82 അടി ഉയരം; ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടര്‍ അക്വേറിയം തകര്‍ന്നു; റോഡിലേക്ക് കുതിച്ചൊഴുകിയത്‌ 10 ലക്ഷം ലിറ്റര്‍ വെള്ളം

82 അടി ഉയരം; ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടര്‍ അക്വേറിയം തകര്‍ന്നു; റോഡിലേക്ക് കുതിച്ചൊഴുകിയത്‌ 10 ലക്ഷം ലിറ്റര്‍ വെള്ളം

ബര്‍ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് അക്വേറിയം സ്ഥിതി ചെയ്തിരുന്നത്

ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടര്‍ അക്വേറിയം തകര്‍ന്നു. ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന അക്വേറിയമാണ് ഇന്ന് പുലര്‍ച്ചെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ചില്ല് തറച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു.

സിലിണ്ടര്‍ ആകൃതിയിലുള്ള 82 അടി (25 മീറ്റര്‍) ഉയരത്തില്‍ നിര്‍മ്മിച്ച ഈ അക്വേറിയം ബെര്‍ലിന്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു. അക്വേറിയത്തിലൂടെ വിനോദ സഞ്ചാരികള്‍ക്ക് ലിഫ്റ്റില്‍ പോകാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


സിലിണ്ടര്‍ അക്വേറിയം തകര്‍ന്നതിനെതുടര്‍ന്ന് അവശിഷ്ടങ്ങള്‍ റോഡിലേക്ക് ഒഴുകിയെത്തിയ നിലയില്‍

10 ലക്ഷം ലിറ്റര്‍ വെള്ളമുള്ള അക്വേറിയത്തില്‍ 1,500 ലധികം അപൂര്‍വ ഇനം മത്സ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ദിവസവും എട്ട് കിലോയോളം മീന്‍തീറ്റയാണ് കൊടുത്തിരുന്നത്.

2004ലാണ് അക്വേറിയം തുറന്നത്. 12.8 ദശലക്ഷം യൂറോയായിരുന്നു ചെലവിട്ടായിരുന്നു നിര്‍മാണം. താപനിയന്ത്രണ സംവിധാനത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അക്വേറിയത്തിലെ വെള്ളം ഒഴുകുകയും ഹോട്ടലിന്റെ അകത്തും പുറത്തും വലിയ നാശം സംഭവിക്കുകയും ചെയ്തു.

അവശിഷ്ടങ്ങള്‍ റോഡിലേക്കും ഒഴുകിയെത്തി. തിരക്കില്ലാത്ത സമയത്ത് അപകടമുണ്ടായതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായതായി ബെര്‍ലിന്‍ പോലീസ് പറഞ്ഞു. അക്വേറിയം പൊട്ടിവീണതിനെ തുടര്‍ന്ന് സ്ഥലത്ത് നൂറോളം അഗ്‌നിരക്ഷാസേന അംഗങ്ങള്‍ എത്തി.

സംഭവത്തെതുടര്‍ന്ന് ഹോട്ടല്‍ അടച്ചു. അതിഥികളെ മാറ്റിപ്പാര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.