അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുമെന്ന് ചൈന; ഡോളറിന് പകരം യുവാൻ നൽകണമെന്നും അഭ്യർത്ഥന

അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുമെന്ന് ചൈന; ഡോളറിന് പകരം യുവാൻ നൽകണമെന്നും അഭ്യർത്ഥന

റിയാദ്: അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുമെന്ന് ചൈനീസ് നേതാവ് ഷി ജിൻപിംഗ്. എണ്ണ വ്യാപാരത്തിൽ കറൻസി മാറ്റത്തിനും ഷി അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ ഡോളറിന് പകരം ചൈനീസ് കറന്‍സിയായ യുവാനിൽ ഊർജ വിൽപ്പന നടത്താൻ അറബ് രാജ്യങ്ങളോട് ഷി അഭ്യർത്ഥിച്ചതായാണ് വിവരം.

ചൈനയുടെ സീറോ കോവിഡ് നയങ്ങൾ സാവധാനം ലഘൂകരിക്കാൻ ശ്രമിക്കുന്നതിനാൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ബില്യൺ കണക്കിന് ഡോളർ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഗൾഫ് അറബ് രാജ്യങ്ങളെ, പ്രത്യേകിച്ച് സൗദി അറേബ്യയെയാണ് ആശ്രയിക്കുന്നത്.

ആണവ സുരക്ഷയും സാങ്കേതികവിദ്യയും സംബന്ധിച്ച് 300 ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന സംയുക്ത ചൈന-ജിസിസി ആണവ സുരക്ഷാ പ്രകടന കേന്ദ്രം നിർമ്മിക്കാൻ ചൈന പദ്ധതിയിട്ടിട്ടുണ്ടെന്നും ഷി പറഞ്ഞു. യുറേനിയം സമ്പുഷ്ടമാക്കില്ല എന്ന കർശന ഉടമ്പടി പ്രകാരം ദക്ഷിണ കൊറിയയുമായി ചേർന്ന് നിർമ്മിച്ച ബറാക്ക ആണവ നിലയം യു എ ഇയിൽ ഇതിനകം ഉണ്ട്.

പക്ഷേ ഗൾഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായി ചൈന അവരുടെ എണ്ണയുടെ പ്രധാന ഉപയോക്താവായി തുടരുമെന്ന് ഷി ഊന്നിപ്പറഞ്ഞു. ജിസിസി രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് ചൈന തുടരും. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഇറക്കുമതി വിപുലീകരിക്കും. എണ്ണ, വാതക അപ്‌സ്ട്രീം വികസനം, സംഭരണം, ഗതാഗതം, ശുദ്ധീകരണം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുമെന്നും ഷി പറഞ്ഞു.

സാമ്പത്തിക, വ്യവസായിക മേഖലകളില്‍ സമഗ്ര വികസനം നേടണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഷി ജിന്‍ പിങ്ങ് ആവശ്യപ്പെടുകയും ചെയ്തു. ആഗോള വെല്ലുവിളികള്‍ മറികടക്കുന്നതില്‍ ജിസിസി രാജ്യങ്ങള്‍ വിജയിച്ചതായും ചൈനീസ് പ്രസിഡന്റ് വിലയിരുത്തി.

യുവാനിൽ എണ്ണയും വാതകവും വാങ്ങാൻ ചൈന പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ഷി ഗൾഫ് അറബ് നേതാക്കളോട് പറഞ്ഞു. ഇത് അന്താരാഷ്ട്ര തലത്തിൽ യുവാൻ കറൻസിയെ ഉയർത്തികാണിക്കാനും ലോക വ്യാപാരത്തിൽ അമേരിക്കൻ ഡോളറിന്റെ പിടി ദുർബലപ്പെടുത്താനുമുള്ള ചൈനയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന നീക്കമാണ്.

എണ്ണ വ്യാപാരത്തിൽ ഡോളർ ഒഴിവാക്കാനുള്ള മുൻനിര എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയുടെ ഏതൊരു നീക്കവും ആഗോള രാഷ്ട്രീയത്തിൽ ഒരു ഭൂകമ്പം സൃഷ്ടിക്കുന്നതായിരിക്കും.

അതേസമയം ചൈനീസ് പ്രസിഡന്റിന്റെ ത്രിദിന സൗദി സന്ദര്‍ശനവും ഉച്ചകോടികളിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലുകള്‍ സൗദി അറേബ്യ തള്ളി. ചൈനയുമായുള്ള അടുപ്പം അമേരിക്കയില്‍ നിന്നുള്ള അകല്‍ച്ചയല്ലെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍ പറഞ്ഞു.

സൗദി അറേബ്യ അമേരിക്കയുമായും ചൈനയുമായും സഹകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മത്സരം നല്ലതാണെങ്കിലും ധ്രുവീകരണം നല്ലതല്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിവേഗം വികസിക്കുകയാണ്. അതിനാല്‍ എല്ലാവരുമായുള്ള പങ്കാളിത്തം ആഗ്രഹിക്കുന്നു.

ഒരു പങ്കാളിയെ വിട്ട് മറ്റൊരാളെ തെരഞ്ഞെടുക്കുക എന്നതില്‍ സൗദി വിശ്വസിക്കുന്നില്ല. അമേരിക്ക, ഇന്ത്യ, ചൈന എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളുമായും സൗദിക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ട്. ലോകത്തിലെ രണ്ടാം നമ്പര്‍ സമ്പദ് വ്യവസ്ഥയുമായി സഹകരിക്കേണ്ടത് ആവശ്യമാണ്. അതേസമയം, ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യവുമായി സഹകരിക്കരുത് എന്ന് ഇതിനര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ- യുക്രെയിന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ആഗോള എണ്ണ വിപണിയിലെ ക്ഷാമം പരിഹരിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ള എണ്ണ ഉത്പാദക രാജ്യങ്ങളോട് ഉത്പാദനം വര്‍ധിപ്പിക്കാന്‍ അമേരിക്ക പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സൗദി അതിന് സമ്മതം മൂളിയിരുന്നില്ല.

എന്നു മാത്രമല്ല, എണ്ണ ഉല്‍പ്പാദനത്തിന്റെ തോത് നവംബര്‍ കുറയ്ക്കുകയാണ് ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മ ചെയ്തത്. തുടര്‍ന്ന് റഷ്യന്‍ താത്പര്യത്തിന് വഴങ്ങിയാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതെന്ന് അമേരിക്ക ആരോപിച്ചിരുന്നു. സൗദി ഇത് നിഷേധിച്ചുവെങ്കിലും അമേരിക്കയുമായുള്ള ബന്ധത്തില്‍ ഇത് വിള്ളല്‍ വീഴ്ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടയിലാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ത്രിദിന സന്ദര്‍ശനവും അറബ്- ചൈനീസ് ഉച്ചകോടി ഉള്‍പ്പെടെയുള്ളവയിലെ പങ്കാളിത്തവും. ചൈനയുമായി നിരവധി കരാറുകളിലും സൗദി അറേബ്യ ഒപ്പുവച്ചിരുന്നു. ഇത് അമേരിക്കയുമായി കൂടുതല്‍ അകല്‍ച്ചയ്ക്ക് കാരണമാവുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സൗദി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ചൈനയുമായുള്ള സഹകരണത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ അറബ് രാജ്യങ്ങള്‍ പരിശ്രമിക്കുന്നുണ്ടെന്നും അവരുടെ പങ്കാളിത്തത്തില്‍ പുതിയ ഘട്ടത്തിനായി കാത്തിരിക്കുകയാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മന്‍ പറഞ്ഞു.

അറബ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കിരീടാവകാശി ചൂണ്ടിക്കാട്ടി. അറബ്- ചൈനീസ് ബന്ധം പരസ്പര ബഹുമാനത്തിലും സഹകരണത്തിലും അധിഷ്ഠിതമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും അറബ് നേതാക്കളെയും സാക്ഷിനിര്‍ത്തി കിരീടാവകാശി പറഞ്ഞു. പ്രാദേശികവും ആഗോളവുമായ സ്ഥിരതയ്ക്കായി ചൈനയുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ തന്റെ രാജ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയും ചൈനയും ആകെ 46 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.

ഹൈഡ്രജന്‍ ഊര്‍ജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാര്‍പ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ ഇക്കോണമി, സാമ്പത്തിക വളര്‍ച്ച, വാര്‍ത്താ കവറേജ്, നികുതി മാനേജ്മെന്റ്, അഴിമതി വിരുദ്ധ പോരാട്ടം, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ എന്നീ മേഖലകളില്‍ ചൈനയും സൗദി അറേബ്യയും ഗവണ്‍മെന്റ് തലത്തില്‍ 12 കരാറുകളും ധാരണാപത്രങ്ങളുമാണ് ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ മേഖലയും തമ്മില്‍ ഒമ്പതു കരാറുകളും ധാരണാപത്രങ്ങളും സൗദിയിലെയും ചൈനയിലെയും സ്വകാര്യ കമ്പനികള്‍ തമ്മില്‍ 25 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ചൈനയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള സഹകരണത്തില്‍ ഒരു പുതിയ ചരിത്ര ഘട്ടത്തിന് ചൈനീസ്-ഗള്‍ഫ് ഉച്ചകോടിയോടെ അടിത്തറയിടുകയാണെന്നും സൗദി കിരീടാവകാശി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.