അഫ്ഗാനില്‍ ചൈനക്കാര്‍ തങ്ങുന്ന ഹോട്ടലില്‍ ആക്രമണം: താമസക്കാരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ട്; അക്രമികളില്‍ മൂന്ന് പേരെ വധിച്ചെന്ന് താലിബാന്‍

അഫ്ഗാനില്‍ ചൈനക്കാര്‍ തങ്ങുന്ന ഹോട്ടലില്‍ ആക്രമണം: താമസക്കാരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ട്; അക്രമികളില്‍ മൂന്ന് പേരെ വധിച്ചെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കുന്ന ഹോട്ടലിന് നേരെ സായുധ സംഘത്തിന്റെ ആക്രമണം. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം.

ഹോട്ടലില്‍ സന്ദര്‍ശകരെ ബന്ദികളാക്കിയിട്ടുണ്ടന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്‌ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

രക്ഷപ്പെടാനായി ജനല്‍ വഴി താഴേക്കു ചാടിയ വിദേശികളായ രണ്ടുപേര്‍ക്ക് പരുക്കേറ്റുവെന്ന് താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് ഉദ്യോഗസ്ഥരും വ്യവസായികളും സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലാണ് കാബൂള്‍ ലോങ്ഗന്‍. ചൈനീസ് ഹോട്ടലെന്നാണ് ഇത് അറിയപ്പെടുന്നത്.

ഇവിടേക്ക് സായുധരായ സംഘം കടന്നു കയറിയാണ് അക്രമം നടത്തിയതെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആയുധധാരികളായ മൂന്നുപേരെ വധിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തിന്റെയും വെടിവയ്പ്പിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ആക്രമണം ആയിരുന്നു ഇതെന്ന് കാബൂള്‍ പൊലീസിനുവേണ്ടി നിയമിതനായ താലിബാന്‍ വക്താവ് ഖാലിദ് സദ്രാന്‍ അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്റെ ശത്രുക്കളായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസന്‍ പ്രൊവിന്‍സ് എന്ന സംഘടന നിരന്തരമായി അഫ്ഗാനില്‍ ആക്രമണം നടത്തുന്നുണ്ട്. താലിബാന്‍ കഴിഞ്ഞ വര്‍ഷം അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ശക്തമായ ആക്രമണങ്ങളാണ് ഇവര്‍ നടത്തി വരുന്നത്.

ആക്രമണ വിവരം പുറത്തു വന്നതിനു പിന്നാലെ സ്ഥലത്തെത്തിയ താലിബാന്‍ സേന പ്രദേശത്തേക്കുള്ള റോഡുകള്‍ തടഞ്ഞു. അതേസമയം ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന വിവരങ്ങളും പ്രദേശവാസികളെ ഉദ്ധരിച്ച് വരുന്നുണ്ട്.

ഹോട്ടലില്‍ എത്രപേര്‍ ബന്ദികളായുണ്ടെന്നും അവര്‍ക്ക് അത്യാഹിതങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും വ്യക്തമല്ല. കൂടുതല്‍ വിവിരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇത്തരത്തില്‍ ഒരു ആക്രമണം നടക്കുന്നത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.