പാട്‌ന: ബീഹാർ രാഷ്ട്രീയത്തിൽ പുതിയ നേതാവിനെ ഉയർത്തിക്കാട്ടി നിതീഷ് കുമാര്‍. ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ തലമുറ മാറ്റത്തിനുള്ള നീക്കമാണ് നിതീഷിന്റെ പുതിയ ചുവടുവയ്പ്പിൽ. 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വിക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തുകഴിഞ്ഞു.
എംഎല്‍എമാരുടെ യോഗത്തിലായിരുന്നു തേജസ്വി യാദവിനെ നിതീഷ് കുമാര്‍ ഭാവിയുടെ നേതാവായി ഉയര്‍ത്തി കാട്ടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പൊതുയോഗങ്ങളിലും തേജസ്വിയെ ഭാവി മുഖ്യമന്ത്രിയായി കാണിച്ചിരുന്നു. മറ്റൊരാളിലേക്ക് അധികാരം കൈമാറുന്നതോടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നിതീഷിന്റെ ചുവടുമാറ്റ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ വ്യാഖ്യാനിക്കുന്നത്.
'ഞാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ അല്ല. ബിജെപിയെ പരാജയപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം´. ഇടയ്ക്കിടെ നിതീഷ് ഇങ്ങനെ പറയുമെങ്കിലും ദേശീയ രാഷ്ട്രീയം തന്നെയാണ് നോട്ടമിടുന്നത്. 'ഇപ്പോള്‍ ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഭാവിയില്‍ എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതിനായി തേജസ്വി പ്രവര്‍ത്തിക്കും´. തേജസ്വിയെ ഉയർത്തിക്കാട്ടിയുള്ള നിതീഷിന്റെ വാക്കുകളാണിത്.
ഈ വര്‍ഷം നിതീഷ് കുമാറും ജെഡിയുവും എന്‍ഡിഎ വിട്ടതോടെ ബിജെപിക്ക് സംസ്ഥാനത്ത് ഭരണം നഷ്ടമായിരുന്നു. ഇതോടെ ബീഹാര്‍ രാഷ്ട്രീയത്തിലെ കരുത്തരായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഒന്നിക്കുന്ന കാഴ്ചയ്ക്കും ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. നിലവില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലാണ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണത്തിന്റെ കരിനിഴല്‍ ഉള്ളതിനാല്‍ അധികാര രാഷ്ട്രീയത്തിലേക്ക് ലാലുപ്രസാദ് യാദവ് തിരികെ എത്താന്‍ സാധ്യത കുറവാണ്.
എന്നാല്‍ തേജസ്വിയെ മുന്നില്‍ നിര്‍ത്തി ലാലുപ്രസാദ് യാദവും നിതീഷ് കുമാറും ഒന്നിച്ച് തന്ത്രം മെനയുകയാണെങ്കില്‍ ബിജെപിക്ക് ബീഹാറില്‍ കനത്ത തിരിച്ചടിയേറ്റേക്കാം. പ്രത്യേകിച്ച് പ്രതിപക്ഷ ഐക്യത്തിന്റെ ഏറ്റവും മികച്ചതും വിജയിച്ചതുമായ ഉദാഹരണമാണ് 2020 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാര്‍ സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവരെ ഒപ്പം നിര്‍ത്തിയാണ് തേജസ്വി എന്‍ഡിഎയെ വിറപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.