മിനിമം ബാലന്‍സും വേണ്ട, ഒരു ചാര്‍ജും ഇല്ല; ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റിനെപ്പറ്റി അറിയുമോ ?

മിനിമം ബാലന്‍സും വേണ്ട, ഒരു ചാര്‍ജും ഇല്ല; ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റിനെപ്പറ്റി അറിയുമോ ?

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം മാസത്തില്‍ ആവറേജ് ബാലന്‍സ് സൂക്ഷിക്കുക എന്നതാണ്. അത്യാവശ്യത്തിന് പണം മുഴുവന്‍ പിന്‍വലിച്ചാല്‍ ബാങ്ക് ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കും. പിന്നീട് ഈ പിഴ അടച്ച് മാത്രമെ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവരാണെങ്കില്‍ ഇത്തരത്തില്‍ നല്ലൊരു തുക മാസം ആവശ്യമായി വരും. ഇതോടൊപ്പം വര്‍ഷത്തില്‍ ഈടാക്കുന്ന എടിഎം ചാര്‍ജുകള്‍ അടക്കം നിരവധി ചാര്‍ജുകള്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ ബാങ്കിന് നല്‍കേണ്ടതുണ്ട്.

ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്

ഇത്തരം ചിലവുകളില്‍ നിന്ന് രക്ഷനേടാനുള്ള വഴി റിസര്‍വ് ബാങ്ക് കണ്ടെത്തി നല്‍കിയിട്ടുണ്ട്. മിനിമം ബാലന്‍സ് നല്‍കാതെ മറ്റു ചാര്‍ജുകളില്ലാതെ ഉപയോഗിക്കാവുന്ന ഓപ്ഷനാണ് ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ). എല്ലാ ബാങ്കുകളിലും ആരംഭിക്കാന്‍ സാധിക്കുന്ന ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിന് റിസര്‍വ് ബാങ്ക് മാര്‍ഗ നിര്‍ദ്ദേശം പ്രകാരം മിനിമം ബാലന്‍സ് ആവശ്യമില്ല. അക്കൗണ്ട് ആരംഭിക്കുന്നതിന് നിക്ഷേപവും ആവശ്യമില്ല.

പ്രത്യേകതകള്‍

ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് യഥാര്‍ഥത്തില്‍ ഒരു സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടാണ്. ഒരു ബാങ്കില്‍ ഒരു ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് മാത്രമാണ് ആരംഭിക്കാനാവുക. അക്കൗണ്ട് ആരംഭിച്ച് 30 ദിവസത്തിനകം ബാങ്കിലെ സാധാരണ സേവിംഗ്‌സ് അക്കൗണ്ട് അവസാനിപ്പിക്കണം. ഒരാള്‍ക്ക് ഒന്നിലധികം ബാങ്കുകളില്‍ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് എടുക്കാം.
സാധാരണ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പരിഗണനകള്‍ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിനും ലഭിക്കും. എടിഎം കാര്‍ഡുകള്‍ അടക്കമുള്ള സേവനങ്ങള്‍ക്ക് വാര്‍ഷിക ചാര്‍ജും ബാങ്ക് ഈടാക്കുകയില്ല.

പലിശ നിരക്ക്, മറ്റു ഗുണങ്ങള്‍

ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിന് നല്‍കുന്ന പരിഗണനകള്‍ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിലും ലഭിക്കും. സേവിംഗ്‌സ് അക്കൗണ്ടിന് നല്‍കുന്ന പലിശ നിരക്ക് തന്നെയാണ് ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിനും ലഭിക്കുക. അക്കൗണ്ട് ഉടമയക്ക് എടിഎം കം ഡെബിറ്റ് കാര്‍ഡും പാസ് ബുക്കും ലഭിക്കും. ഇതോടൊപ്പം സാധാരണ ലഭിക്കുന്ന ഓണ്‍ലൈന്‍ പണമിടപാടും ലഭിക്കും.
ഇവയ്ക്ക് പ്രത്യേക ചാര്‍ജ് ബാങ്കിന് ഈടാക്കാന്‍ സാധിക്കില്ല. ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമയ്ക്ക് ബാങ്കില്‍ നിക്ഷേപം ആരംഭിക്കുന്നതിനും തടസങ്ങളില്ല.

നിയന്ത്രണങ്ങള്‍

ചാര്‍ജുകളൊന്നും തന്നെ ഈടാക്കാത്തതിനാല്‍ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ ചില പരിമിതികളുണ്ട്. പ്രധാനമായും പണം പിന്‍വലിക്കുന്നതിനാണ് ഈ നിയന്ത്രണം. നിക്ഷേപത്തിന് പരിധിയില്ലെങ്കിലും മാസത്തില്‍ നാല് പിന്‍വലിക്കല്‍ മാത്രമെ സാധിക്കുകയുള്ളൂ. എടിഎം വഴി പണം പിന്‍വലിക്കല്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ബ്രാഞ്ചിലെത്തിയുള്ള പണം പിന്‍വലിക്കല്‍, ഇഎംഐ അടക്കം ഏത് തരത്തിലായാലും നാല് തവണ മാത്രമെ മാസത്തില്‍ പിന്‍വലിക്കല്‍ അനുവദിക്കുകയുള്ളൂ.

എസ്ബിഐയില്‍ എങ്ങനെ അക്കൗണ്ടെടുക്കാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാജ്യത്തെ എല്ലാ ബ്രാഞ്ചിലും ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാനാകും. മിനിമംബാലന്‍സിനും പരമാവധി ബാലന്‍സിനും പരിധിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കെവൈസി രേഖകളുള്ള ആര്‍ക്കും ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. സംയുക്ത അക്കൗണ്ടും, വ്യക്തിഗത അക്കൗണ്ടും ആരംഭിക്കാം.

എസ്ബിഐ ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്

എസ്ബിഐയില്‍ ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നൊരാള്‍ക്ക് മറ്റു സേവിംഗ്സ് അക്കൗണ്ടുകള്‍ ഉണ്ടാകാന്‍ പാടില്ല. സേവിംഗ്സ് അക്കൗണ്ട് ഉള്ളവരാണെങ്കില്‍ ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ച് 30 ദിവസത്തിനുള്ളില്‍ അക്കൗണ്ട് അവസാനിപ്പിക്കണം. മാസത്തില്‍ നാല് സൗജന്യ പണം പിന്‍വലിക്കലാണ് ലഭിക്കുക.

എസ്ബിഐ എടിഎം, മറ്റു ബാങ്ക് എടിഎം, ബാങ്ക് ബ്രാഞ്ച് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. എടിഎം കം ഡെബിറ്റ് കാര്‍ഡ് ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി ലഭിക്കും. ഇതിന് വാര്‍ഷിക മെയ്ന്റനന്‍സ് ചാര്‍ജ് ഈടാക്കില്ല. എന്‍എഫ്ടി/ ആര്‍ടിജിഎസ് സേവനങ്ങള്‍ സൗജന്യമായിരിക്കും. അക്കൗണ്ട് അവസാനിപ്പിക്കാനും ചാര്‍ജില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.