യുവാക്കള്‍ സിഗരറ്റ് വാങ്ങുന്നതിന് ന്യൂസിലാന്‍ഡില്‍ ആജീവനാന്ത വിലക്ക്; നിയമം പാസാക്കി പാര്‍ലമെന്റ്

യുവാക്കള്‍ സിഗരറ്റ് വാങ്ങുന്നതിന് ന്യൂസിലാന്‍ഡില്‍ ആജീവനാന്ത വിലക്ക്; നിയമം പാസാക്കി പാര്‍ലമെന്റ്

വെല്ലിങ്ടണ്‍: യുവാക്കള്‍ സിഗരറ്റ് വാങ്ങുന്നതിന് ആജീവനാന്തകാല വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ പുകയില വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയാണ് പാര്‍ലമെന്റ് പുതിയ നിയമം പാസാക്കിയിരിക്കുന്നത്.

അടുത്ത വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. 2025 ഓടെ പുകവലിമുക്ത രാജ്യമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

ഇതോടെ അമ്പത് വര്‍ഷം കഴിഞ്ഞ് സിഗരറ്റ് വാങ്ങാന്‍ ശ്രമിക്കുന്നയാള്‍ക്ക് തനിക്ക് 63 വയസുണ്ടെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കേണ്ടി വരും. ന്യൂസിലാന്‍ഡില്‍ 6,000 ചില്ലറ വില്‍പ്പനക്കാര്‍ക്കാണ് സിഗരറ്റ് വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നത്. ഇത് 600 ആി കുറയ്ക്കുകയും ചെയ്തു. സിഗരറ്റില്‍ ചേര്‍ക്കുന്ന നിക്കോട്ടിന്റെ അളവ് കുറയ്ക്കാനും നിയമം നിര്‍ദേശിച്ചിട്ടുണ്ട്.

ഉപയോഗിക്കുന്ന പകുതി ആളുകളെ കൊല്ലുന്ന ഒരു ഉല്‍പ്പന്നം വില്‍ക്കാന്‍ അനുവദിക്കുന്നത് നല്ലതല്ലെന്ന് ആരോഗ്യമന്ത്രി ഡോ. അയേഷ വെറല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. പുകവലി കാരണമുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതായാല്‍ ആരോഗ്യ മേഖലയില്‍ മില്ല്യണ്‍ കണക്കിന് പണം ലാഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചു. 46 നെതിരെ 76 വോട്ടിനാണ് ബില്ല് പാസാക്കിയത്. സിഗരറ്റ് വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ചെറുകിട കച്ചവടക്കാര്‍ പ്രതിസന്ധിയിലാകുമെന്ന് ബില്ലിനെ എതിര്‍ത്ത് ലിബറേഷന്‍ ആക്ട് പാര്‍ട്ടി പറഞ്ഞു.

അതേസമയം, ഇലക്ട്രോണിക് സിഗരറ്റുകള്‍ വാങ്ങുന്നതിന് നിയന്ത്രണമില്ല. 2012 നവംബര്‍ മാസത്തില്‍ 16 ശതമാനം യുവാക്കള്‍ ദിനം പ്രതി സിഗരറ്റ് വലിച്ചിരുന്നെങ്കില്‍ 2022 നവംബറില്‍ ഇത് എട്ട് ശതമാനമായി കുറഞ്ഞെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.