ചിക്കാഗോ: ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 39 -ാമത് ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എക്യുമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
ഡിസംബര്‍ പത്തിന് ശനിയാഴ്ച വൈകിട്ട് അഞ്ചിന് മാര്‍തോമ്മ ശ്ലീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ ചിക്കാഗോ സെയിന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ നവ അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നിലവിളക്ക് തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്യും.
എക്യുമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളും വൈദികരും ബിഷപ്പും ഘോഷയാത്രയായി വരുമ്പോള്‍, എക്യുമെനിക്കല്‍ ഗായകസംഘം O' come all ye faithful' എന്ന ഗാനം ആലപിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് എക്യു. വൈസ് പ്രസിഡന്റ് റവ. ഫാ. എബി ചാക്കോ നേതൃത്വം നല്‍കും.
തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ എക്യു. കൗണ്‍സില്‍ പ്രസിഡന്റ് റവ. മോണ്‍. തോമസ് മുളവനാല്‍ ആദ്ധ്യക്ഷം വഹിക്കും. മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനലബ്ദിയില്‍ റവ. മോണ്‍. തോമസ് മുളവനാല്‍ എക്യു. കൗണ്‍സിലിന്റെ ആശംസകള്‍ നേരുകയും ആശംസാഫലകം നല്‍കി ആദരിക്കുകയും ചെയ്യും. ക്രിസ്തുമസ് പരിപാടിക്ക് സാമ്പത്തിക സഹായം നല്‍കിയ സ്‌പോണ്‍സേഴ്‌സിനെ പ്രശംസാഫലം നല്‍കി ആദരിക്കും.
'Home for Homeless' പദ്ധതിയിലൂടെ ഭവന രഹിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങും നിര്‍വഹിക്കും. എക്യുമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റില്‍ വിജയിച്ച ടീമുകള്‍ക്കുള്ള ട്രോഫികളും തദവസരത്തില്‍ വിതരണം ചെയ്യും.
എക്യു. കൗണ്‍സിലിലെ അംഗങ്ങളായ 15 ദേവാലയങ്ങളില്‍ നിന്നുമുള്ള മനോഹരങ്ങളായ ഗാനങ്ങള്‍, നൃത്തങ്ങള്‍, നാടകങ്ങള്‍ എന്നിവകളും അവതരിപ്പിക്കപ്പെടും. 35 അംഗങ്ങള്‍ ഉള്‍പ്പെടുന്ന എക്യുമെനിക്കല്‍ കരോള്‍ ഗായക സംഘത്തിന് ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ റവ. അജിത് കെ. തോമസാണ് നേതൃത്വം നല്‍കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ വിജയത്തിനായി റവ. ഫാ. ഹാം ജോസഫ് (ചെയര്‍മാന്‍), ആന്റോ കവലയ്ക്കല്‍ (ജന. കണ്‍വീനര്‍), ബഞ്ചമിന്‍ തോമസ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) കൂടാതെ 40 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ക്രിസ്തുമസ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.
മാര്‍തോമ്മാ, സി.എസ്.ഐ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, കത്തോലിക്ക സഭകളുടെ കൂട്ടായ്മയാണ് ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍. റവ. മോണ്‍. തോമസ് മുളവനാല്‍ (പ്രസിഡന്റ്), റവ. ഫാ. എബി ചാക്കോ (വൈസ് പ്രസിഡന്റ്), ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി), പ്രവീണ്‍ തോമസ് (ട്രഷറര്‍), സാം തോമസ് (ജോ. സെക്രട്ടറി) ബിജോയി സഖറിയാ (ജോ. ട്രഷറര്‍) എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ചിക്കാഗോ എക്യു.കൗണ്‍സിലിന് നേതൃത്വം നല്‍കുന്നത്.
മാര്‍ ജേക്കബ് അങ്ങാടിയത്തും മാര്‍ ജോയി ആലപ്പാട്ടുമാണ് ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.