ചൈനീസ് പൈലറ്റുമാര്‍ക്ക് രഹസ്യ പരിശീലനം നല്‍കിയ ഓസ്‌ട്രേലിയന്‍ പൗരനായ അമേരിക്കന്‍ പൈലറ്റ് പിടിയില്‍; ഗുരുതര ആരോപണങ്ങളുമായി കുറ്റപത്രം

ചൈനീസ് പൈലറ്റുമാര്‍ക്ക് രഹസ്യ പരിശീലനം നല്‍കിയ ഓസ്‌ട്രേലിയന്‍ പൗരനായ  അമേരിക്കന്‍ പൈലറ്റ് പിടിയില്‍; ഗുരുതര ആരോപണങ്ങളുമായി കുറ്റപത്രം

യുദ്ധക്കപ്പലുകളില്‍ വിമാനമിറക്കാന്‍ ചൈനീസ് സൈന്യത്തിന് നിയമവിരുദ്ധമായി പരിശീലനം നല്‍കാന്‍ ഓസ്‌ട്രേലിയ, അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുന്‍ സൈനിക പൈലറ്റുമാര്‍

സിഡ്‌നി/വാഷിങ്ടണ്‍: യുദ്ധക്കപ്പലുകളില്‍ വിമാനമിറക്കാന്‍ ചൈനീസ് സൈന്യത്തിന് വിദഗ്ധ പരിശീലനം നല്‍കിയതിന് ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായ അമേരിക്കന്‍ പൈലറ്റിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. അമേരിക്കന്‍ ആയുധ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചുവെന്ന ഗുരുതര ആരോപണമാണ് യു.എസ്. നാവിക സേനയുടെ മുന്‍ പൈലറ്റായിരുന്ന ഡാനിയല്‍ ഡഗ്ഗന്‍ (54) നേരിടുന്നത്. ഇയാള്‍ ഓസ്‌ട്രേലിയന്‍ പൗരനുമാണ്. ബ്രിട്ടണ്‍, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇയാളുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കണ്ടെത്തല്‍.

2010 നും 2012 നും ഇടയില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ഫ്‌ളൈയിംഗ് അക്കാദമി മുഖേന മൂന്നു തവണയാണ് ഡാനിയല്‍ ഡഗ്ഗന്‍ ചൈനീസ് പൈലറ്റുമാര്‍ക്ക് സൈനിക പരിശീലനം നല്‍കിയതായി കുറ്റപത്രത്തില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. അതിനു വേണ്ടി 2009 - 2012 കാലയളവില്‍ ഇദ്ദേഹം ഓസ്ട്രേലിയ, അമേരിക്ക, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ പതിവായി യാത്ര ചെയ്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. വാഷിങ്ടണിലെ കൊളംബിയ ജില്ലാ കോടതിയിലാണ് പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ അഭ്യര്‍ത്ഥന പ്രകാരം കഴിഞ്ഞ ഒക്‌ടോബറിലാണ് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് ഡഗ്ഗനെ ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചില്‍നിന്ന് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ സിഡ്നിയില്‍ കസ്റ്റഡിയിലാണ്.

അമേരിക്കയുമായുള്ള ഓസ്ട്രേലിയയുടെ കൈമാറ്റ ഉടമ്പടി പ്രകാരം, ഡിസംബര്‍ 20-നകം ഡഗ്ഗനെ കൈമാറാനുള്ള അഭ്യര്‍ത്ഥന അമേരിക്ക സമര്‍പ്പിക്കണം. അല്ലെങ്കില്‍ പ്രതിക്ക് മോചനത്തിന് അര്‍ഹതയുണ്ട്.

ചൈനയിലേക്ക് പ്രതിരോധ സേവനങ്ങള്‍ അനധികൃതമായി കയറ്റുമതി ചെയ്യാനുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഗൂഢാലോചന, ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിന്റെ ലംഘനം തുടങ്ങി നാല് കുറ്റങ്ങളാണ് ഡഗ്ഗനെതിരെ ചുമത്തിയിരിക്കുന്നത്.

വന്‍ തുക വാങ്ങി ചൈനീസ് പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനെതിരേ തങ്ങളുടെ മുന്‍ സൈനിക പൈലറ്റുമാര്‍ക്ക് ഓസ്ട്രേലിയന്‍, ബ്രിട്ടീഷ് അധികാരികള്‍ മുന്നറിയിപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഡഗ്ഗന്റെ അറസ്റ്റുണ്ടായത്.

ചൈനീസ് പൈലറ്റുമാര്‍ക്കുള്ള പരിശീലനം നിര്‍ത്തിയില്ലെങ്കില്‍ ദേശീയ സുരക്ഷാ കാരണങ്ങളാല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുമെന്നാണ് ബ്രിട്ടണ്‍ മുന്നറിയിപ്പു നല്‍കിയത്. യുദ്ധവിമാനം വിദഗ്ധമായി പറത്തിയിരുന്ന തങ്ങളുടെ ചില മുന്‍ പൈലറ്റുമാരെ ചൈനയ്ക്കു വേണ്ടി ജോലി ചെയ്യാന്‍ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഓസ്ട്രേലിയയും അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്.

യുഎസ് മിലിട്ടറിയില്‍ ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന സേവനത്തിനു ശേഷമാണ് ഡഗ്ഗന്‍ ഓസ്ട്രേലിയയിലേക്ക് താമസം മാറിയത്. ടോപ്പ് ഗണ്‍ എന്ന പേരില്‍ ടാസ്മാനിയയില്‍ അഡ്വഞ്ചര്‍ ഫ്‌ളൈറ്റ് കമ്പനിയും ആരംഭിച്ചു. വിനോദസഞ്ചാരികള്‍ക്ക് ഓസ്ട്രേലിയന്‍ ആകാശത്ത് സാഹസിക വിമാന യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനായി മുന്‍ യുഎസ്, ബ്രിട്ടീഷ് മിലിട്ടറി പൈലറ്റുമാരെയും നിയമിച്ചിരുന്നു.

ഓസ്ട്രേലിയന്‍ എയര്‍ ഷോകളിലും മിലിട്ടറി വിമാനങ്ങള്‍ ഡഗ്ഗന്‍ പറത്തിയിട്ടുള്ളതായി കുറ്റപത്രത്തില്‍ പറയുന്നു.

2014ല്‍ പ്രതി ബീജിങ്ങിലേക്ക് താമസം മാറുകയും ടോപ്പ് ഗണ്‍ എന്ന സ്ഥാപനം വില്‍ക്കുകയും ചെയ്തു. 2017 മുതല്‍ ചൈനയിലെ ക്വിംഗ്ദാവോയില്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട കണ്‍ള്‍ട്ടന്‍സി കമ്പനിയായ വി.ഐ.ബി.ഐ.ഇസഡ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ജോലി ചെയ്യുകയാണെന്ന് ഡഗ്ഗന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പറയുന്നു. ഇത് 2020 ല്‍ പിരിച്ചുവിടപ്പെട്ടതായും രേഖകളിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.