ഫാ.സ്റ്റാന്‍ സ്വാമിയെ മനപ്പൂര്‍വം കുടുക്കിയത്: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ട് അമേരിക്കന്‍ ഫൊറെന്‍സിക് സ്ഥാപനം

ഫാ.സ്റ്റാന്‍ സ്വാമിയെ മനപ്പൂര്‍വം കുടുക്കിയത്: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ട് അമേരിക്കന്‍ ഫൊറെന്‍സിക് സ്ഥാപനം

കേസില്‍ കുടുക്കാനായി ഫാ.സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്ത് രേഖകള്‍ സ്ഥാപിച്ചു.

ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ ഫാ.സ്റ്റാന്‍ സ്വാമിയെ മനപ്പൂര്‍വം കുടുക്കിയതെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഫൊറെന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

കേസില്‍ കുടുക്കാനായി ഫാ.സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്ത് രേഖകള്‍ സ്ഥാപിച്ചു. ഈ രേഖകള്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മുതല്‍ 2019 ജൂണ്‍ 11 വരെ ഹാക്കിങ് നടന്നു. ജൂണ്‍ 12 നാണ് പൂനെ പൊലീസ് ഫാ.സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ് കസ്റ്റഡിയില്‍ എടുത്തത്.

മാവോയിസ്റ്റ് കത്തുകള്‍ എന്ന നിലയില്‍ പ്രചരിച്ചവ അടക്കം 44 രേഖകളാണ് ലാപ്‌ടോപ്പില്‍ സ്ഥാപിച്ചത്. ആരാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താതിരിക്കാനുള്ള ഇടപെടലുകളും ഹാക്കര്‍മാര്‍ നടത്തിയിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റ് രണ്ട് പേരുടെ ലാപ്‌ടോപ്പുകളിലും ഹാക്കിങ് നടന്നതായി കണ്ടെത്തിയിരുന്നു.

റോണ വില്‍സിന്റെയും സുരേന്ദ്ര ഗാഡ്‌ലിങിന്റെയും ലാപ്‌ടോപ്പുകളില്‍ ഹാക്കിങ് നടന്നുവെന്നാണ് കണ്ടെത്തല്‍. മൂന്ന് പേരുടെയും ലാപ്‌ടോപ് ഹാക്ക് ചെയ്തത് ഒരേ വ്യക്തി തന്നെയാണന്നും ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവിലുണ്ടായ കലാപവുമായി ബന്ധപ്പെടുത്തിയാണ് ഫാ. സ്റ്റാന്‍ സ്വാമിയെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്. റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് ഭീമ കൊറഗാവുമായി ഒരു ബന്ധവുമില്ലെന്നും ആ സ്ഥലത്തു പോയിട്ടുപോലുമില്ലെന്നും അദ്ദേഹം തെളിവുകള്‍ സഹിതം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും കോവിഡ് കാലത്ത് ആ വന്ദ്യ വയോധികനായ പുരോഹിതനെ അറസ്റ്റ് ചെയ്ത് മുംബൈയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അടക്കമുള്ളവരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയില്‍ അറസ്റ്റു ചെയ്യപ്പെടുന്ന ഏറ്റവും പ്രായമുള്ളയാളാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി.

ജാര്‍ഖണ്ഡ് റാഞ്ചിയിലെ ആശ്രമത്തില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന് 83 വയസുണ്ടായിരുന്നു. കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗവും. ജയിലില്‍ കടുത്ത യാതനകള്‍ അനുഭവിച്ചാണ് 2021 ജൂലൈ ആറിന് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ 1937 ഏപ്രില്‍ 26 നാണ് സ്റ്റാനിസ്ലോസ് ലൂര്‍ദുസ്വാമി എന്ന സ്റ്റാന്‍ സ്വാമി ജനിച്ചത്. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പഠന കാലത്ത് പരിചയപ്പെട്ട ജസ്യൂട്ട് പുരോഹിതന്മാരിലൂടെ ദൈവശാസ്ത്രത്തില്‍ ആകൃഷ്ടനായി.

മതപഠനത്തിന്റെ ഭാഗമായി ബിഹാറില്‍ പരിശീലനത്തിനു ചെന്നപ്പോഴാണ് ആദിവാസികളുടെ ജീവിത യാതന കണ്ടറിയുന്നത്. പിന്നിട് അവരുടെ നിക്ഷേധിക്കപ്പെടുന്ന അവകാശങ്ങക്കു വേണ്ടി പോരാടാനായി ജീവിതം മാറ്റി വയ്ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.