'നേതാക്കളുടെ അമ്മാവന്‍ സിന്‍ഡ്രോം മാറണം'; ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രമേയം

'നേതാക്കളുടെ അമ്മാവന്‍ സിന്‍ഡ്രോം മാറണം'; ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രമേയം

കണ്ണൂര്‍: ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താന്‍ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. പൊതു ശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റി നിര്‍ത്തപ്പെടുന്നു.

തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും. നേതാക്കളുടെ 'അമ്മാവന്‍ സിന്‍ഡ്രോം' മാറണമെന്നും പ്രമേയത്തില്‍ പറയുന്നു. മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നല്‍കിയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്.

ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ ശശി തരൂര്‍ കേരളത്തിന്റ വടക്കന്‍ ജില്ലകളില്‍ പര്യടനം ആരംഭിച്ചതാണ് സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചത്. സാമൂഹിക സാംസ്‌ക്കാരിക പ്രമുഖരെയും മത നേതാക്കളെയും സന്ദര്‍ശിച്ചും പൊതു പരിപാടികളില്‍ പങ്കെടുത്തും നടത്തിയ പര്യടനത്തിനെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും മുന്‍കൂട്ടി അറിയിക്കാതെയാണ് തരൂര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതെന്നുമായിരുന്നു നേതാക്കളുടെ വിമര്‍ശനം.

ഇതോടെ ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ നടത്തിപ്പില്‍ നിന്നും കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് പിന്‍മാറി. എന്നാല്‍ ഒരു വിഭാഗം തരൂരിന് പിന്തുണ നല്‍കിയതോടെ തമ്മിലടിയില്‍ പൊതുമധ്യത്തില്‍ കോണ്‍ഗ്രസിന് മറുപടി നല്‍കേണ്ടി വന്നു. തരൂരുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ മുസ്ലിം ലീഗും രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തല്‍ക്കാലം പരിഹാരമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.