"എന്റെ മരണത്തിൽ വിലപിക്കരുത്; ശവകുടീരത്തിൽ ഖുർആൻ വായിക്കരുത്, ആഘോഷിക്കുക”: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന് തൂക്കിലേറ്റിയ യുവാവിന്റെ അവസാന വാക്കുകൾ


ടെഹ്‌റാന്‍: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 23 കാരനായ മജിദ്‌റെസ റഹ്നാവാദിന്റെ തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്ത്. ആരും തന്റെ മരണത്തില്‍ വിലപിക്കരുതെന്നാണ് റഹ്നാവാദ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.

"എന്റെ മരണത്തിൽ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യരുത്. ആഘോഷം മതി, ആഘോഷ ഗീതങ്ങൾ മുഴങ്ങണം" എന്നും അന്ത്യാഭിലാഷമായി അദ്ദേഹം വീഡിയോയിലൂടെ നിർദേശിച്ചു. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണിത്.

ടെഹ്റാനിൽ നിന്ന് 740 കിലോമീറ്റർ അകലെ മഷ്ഹാദ് നഗരത്തില്‍ തിങ്കളാഴ്ച തൂക്കിലേറ്റിയ റഹ്നാവാദിന്റെ ഈ വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്തുവന്നത്. മുഖംമൂടി ധരിച്ച രണ്ട് കാവല്‍ക്കാര്‍ക്കൊപ്പം കണ്ണ് കെട്ടിയാണ് വീഡിയോയില്‍ റഹ്നാവാദ് സംസാരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പും സധൈര്യം സംസാരിക്കുന്ന റഹ്നാവാദിന്റെ വീഡിയോ മനുഷ്യാവകാശ പ്രവര്‍ത്തകയും ബെല്‍ജിയന്‍ പാര്‍ലമെന്റ് എംപിയുമായ ധര്യ സഫായിയാണ് ട്വീറ്റ് ചെയ്തത്.


തൂക്കിലേറ്റുന്നതിന് തലേദിവസം റഹ്നാവാദിനെ അമ്മയെ കാണാന്‍ അനുവദിച്ചിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് സുരക്ഷാ ഭടന്മാരെ കുത്തിക്കൊല്ലുകയും നാല് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന കുറ്റമാണ് റഹ്നാവാദിനെതിരെ ഇറാൻ ഭരണകൂടം ചുമത്തിയത്. നവംബർ 17 ന് നടന്ന സംഭവത്തിൽ നവംബർ 29 ന് വധശിക്ഷ വിധിച്ചു. തുടർന്ന് ദിവസങ്ങള്‍ക്കകം തന്നെ ശിക്ഷ നടപ്പാക്കുകയും ചെയ്യതു.

റഹ്നാവാദിനെ തൂക്കിക്കൊന്ന ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ പോലും അധികൃതര്‍ വിവരം അറിയിച്ചതെന്നും ആക്ഷേപമുണ്ട്. റഹ്നാവാദിന്റെ വീട്ടിലേക്ക് വിളിച്ച അധികൃതർ നിങ്ങളുടെ മകനെ ഞങ്ങൾ കൊന്നു എന്നും ഇന്ന സ്ഥലത്ത് അടക്കിയിട്ടുണ്ട് എന്നും അറിയിക്കുകയായിരുന്നു.


പ്രക്ഷോഭത്തിൽ പങ്കെടുത്ത മൊഹ്സെൻ ഷെക്കാരിയെ (23) അടുത്തിടെ മുൻപ് തൂക്കിക്കൊന്നിരുന്നു. സുരക്ഷാജീവനക്കാരനെ ആക്രമിച്ചുവെന്നതാണ് ഷെക്കാരിക്കെതിരെയും ഉന്നയിച്ച കുറ്റം. അതേസമയം, രഹസ്യവിചാരണ നടത്തി 12 പേർക്കെങ്കിലും വധശിക്ഷ വിധിച്ചതായാണ് പൗരാവകാശ സംഘടനകൾ ആരോപിക്കുന്നത്. ഇവർക്ക് അഭിഭാഷകരുടെ സേവനവും നിഷേധിക്കുന്നു.

ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണംപറഞ്ഞ് മതപോലീസ് കസ്റ്റഡിയിലെടുത്ത കുർദ് വംശജയായ മഹ്സ അമിനി എന്ന യുവതി സെപ്റ്റംബർ 16 ന് മരിച്ചതിനെ തുടർന്നാണ് ഇറാനിൽ വലിയ പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് സമരത്തെ അടിച്ചമർത്താൻ സർക്കാർ വധശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

പ്രക്ഷോഭത്തിൽ 475 പേർ കൊല്ലപ്പെട്ടതയാണ് അവസാനമായി പുറത്ത് വന്ന ഔദ്യോഗിക കണക്കുകളിൽ വ്യക്തമാക്കുന്നത്. എന്നാൽ ഇതിൽ കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുള്ളതാണ് വിവിധ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു.

https://twitter.com/SafaiDarya/status/1603406964331085825


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.