ഖത്തര്‍ ലോകകപ്പ്: അര്‍ജന്റീന- ക്രൊയേഷ്യ സെമി ഫൈനല്‍ നിയന്ത്രിക്കാന്‍ ഡാനിയേല ഓര്‍സാറ്റ്

ഖത്തര്‍ ലോകകപ്പ്: അര്‍ജന്റീന- ക്രൊയേഷ്യ സെമി ഫൈനല്‍ നിയന്ത്രിക്കാന്‍ ഡാനിയേല ഓര്‍സാറ്റ്

ദോഹ: അര്‍ജന്റീന- ക്രൊയേഷ്യ സെമി ഫൈനല്‍ നിയന്ത്രിക്കുന്നത് പാനലിലെ തന്നെ ഏറ്റവും മികച്ച റഫറിയായ ഡാനിയേല ഓര്‍സാറ്റ്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറിയിങ്ങിനെതിരെ അര്‍ജന്റൈന്‍ ടീം വ്യാപകമായി പരാതി ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറ്റാലിയന്‍ റഫറിയായ ഡാനിയേല ഓര്‍സാറ്റിനെ സെമിയിലേക്ക് നിയോഗിച്ചത്.

ഹോളണ്ടിനെതിരെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറിയൂടെ തീരുമാനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സൂപ്പര്‍ താരം ലിയോണല്‍ മെസി അടക്കം ഇതില്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

നിലവാരമില്ലാത്ത റഫറിയെന്നായിരുന്നു മെസിയുടെ വിമര്‍ശനം. കൂടുതല്‍ പറയാനില്ലെന്നും പറഞ്ഞാല്‍ വിലക്ക് നേരിടേണ്ട അവസ്ഥയാണെന്നും മെസി തുറന്നടിച്ചു.

ഒന്നിനും കൊള്ളാത്തവന്‍ എന്നായിരുന്നു ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ പരിഹാസം. മൊറോക്കോ പോര്‍ച്ചുഗല്‍ മത്സരത്തിലെ റഫറിയിംഗിനെക്കുറിച്ചും വ്യാപക പരാതി ഉയര്‍ന്നു. ഇതോടെയാണ് സെമി ഫൈനല്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ചവരെ അണി നിരത്താന്‍ ഫിഫ തീരുമാനമെടുത്തത്.

ഇറ്റാലിയന്‍ ലീഗിലെ ഏറ്റവും മികച്ച റഫറിമാറിലൊരാളും ഈ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടനമത്സരം നിയന്ത്രിക്കുകയും ചെയ്ത ഡാനിയേല ഓര്‍സാറ്റ് ആയിരിക്കും അര്‍ജന്റീന ക്രൊയേഷ്യ
മത്സരത്തിനുണ്ടാവുക. ഫൈനല്‍ മത്സരം നിയന്ത്രിക്കാനുള്ള റഫറിമാരുടെ പാനലിലും ഒര്‍സാറ്റിന്റെ പേരിനാണ് മുന്‍തൂക്കം.

കളിയുടെ ഒഴുക്ക് നഷ്ടമാവാതെ മുന്നോട്ട് കൊണ്ടുപോകുന്നതിലും,കളിക്കാരെ സൗഹാര്‍ദ പൂര്‍വ്വം നിലയ്ക്ക് നിര്‍ത്തുന്നതിലും മിടുമിടുക്കനാണ് ഒര്‍സാറ്റ്. അര്‍ജന്റീന -മെക്‌സികോക്കെതിരായ മത്സരം നിയന്ത്രിച്ചതും ഇതേ ഒര്‍സാറ്റാണ്.

യൂറോ കപ്പ് ഫൈനല്‍, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകള്‍ നിയന്ത്രിച്ച പരിചയം 46കാരനായ ഒര്‍സാറ്റിനുണ്ട്. കഴിഞ്ഞ ലോകകപ്പിലാണ് ഒര്‍സാറ്റ് ആദ്യമായി ലോകകപ്പില്‍ അരങ്ങേറിയത്. ഡെന്‍മാര്‍ക്ക്-ക്രൊയേഷ്യ പോരാട്ടത്തില്‍ വീഡിയോ റഫറിയായിട്ടായിരുന്നു അരങ്ങേറ്റം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.