സെന്റ് ജോസഫ് ചാപ്പലും നവീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26