രണ്ടിൽ നിന്ന് മൂന്നായി മടക്കം; ലൂസേഴ്സ് ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ

രണ്ടിൽ നിന്ന് മൂന്നായി മടക്കം; ലൂസേഴ്സ് ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ

ദോഹ: നാല് വർഷത്തെ ഇടവേളക്കൊടുവിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ മൂന്നാം സ്ഥാനക്കാരായി മടക്കം. ചരിത്രത്തിൽ ആദ്യമായി വേൾഡ്കപ്പ് സെമിയിലെത്തിയ മൊറോക്കോയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. തോറ്റെങ്കിലും ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടത്തോടെ തല ഉയര്‍ത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്. 

മത്സരത്തിലുടനീളം പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ക്രൊയേഷ്യ കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തിയിരുന്നു. ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ബോക്‌സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കുന്നു. മുന്നോട്ടുചാടി തകര്‍പ്പനൊരു ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ ആ പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഒന്നര മിനിറ്റ് പോലും പിന്നിടും മുൻപ് മൊറോക്കോ തിരിച്ചടിച്ചു. ഒമ്പതാം മിനിറ്റില്‍ അഷ്‌റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്. ഹക്കീം സിയെച്ചെടുത്ത ഒരു ഫ്രീ കിക്ക് ക്ലിയര്‍ ചെയ്തതില്‍ ക്രൊയേഷ്യന്‍ താരം ലോവ്‌റോ മയര്‍ വരുത്തിയ ചെറിയ പിഴവാണ് ഗോളിന് വഴിവെച്ചത്. മയറുടെ തലയില്‍ തട്ടി ഉയര്‍ന്ന പന്ത് നേരേപോയത് ക്രൊയേഷ്യന്‍ പോസ്റ്റിന് മുന്നിലേക്ക്. അവസരം മുതലെടുത്ത് ഡാരി ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ പന്ത് കൈവശം വെയ്ക്കുന്നതില്‍ ആധിപത്യം പുലര്‍ത്തിയ ക്രൊയേഷ്യ 42-ാം മിനിറ്റില്‍ മിസ്ലാവ് ഓര്‍സിച്ചിലൂടെ വീണ്ടും ലീഡെടുത്തു. മികച്ചൊരു ക്രൊയേഷ്യന്‍ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. മാര്‍ക്കോ ലിവായ നല്‍കിയ പന്തില്‍ നിന്നുള്ള ഓര്‍സിച്ചിന്റെ ഷോട്ട് വലതുപോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു.

രണ്ടാം പകുതിയിലും പന്ത് കൈവശം വെയ്ക്കുന്നതില്‍ മുന്നിട്ടുനിന്ന ക്രൊയേഷ്യ, മൊറോക്കോ ആക്രമണങ്ങള്‍ ഓരോന്നായി പ്രതിരോധിക്കുകയായിരുന്നു. പിന്നാലെ 74-ാം മിനിറ്റില്‍ ഗ്വാര്‍ഡിയോളിനെ അമ്രാബാത്ത് ബോക്‌സില്‍ വീഴ്ത്തിയെങ്കിലും റഫറി പെനാല്‍റ്റി നിഷേധിക്കുകയയിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ എന്‍ നെസിരിയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.