കെ.ടി.യു വിസി നിയമനം റദ്ദാക്കല്‍: ഡോ. രാജശ്രീയുടെ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

കെ.ടി.യു വിസി നിയമനം റദ്ദാക്കല്‍: ഡോ. രാജശ്രീയുടെ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ് നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. വൈസ് ചാന്‍സലര്‍ ആയിരുന്ന കാലയളവിലുള്ള പെന്‍ഷന് രാജശ്രീക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. നിയമനം റദ്ദാക്കിയ വിധിയില്‍ ഇതുവരെ ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്ന് പുനപരിശോധന ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി പറഞ്ഞു.

ജഡ്ജിമാര്‍ ചേമ്പറില്‍ പരിഗണിച്ചാണ് ഡോ. രാജശ്രീ എം എസിന്റെ പുനപരിശോധന ഹര്‍ജി തള്ളിയത്. രാജശ്രീയുടെ നിയമനം വോയ്ഡ് അബ് ഇനിഷ്യോ എന്നാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷായും സി.ടി രവികുമാറും അടങ്ങിയ ബെഞ്ച് നേരത്തെ വിധിച്ചിരുന്നത്.

അതിനാല്‍ തന്നെ ഈ സേവനം പെന്‍ഷന് കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുത് എന്നാണ് പുനപരിശോധന ഹര്‍ജിയില്‍ രാജശ്രീ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഇരയാകുക ആയിരുന്നുവെന്നും പുനപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സമൂഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും മുന്നില്‍ തന്നെ അപമാനിതയാക്കി.

തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിതയായെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുനപരിശോധന ഹര്‍ജിയില്‍ ഡോ. രാജശ്രീ എം.എസ് വ്യക്തമാക്കിയിരുന്നു. പുനപരിശോധന ഹര്‍ജി തള്ളിയതോടെ തിരുത്തല്‍ ഹര്‍ജി നല്‍കുക എന്ന നിയമപരമായ സാധ്യത മാത്രമാണ് രാജശ്രീക്ക് മുന്നില്‍ ഇനി അവശേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.