ഖത്തര്‍ ലോകകപ്പില്‍ ആദ്യ സെമി ഇന്ന്; അര്‍ജന്റീനയും ക്രൊയേഷ്യയും നേര്‍ക്കുനേര്‍

ഖത്തര്‍ ലോകകപ്പില്‍ ആദ്യ സെമി ഇന്ന്; അര്‍ജന്റീനയും ക്രൊയേഷ്യയും നേര്‍ക്കുനേര്‍

ഖത്തർ: ഫിഫ ലോകകപ്പില്‍ ഇനി നാല് ടീമുകളുടെ പോരാട്ടം മാത്രം. ശേഷിക്കുന്നത് രണ്ടേ രണ്ട് മത്സരങ്ങൾ. കപ്പിനും ചുണ്ടിനുമിടയിൽ ലോകകിരീടം കൈവിട്ടു പോയ അർജന്റീനക്കും ക്രൊയേഷ്യക്കും ഇനിയുള്ള മത്സരങ്ങൾ സ്വപ്ന സാക്ഷത്ക്കാ രത്തിനുള്ള കടമ്പകളാണ്. 

അവസാന ലോകകപ്പ് കളിക്കുന്ന ലയണൽ മെസ്സിക്കും ലൂക്ക മോഡ്രിച്ചിനും കളിജീവിതം സാഫല്യമാകാൻ ഈ ലോകകപ്പ് നേടിയേ തീരൂ. അർജന്റീന- ക്രൊയേഷ്യ ആദ്യ സെമി മത്സരത്തിൽ ജയിക്കുന്നവർ അന്തിമ പോരാട്ടമായ ഫൈനലിൽ പ്രവേശിക്കും. ഇന്ന് രാത്രി 12.30 നാണ് മത്സരം.

ലോകകപ്പ് മോഹങ്ങൾക്കൊപ്പം കഴിഞ്ഞ തവണത്തെ പകരം വീട്ടൽ കൂടിയാണ് അർജന്റീനക്ക്‌ ഈ മത്സരം. 2018 റഷ്യ വേൾഡ് കപ്പിൽ ക്രൊയേഷ്യയോട് 3-0 ന് തോറ്റ് പുറത്താക്കേണ്ടിവന്ന നാണക്കേടിനു പകരം ചോദിക്കാൻ കിട്ടുന്ന ഏക അവസരം. ക്രൊയേഷ്യക്കാകട്ടെ കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാനുള്ള അവസരവും.

2018-ലെ ഫൈനലിൽ ഫ്രാൻസിനോട് 4-2നു തോറ്റാണ് മോഡ്രിച്ചിനും കൂട്ടർക്കും കിരീടം കൈവിട്ടു പോയത്. അതേ നഷ്ടമാണ് 2014-ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കും സംഭവിച്ചത്. കളിയുടെ അവസാന മിനിറ്റിൽ ഒരു ഗോളിന് ജർമനിയോടു തോറ്റ് കൈയകലത്തിൽ കപ്പ് നഷ്ടപ്പെട്ടു. ഇരു മത്സരങ്ങളിയെയും ദുരന്ത നായകൻമാരുടെ ഏറ്റുമുട്ടൽ കൂടിയാണ് ഇന്നത്തെ മത്സരം.

ഈ ലോകകപ്പിലെ അഞ്ചു കളികളിൽ ഒന്നിൽപ്പോലും തോൽക്കാതെയാണ് ക്രൊയേഷ്യ സെമിയിലെത്തിയിരിക്കുന്നത്. ആദ്യകളിയിൽ തോറ്റ അർജന്റീന പിന്നീടൊരു മത്സരവും തോറ്റിട്ടില്ല. ലോകറാങ്കിങ്ങിൽ അർജന്റീന മൂന്നാമതും ക്രൊയേഷ്യ പന്ത്രണ്ടാമതുമാണ്. റാങ്കിങ്ങിലെ വ്യത്യാസം പക്ഷേ, ലോകകപ്പ് പോലൊരു ടൂർണമെന്റിൽ കണക്കിലെ കൗതുകം മാത്രമാണ്. കാരണം ഒന്നാംസ്ഥാനത്തുള്ള ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തിയിരിക്കുന്നത്. 

മെസ്സിയെ മാത്രമായി മാർക്ക് ചെയ്യാനല്ല തങ്ങളുടെ പദ്ധതിയെന്നും അർജന്റീന ടീമിന്റെ കരുനീക്കങ്ങളെ മുഴുവനായും തടയുകയെന്നതാണ് ലക്ഷ്യമെന്നും ക്രൊയേഷ്യൻ സ്ട്രൈക്കർ ബ്രൂണോ പെറ്റ്കോവിച്ച് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 'അർജന്റീനയെന്നാൽ മെസ്സി മാത്രമല്ല, ഒരുപാട് മഹത്തായ കളിക്കാർ അവർക്കൊപ്പമുണ്ട്. അവരെ ഒന്നാകെ പിടിച്ചുനിർത്തുകയാണ് ഉന്നം'. 

എന്നാൽ, നെതർലൻഡ്സും ഇതിന് സമാനമായ പ്രസ്താവനകളാണ് നടത്തിയിരുന്നത്. ശേഷം കളത്തിൽ മൂന്നുപേരെ മെസ്സിയെ മാർക്ക് ചെയ്യാൻ മാത്രമായി ഡച്ച് കോച്ച് ലൂയി വാൻ ഗാൽ നിയോഗിച്ചിരുന്നു. ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ദാലിച്ചും ഈ വഴിതന്നെ പിന്തുടരും. പരിക്കുമാറി ബോർന സോസയും മിസ്‍ലാവ് ഓർസിച്ചുമെത്തുന്നതോടെ പൂർണമായും ഫിറ്റ്നസ് ആർജിച്ച ടീമാകും ക്രൊയേഷ്യ. സോസ പ്ലേയിങ് ഇലവനിൽ പ്രതിരോധ നീക്കങ്ങളുടെ ഭാഗമാകും. 

മഞ്ഞക്കാർഡുകളുടെ മഹാപ്രളയം കണ്ടതായിരുന്നു അർജന്റീന-നെതർലൻഡ്സ് ക്വാർട്ടർ മത്സരം. ക്യാപ്റ്റൻ ലയണൽ മെസ്സിയടക്കം ഒമ്പത് അർജന്റീന കളിക്കാർ ഈ മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടിരുന്നു. ഇതിൽ ഉൾപെട്ട മാർകോസ് അക്യൂനക്കും ഗോൺസാലോ മോണ്ടിയലിനും സെമിയിൽ സസ്‍പെൻഷൻ കാരണം പുറത്തിരിക്കേണ്ടി വരും. ഫൗളുകളും കൈയാങ്കളികളും കണ്ട ക്വാർട്ടർ ഫൈനലിൽ കളിക്കാർക്കൊന്നും പരിക്കേറ്റില്ലെന്നത് അർജന്റീനൻ കോച്ച് ലയണൽ സ്കലോണിക്ക് ആശ്വാസം പകരും. 

പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചിരുന്ന അക്യൂനക്ക് പകരം ഇടതുവിങ് ബാക്കായി നികോളാസ് ടാഗ്ലിയാഫികോ സ്റ്റാർട്ടിങ് ലൈനപ്പിലെത്തും. വലതു വിങ്ങിൽ മാനുവൽ മൊളീന തുടരും. ക്രൊയേഷ്യൻ മിഡ്ഫീൽഡിൽ തേരുതെളിക്കുന്ന മോഡ്രിച്ചിന് തടയിടുകയെന്നതാവും സെൻട്രൽ ഡിഫൻസിൽ നികോളാസ് ഒടാമെൻഡിയും ക്രിസ്ത്യൻ റൊമേറോയും നേരിടുന്ന പ്രധാന വെല്ലുവിളി. 

ക്രൊയേഷ്യക്കെതിരെ ഏയ്ഞ്ചൽ ഡി മരിയ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തും. പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത് താരം ആക്രമണം നയിക്കാൻ സജ്ജനാണ്. നെതർലൻഡ്സിനെതിരെ ഡി മരിയ ബെഞ്ചിലിരുന്നപ്പോൾ ലിസാൻഡ്രോ മാർട്ടിനെസിനെക്കൂടി കളത്തിലിറക്കി പിൻനിരയിൽ അഞ്ചുപേരുടെ പ്രതിരോധമൊരുക്കിയിരുന്നു സ്കലോണി. അത് വീണ്ടും നാലിലേക്ക് മാറും. 

എതിരാളികൾ ഗോൾ നേടുമ്പോൾ ആധിയിലാണ്ടുപോകുന്നതാണ് അർജന്റീന ഈ ലോകകപ്പിൽ നേരിടുന്ന പ്രധാന പ്രശ്നം. സൗദിക്കും ഓസ്ട്രേലിയക്കും ഏറ്റവുമൊടുവിൽ നെതർലൻഡ്സിനെതിരെയും അതു കണ്ടു. രണ്ടുഗോൾ ലീഡ് നേടിയിട്ടും കൈവിട്ടുപോകുന്നതടക്കം ഗൗരവമായി കണ്ട് പഴുതടക്കാനാണ് ടീമിന്റെ ഉന്നം. ഡച്ചുകാർ ഉന്നമിട്ടതുപോലെ ഉയരക്കൂടുതൽ ആനുകൂല്യമാക്കി ഹൈബാളുകളെ ആശ്രയിക്കുകയും സെറ്റ് പീസുകൾ നേടിയെടുക്കുകയുമൊക്കെയാവും പ്രത്യാക്രമണങ്ങളിൽ ക്രൊയേഷ്യയുടെ പരിഗണനയേറെയും. 

37ാം വയസുകാരനായ മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ മാസ്റ്റർ ബ്രെയിൻ. ആക്രമണനീക്കങ്ങളുമായി ഇവാൻ പെരിസിച്ചും ആന്ദ്രേ ക്രമാരിച്ചും. കരുത്തരായ ബ്രസീലിനെ ക്വാർട്ടറിൽ മലയർത്തിയടിക്കാൻ എക്സ്ട്രാടൈമിൽ കളിയുടെ 117-ാം മിനിറ്റിൽ സമനിലഗോളിലേക്ക് വെടിപൊട്ടിച്ച ബ്രൂണോ പെറ്റ്കോവിച്ച് പകരക്കാരന്റെ റോളിലായിരിക്കും. മധ്യനിരയിൽ ലൂക്കയുടെ ഇടംവലം മാറ്റിയോ കൊവാസിച്ചും മാർസലോ ബ്രൊസോവിച്ചും. 

ദൊമാഗോ വിദയും ദെയാൻ ലോവ്റനും നയിക്കുന്ന പ്രതിരോധത്തിന് മെസ്സിയെ പൂട്ടുകയെന്ന ഭഗീരഥ യത്നമാണുള്ളത്. ബ്രസീലിനെതിരെ ഷൂട്ടൗട്ടിൽ ടീമിനെ ജയത്തിലേക്ക് നയിച്ച ഡാമിയൻ ലിവാകോവിച്ചിന്റെ സാന്നിധ്യവും. പ്രവചനങ്ങളിലും വാതുവെപ്പിലും അർജന്റീനക്ക് മുൻതൂക്കമുണ്ടെങ്കിലും ക്രൊയേഷ്യയുടെ ഡിഫൻസിവ് സ്ട്രാറ്റജിയെ എഴുതിത്തള്ളാനാവില്ല.

ഇരുടീമും മുമ്പ് അഞ്ചുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടുവീതം ജയവും ഒരു സമനിലയുമായിരുന്നു ഫലം. 1994ൽ ആദ്യ മത്സരം സമനിലയിൽ. നാലു വർഷത്തിനുശേഷം ലോകകപ്പിൽ മൗറിഷ്യോ പിനേഡയുടെ ഗോളിൽ അർജന്റീനക്ക് 1-0 ജയം. 2006ലെ സൗഹൃദ മത്സരത്തിൽ അവസാനനിമിഷ ഗോളിൽ 3-2ന് ജയം ക്രൊയേഷ്യക്കൊപ്പം. 2014 ലോകകപ്പിൽ 2-1ന് അർജന്റീന ജയിച്ചു. നാലു വർഷത്തിനുശേഷം റഷ്യയിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ വിജയവുമായി ക്രൊയേഷ്യ കണക്കുതീർത്തു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.