കൊച്ചി: കേന്ദ്ര ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തി, ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥർക്ക് ബോധ്യമാകുന്ന രീതിയിൽ സംസ്ഥാന സർക്കാർ വിശദമായ സർക്കുലർ ഉടൻ പുറപ്പെടുവിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേരളത്തിലെ സംവരണരഹിതർക്കുള്ള ഏറ്റവും വലിയ തടസം നാലു സെന്റ് റസിഡൻഷ്യൽ പ്ലോട്ട് എന്ന മാനദണ്ഡമാണ്. കേരളത്തിൽ കരഭൂമി അഥവാ പുരയിടമായ എല്ലാ ഭൂമിയും റസിഡൻഷ്യൽ പ്ലോട്ടോ ഹൗസ് പ്ലോട്ടോ ആയി കണക്കാക്കുന്നു.
ഈ പ്രശ്നത്തിനു പരിഹാരം ആവശ്യപ്പെട്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനും വിവിധ സമുദായ സംഘടനകളും നിരന്തരമായി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി, ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ നാലു സെന്റ് റസിഡൻഷ്യൽ പ്ലോട്ട് കണക്കാക്കുമ്പോൾ കൃഷിഭൂമിയിൽ വീടു വച്ചു താമസിക്കുന്നവരുടെ വീടിനു ചുറ്റുമുള്ള സ്ഥലം റെസിഡൻഷ്യൽ പ്ലോട്ടായി പരിഗണിക്കേണ്ടതില്ല എന്ന് കേന്ദ്രസർക്കാർ 2022 സെപ്റ്റംബർ 19ന് സ്പഷ്ടീകരണം നൽകി.
ഇക്കാര്യം വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തു നൽകി. അതിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും മുന്നാക്ക കമ്മീഷനും പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിവിധ നിവേദനങ്ങൾ നൽകി. കേന്ദ്രസർക്കാർ നിർദേശങ്ങൾ സംസ്ഥാനത്ത് ഉടൻ നടപ്പിൽ വരുത്താൻ സംസ്ഥാന മുന്നാക്ക കമ്മീഷൻ സർക്കാരിനു ശിപാർശ ചെയ്തിരുന്നു.
എന്നാൽ സർക്കാർ ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. കേന്ദ്രസർക്കാരിനു കീഴിൽ വിവിധ വകുപ്പുകളിലായി 9.79 ലക്ഷം ഒഴിവുകളുണ്ടെന്നും ഇതിലേക്കു സമയബന്ധിതമായി നിയമനങ്ങൾ നടത്തുന്നതിന് എല്ലാ മന്ത്രാലയങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രസ്താവിച്ചിട്ടുണ്ട്. ഇത്രയും ഒഴിവുകളുടെ 10 ശതമാനം ഇഡബ്ല്യുഎസ് ക്വാട്ട വഴിയാണ് നികത്തപ്പെടുന്നത്.
കേരളത്തിലെ സംവരണരഹിത വിഭാഗങ്ങളിലെ യുവാക്കൾക്കുള്ള തൊഴിലവസരം നഷ്ടപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.