ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണം: നാളെ മുതല്‍ സമരമെന്ന് താമരശേരി രൂപത

ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണം: നാളെ മുതല്‍ സമരമെന്ന് താമരശേരി രൂപത

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് കൊടുക്കാനാകില്ലെന്ന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.

കോഴിക്കോട്: ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് താമരശേരി രൂപതയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ സമരം തുടങ്ങും.

ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കര്‍ഷകരെയും ജനങ്ങളെയും കൂടുതല്‍ ബോധവല്‍കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമര പരിപാടികള്‍ നടത്തുന്നതെന്ന് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. ഇതിന് പിന്നില്‍ ഗുഢാലോചന സംശയിക്കുന്നു. കര്‍ഷകരെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ ബഫര്‍ സോണ്‍ അതിര്‍ത്തി നിശ്ചയിക്കണം എന്നാണ് സഭയുടെ അഭ്യര്‍ത്ഥന. സര്‍ക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളൂ. ആര്‍ക്കും മനസിലാകാത്ത ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇവിടെ പുറത്ത് വിട്ടിരിക്കുന്നത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെ ഈ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് കൊടുക്കാനാകില്ല. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥരെ മാത്രം ആശ്രയിക്കാതെ മന്ത്രിതല സമിതി നേരിട്ട് ബഫര്‍സോണ്‍ നിശ്ചയിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കണം.

അതിജിവനത്തിനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കരുത്. സാമാഹികാഘാത പഠനം നടത്തണം. സുപ്രീം കോടതിയില്‍ സാവകാശം തേടണം. കര്‍ഷകര്‍ക്ക് കൃഷിയും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കണം. മലയോര ജനതയുടെ വേദന മനസിലാക്കാതെ ഉപഗ്രഹമാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് എങ്ങനെയാണ് മാപ്പ് നല്‍കാനാവുക എന്ന് ബിഷപ്പ് ചോദിച്ചു.

ബഫര്‍ സോണ്‍ വിഷയത്തില്‍ വനം മന്ത്രി തന്നെയാണ് ഉറക്കം നടിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വനം മന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായി ബിഷപ്പ് പറഞ്ഞു. ബഫര്‍ സോണ്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഓഫീസര്‍മാരെ മാത്രം നിയോഗിക്കാതെ രണ്ടുമൂന്ന് മന്ത്രിമാരെയെങ്കിലും സര്‍ക്കാര്‍ നിയോഗിക്കണമെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.