ക്വീൻസ്‌ലാന്റിൽ വെടിവയ്പ്: രണ്ട് പോലീസുകാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

ക്വീൻസ്‌ലാന്റിൽ വെടിവയ്പ്: രണ്ട് പോലീസുകാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

ബ്രിസ്ബൻ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‍ലാൻന്റിലുണ്ടായ വെടിവെപ്പിൽ രണ്ട് പോലീസുകാരുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ക്വീൻസ്‌ലാന്റിലെ ഉൾനാടൻ പ്രദേശമായ ഡാർലിംഗ് ഡൗൺസിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കാണാതായ ഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഇയാളും സഹോദരനുൾപ്പെട്ട സംഘമാണ് പോലീസിനെ ആക്രമിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഡാർലിംഗ് ഡൗൺസിലെ ഒരു വീട്ടിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു കൂട്ടം പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് പോലീസ് ഉദ്യോഗസ്‌ഥരും ആക്രമണം നടത്തിയ മൂന്ന് പേരും കൊല്ലപ്പെട്ടു. കൂടാതെ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്.


വെടിവെയ്പ്പുണ്ടായ വീടും സ്ഥലവും( ആകാശച്ചിത്രം)

ന്യൂ സൗത്ത് വെയിൽസിൽ നിന്ന് കാണാതായ നഥാനിയേൽ ട്രെയിനിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിനാണ് നാല് പോലീസുകാരടങ്ങുന്ന സംഘം തിങ്കളാഴ്ച വൈകുന്നേരം 4:30 ന് ബ്രിസ്‌ബേനിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ പടിഞ്ഞാറ് വിയാംബില്ലയിലെ വെയ്ൻസ് റോഡിലുള്ള വീട്ടിലെത്തിയത്.

പൊലീസുകാർ ബംഗ്ലാവിലേക്ക് പ്രവേശിച്ച ഉടൻ വെടിവെപ്പുണ്ടാവുകയായിരുന്നു. പൊലീസുകാർക്ക് തിരിച്ച് വെടിവെക്കാൻ പോലും അവസരം ലഭിച്ചില്ലെന്ന് ക്വീൻസ്‌ലാന്റ പോലീസ് യൂണിയൻ പ്രസിഡന്റ് ഇയാൻ ലീവേഴ്‌സ് പറഞ്ഞു.

മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. വെടിയേറ്റവരിൽ രണ്ടുപേർ നിലത്ത് വീഴുകയും രണ്ട് പേർ അവിടെ നിന്നും ഒരുവിധത്തിൽ രക്ഷപെടുകയുമായിരുന്നു. നിർഭാഗ്യവശാൽ നിലത്ത് വീണ പോലീസുകാർ സംഭവ സ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങിയെന്നും ലീവേഴ്‌സ് വ്യക്തമാക്കി.

കോൺസ്റ്റബിൾമാരായ മാത്യു അർനോൾഡ് (26), റേച്ചൽ മക്ക്രോ (29) എന്നിവരാണ് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെന്നുംഅദ്ദേഹം വിശദീകരിച്ചു. രക്ഷപെടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയായ കോൺസ്റ്റബിൾ കീലി ബ്രോയെ അക്രമികൾ തീകൊളുത്താൻ ശ്രമിച്ചതായും ലീവേഴ്സ് പറഞ്ഞു.


കൊല്ലപ്പെട്ട കോൺസ്റ്റബിൾമാരായ റേച്ചൽ മക്ക്രോ, മാത്യു അർനോൾഡ് 

ചിൻചില്ല പോലീസ് സ്റ്റേഷനിൽ നിന്നുള്ള കോൺസ്റ്റബിൾ ബ്രോയെയും വെടിയേറ്റ ഉദ്യോഗസ്ഥനായ കോൺസ്റ്റബിൾ റാൻഡൽ കിർക്ക് (28) നെയും ചിൻചില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ പ്രദേശവാസിയായ അലൻ ഡെയർ (58) എന്ന വ്യക്തി തീപിടുത്തം ശ്രദ്ധയിൽപ്പെട്ട് വെടിയുതിർത്തതിന്റെ ഉറവിടം അന്വേഷിച്ച് എത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് പിറകിൽ നിന്നാണ് വെടിയേറ്റതെന്നും ലീവേഴ്സ് പറഞ്ഞു.

വിവരം അറിഞ്ഞ ഉടൻ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പോലീസ് പൊതുജനങ്ങളോട് മേഖലയിൽ നിന്നും വിട്ട് നിൽക്കാൻ ആവശ്യപ്പെടുകയും പ്രത്യേക സംഘത്തെ നിയോഗിച്ച് രാത്രി 10:30 ഓടെ പ്രത്യാക്രമണം നടത്തുകയുമായിരുന്നു. മുൻ സ്‌കൂൾ പ്രിൻസിപ്പൽ നതാനിയേൽ ട്രെയിൻ, സഹോദരൻ ഗാരെത്ത്, സ്‌റ്റേസി ട്രെയിൻ എന്നിവരാണ് മാരകമായ ആക്രമണത്തിന് പിന്നിൽ. മൂവരും വെടിവെയ്പ്പിൽ മരിച്ചതായി പോലീസ് വ്യക്തമാക്കി.


നതാനിയേൽ ട്രെയിൻ

വെടിവയ്പ്പ് നടന്ന ഈ സ്ഥലം ഗാരെത്തിന്റെയും സ്റ്റേസി ട്രെയിനിന്റെയും ഉടമസ്ഥതയിലുള്ളതാണ്. സിഡ്‌നിയിൽ നിന്ന് 700 കിലോമീറ്റർ വടക്ക്-പടിഞ്ഞാറ് ഉള്ള വാൾഗെറ്റ് കമ്മ്യൂണിറ്റി കോളേജ് പ്രൈമറി സ്‌കൂളിലെ മുൻ പ്രിൻസിപ്പലായിരുന്നു 46 കാരനായ നഥാനിയൽ ട്രെയിൻ. 2021 ഓഗസ്റ്റ് വരെ 18 മാസം എക്സിക്യൂട്ടീവ് പ്രിൻസിപ്പലായിരുന്നു. പിന്നീട് സ്ഥാനത്ത് നിന്നും സ്വമേധയാ രാജിവച്ചു. അതിന് ശേഷം ഇയാളെ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ നഥാനിയൽ ട്രെയിനെ ഡബ്ബോയിൽ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നീട് 2022 ഒക്ടോബറിൽ കുടുംബവുമായി ബന്ധപ്പെട്ടതിനും രേഖകളുണ്ട്. നഥാനിയൽ ട്രെയിൻ വാൾഗെറ്റിൽ ആയിരിക്കുമ്പോൾ സ്കൂളിലെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നതായി വൺ നേഷൻ എൻഎസ്ഡബ്ല്യു നേതാവ് മാർക്ക് ലാഥമിനോട് പങ്കുവെച്ചിരുന്നു.

തന്റെ സ്‌കൂളിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും വിവരിച്ചും സഹായം അഭ്യർത്ഥിച്ചും എൻഎസ്‌ഡബ്ല്യു വിദ്യാഭ്യാസ വകുപ്പിന് രണ്ടാഴ്ചയ്ക്കിടെ ട്രെയിൻ 16 ഇമെയിലുകൾ അയച്ചതായി ഉപരിസഭ എംപി ഈ വർഷം ആദ്യം പാർലമെന്റിൽ പറഞ്ഞു. എന്നാൽ അവർ മൂന്നോ നാലോ തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഈ വർഷം ജൂലൈ ആറിന് താൻ ട്രെയിനിന് ഇമെയിൽ അയച്ചുവെന്നും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും മാർക്ക് ലാഥമി പറഞ്ഞു.

എന്നാൽ എന്തുകൊണ്ടാണ് ഇത്തരം ഒരു ക്രൂരകൃത്യത്തിന് ഇവർ മുതിർന്നതെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 2017ൽ ഫാർ നോർത്ത് ക്വീൻസ്‌ലാന്റിലെ യോർക്കീസ് നോബ് സ്റ്റേറ്റ് സ്‌കൂളിൽ പ്രിൻസിപ്പൽ കൂടിയായിരുന്നു നഥാനിയൽ ട്രെയിൻ പരിചയമുള്ള വ്യക്തികൾക്കിടയിൽ വളരെ സൗമ്യനായ ഒരു വ്യക്തിയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.


അതിനിടെ ഒരു ഏറ്റുമുട്ടലിൽ ഇത്രയും അധികം മരണങ്ങൾ അടുത്തെങ്ങും സംഭവിച്ചിട്ടില്ലെന്ന് പോലീസ് കമ്മീഷണർ കാതറീന കരോൾ പറഞ്ഞു. സമൂഹം സുരക്ഷിതമായി നിലനിൽക്കാൻ വേണ്ടി ജീവത്യാഗം ചെയ്തവരാണ് ഓഫീസർമാരെന്നും അവർ വ്യക്തമാക്കി.

ദാരുണസംഭവത്തെ തുടർന്ന് സംസ്ഥാനത്തിന് ചുറ്റുമുള്ള സർക്കാർ കെട്ടിടങ്ങളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് ക്വീൻസ്‌ലാൻഡ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി മുതൽ പ്രാദേശിക മേയർ വരെയുള്ള ഉദ്യോഗസ്ഥർ അനുശോചനം രേഖപ്പെടുത്തനും ആദരാഞ്ജലികൾ അർപ്പിക്കാനും ചേർന്നു.

ജീവൻ നഷ്ടപ്പെട്ട ക്വീൻസ്‌ലാന്റ് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇത് തീരാ നഷ്ടമാണെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.