സിപിഎം സെക്രട്ടറിയേറ്റ് ഇന്ന്; സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചു വരവ് ചര്‍ച്ചയാകും

സിപിഎം സെക്രട്ടറിയേറ്റ് ഇന്ന്; സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചു വരവ് ചര്‍ച്ചയാകും

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണോയെന്ന് ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്‌തേക്കും. മന്ത്രി സ്ഥാനത്തേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുന്നതില്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തനിക്കെതിരായ കേസുകള്‍ തീര്‍പ്പാക്കിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്തേക്ക് മടങ്ങി എത്താന്‍ സജി ചെറിയാന് തടസങ്ങളൊന്നുമില്ല. സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം പൊലീസ് അവസാനിപ്പിക്കുകയും തിരുവല്ല കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.

ഭരണഘടനയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറുടെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ, ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

മലപ്പുറം സ്വദേശി ബിജു പി.ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരുടെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ ആ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്. വിവാദ പ്രസംഗത്തെ തുടര്‍ന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു.

''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും. ബ്രിട്ടീഷുകാര്‍ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്.

മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റിയതാണ് ഭരണഘടന. അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളര്‍ന്നു വരുന്നത്''- എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.