സിഡ്‌നി: ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ തലവനായി ന്യൂ സൗത്ത് വെയില്‍സ് മുന്‍ പ്രീമിയര്‍ മൈക്ക് ബെയര്‍ഡ് നിയമിതനായി. ലാച്‌ലാന്‍ ഹെന്‍ഡേഴ്‌സണ്‍ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് മൈക്ക് ബെയര്‍ഡ് ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. അതേസമയം സംഘടനയുടെ ഡയറക്ടര്‍ പദവിയില്‍ ലാച്‌ലാന്‍ ഹെന്‍ഡേഴ്‌സണ്‍ തുടരും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ
ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ ചുമതലയേല്‍ക്കുന്ന നാലാമത്തെ ചെയര്‍മാനാണ് ബെയര്‍ഡ്.
'നമ്മുടെ ദേശീയ കായികവിനോദത്തെ വളര്‍ത്താനും അതിനെ മുന്നോട്ട് കൊണ്ടുപോകാനുമായി വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ സമയത്ത് ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ ഇത്തരമൊരു സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്ന് മൈക്ക് ബെയര്‍ഡ് പറഞ്ഞു.
ലിബറല്‍ പാര്‍ട്ടി നേതാവായിരുന്ന ബെയര്‍ഡ് 2014-2017 കാലയളവിലാണ് ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിന്റെ പ്രീമിയറായിരുന്നത്. മികച്ച രാഷ്ട്രീയ ബന്ധമുള്ള ബെയര്‍ഡ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൊഫൈലുള്ള ചെയര്‍മാനാണ്.
സമീപകാലത്ത് ക്യാപ്റ്റന്‍സി വിലക്കിന്റെ പേരില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഡേവിഡ് വാര്‍ണര്‍ ആഞ്ഞടിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് ബെയര്‍ഡ് ചുമതലയേല്‍ക്കാനൊരുങ്ങുന്നത്.
ഗര്‍ഭച്ഛിദ്രം, ഭ്രൂണം ഉപയോഗിച്ചുള്ള ഗവേഷണം, ദയാവധം എന്നിവയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് ഓസ്‌ട്രേലയന്‍ രാഷ്ട്രീയത്തില്‍ വേറിട്ട ശബ്ദമായി മൈക്ക് ബെയര്‍ഡ് നിലകൊണ്ടിട്ടുണ്ട്. അമിതമായ മദ്യപാനത്തിനെതിരെയും ബെയര്‍ഡ് നിരന്തരം പ്രചാരണം നടത്തിയിട്ടുണ്ട്. സ്വവര്‍ഗ വിവാഹത്തെയും അദ്ദേഹം പിന്തുണയ്ക്കുന്നില്ല.
നിലവിലെ ബോര്‍ഡ് അംഗമായ മൈക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പുതിയ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. പെര്‍ത്ത് ആസ്ഥാനമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സിയായ എച്ച്.ബി.എഫില്‍ ചീഫ് എക്‌സിക്യൂട്ടീവായി ജോലി ഏറ്റെടുത്തതിനെതുടര്‍ന്നാണ് ലാച്‌ലാന്‍ സ്ഥാനമൊഴിയുന്നത്. ലാച്‌ലാന്‍ ഹെന്‍ഡേഴ്‌സണിന്റെ ജന്മനാടു കൂടിയാണ് പെര്‍ത്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26