'ലോകത്തിന്റെ കപ്പല്‍ നിര്‍മാണം ഇന്ത്യ ഏറ്റെടുക്കും': യുദ്ധ കപ്പലായ മോര്‍മുഗാവോ രാജ്‌നാഥ് സിങ് രാജ്യത്തിന് സമര്‍പ്പിച്ചു

'ലോകത്തിന്റെ കപ്പല്‍ നിര്‍മാണം ഇന്ത്യ ഏറ്റെടുക്കും': യുദ്ധ കപ്പലായ മോര്‍മുഗാവോ രാജ്‌നാഥ് സിങ് രാജ്യത്തിന് സമര്‍പ്പിച്ചു

മുംബൈ: ഭാവിയില്‍ ലോകരാജ്യങ്ങളുടെ കപ്പല്‍ നിര്‍മാണം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലായ 'മോര്‍മുഗാവോ' രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളില്‍ ഒന്നാണ് ഐഎന്‍എസ് മോര്‍മുഗാവോ. ഇത് ഇന്ത്യന്‍ നാവിക ശേഷിയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൊണ്ടു വരും. ലോകത്തിലെ ഏറ്റവും നൂതനമായ മിസൈല്‍ വാഹിനികളില്‍ ഒന്നായ ഐഎന്‍എസ് മോര്‍മുഗാവോയിലെ സംവിധാനങ്ങള്‍ക്ക് ഇപ്പോഴത്തെ മാത്രമല്ല, ഭാവിയിലെ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയും. ഇതു നമ്മുടെ തദ്ദേശീയ പ്രതിരോധ ഉല്‍പാദന ശേഷിയുടെ ഉദാഹരണം കൂടിയാണ്. ഭാവിയില്‍ ഇന്ത്യ ലോകത്തിന് വേണ്ടി കപ്പല്‍ നിര്‍മാണം നടത്തുമെന്നും മുംബൈയില്‍ നടന്ന ചടങ്ങില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

സേനാ പദ്ധതിയായ പ്രോജക്ട് 15 ബിയുടെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണ് മോര്‍മുഗാവോ. ആദ്യ കപ്പലായ 'വിശാഖപട്ടണം' 2021 ല്‍ സേനയുടെ ഭാഗമായിരുന്നു. പദ്ധതിയുടെ ഭാഗമായ മറ്റു രണ്ട് യുദ്ധക്കപ്പലുകള്‍ 2025 ന് അകം കമ്മിഷന്‍ ചെയ്യും. സേനയുടെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോ ആണു കപ്പലുകള്‍ രൂപകല്‍പന ചെയ്തത്.

ഗോവയുടെ പടിഞ്ഞാറന്‍ തീരത്തെ ചരിത്രപ്രധാനമായ തുറമുഖ നഗരമാണ് മോര്‍മുഗാവോ. അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള കപ്പലിന് ബറാക്, ബ്രഹ്മോസ് മിസൈലുകള്‍ വഹിക്കാം. 163 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയുമുണ്ട്. മണിക്കൂറില്‍ 56 കിലോമീറ്ററാണു പരമാവധി വേഗം. മോര്‍മുഗാവോയില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളില്‍ 75 % ഇന്ത്യന്‍ നിര്‍മിതമാണെന്നും കപ്പല്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരുമെന്നും സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.