'കാത്തിരുന്ന കപ്പല്ലേ... കാലമേറെയായില്ലേ'; മൂന്നരപ്പതിറ്റാണ്ടിന് ശേഷം കപ്പ് അര്‍ജന്റീനയിലെത്തുമ്പോള്‍ മെസിയുടെ പേരില്‍ നിരവധി റെക്കോഡുകള്‍

'കാത്തിരുന്ന കപ്പല്ലേ... കാലമേറെയായില്ലേ'; മൂന്നരപ്പതിറ്റാണ്ടിന് ശേഷം കപ്പ് അര്‍ജന്റീനയിലെത്തുമ്പോള്‍ മെസിയുടെ പേരില്‍ നിരവധി റെക്കോഡുകള്‍

ദോഹ: ഇതിഹാസത്തിലേക്കുള്ള കാൽവെപ്പിന് ഇനി വേറെ എന്താണ് വേണ്ടത്. അന്താരാഷ്ട്ര കിരീടം ഇല്ലെന്ന ഒറ്റക്കാരണത്താൽ ക്രൂശിച്ചവർക്ക് മുന്നിൽ ഇന്നയാൾ പൂർണനാണ്. 2021 കോപ്പ അമേരിക്കയിൽ മുത്തമിട്ടത് മുതൽ അന്താരാഷ്ട്ര കിരീടങ്ങൾ ഒന്നൊന്നായി മെസ്സി തന്റെ കൈകളിൽ ഉയർത്തികൊണ്ടേയിരുന്നു. യൂറോപ്യൻ വേഗതയെയും പ്രൊഫഷണലിസത്തെയും തച്ചുടച്ചുകൊണ്ട് ഫൈനലിസീമ. ഇപ്പോഴിതാ ലോകകിരീടവും. ഇതും പോരാത്തവർക്ക് ഈയൊറ്റ വേൾഡ് കപ്പിൽ നേടിയ അരഡസൺ റെക്കോഡുകളുമുണ്ട് മെസ്സിക്ക്‌ ഇതിഹാസ പട്ടം ചൂടാൻ. 

ഫുട്‌ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയാണ് ലോകകപ്പില്‍ മുത്തമിട്ട് മെസി മടങ്ങുന്നത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ തന്നെ റെക്കോഡ് ബുക്കില്‍ മെസിയുടെ പേര് ഒരിക്കല്‍കൂടി തെളിഞ്ഞു. 

26 മത്സരങ്ങളുമായി ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങളെന്ന റെക്കോഡ്. മറഞ്ഞുപോയത് ജര്‍മ്മനിയുടെ ഇതിഹാസതാരം ലോതര്‍ മത്തേയൂസിന്റെ പേരിലുള്ള റെക്കോഡാണ് തിരുത്തിക്കുറിച്ചത്. 

23-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളോടെ നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും അര്‍ജന്റൈന്‍ നായകന് സ്വന്തമായി. വീണ്ടും ഗോള്‍ നേടി ടീമിന്റെ രക്ഷകനായ മെസി ഏറ്റവുമധികം സമയം ലോകകപ്പില്‍ കളിച്ച താരവുമായി. 2216 മിനുറ്റുകള്‍ ലോകകപ്പില്‍ കളിച്ച ഇറ്റാലിയന്‍ പ്രതിരോധ താരം പൗളോ മാള്‍ഡീനിയുടെ റെക്കോഡാണ് മെസിക്ക് മുന്നില്‍ പഴങ്കഥയായത്.

ഗോളടിച്ചും ഗോളടിപ്പിച്ചും ലോകകപ്പിന്റെ താരമായ മെസ്സിക്ക് അപൂര്‍വമായ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിൽ ചേർത്തു. രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം.

ഫിഫ ലോകകപ്പില്‍ കൂടുതല്‍ ജയം നേടുന്ന താരമെന്ന റെക്കോഡും മെസ്സി സ്വന്തമാക്കി. മെസിയുടെ 17ാമത്തെ ജയമാണിത്. ലോകകപ്പ് ജയത്തോടെ ജര്‍മനിയുടെ ക്ലോസെക്കൊപ്പം മെസ്സിയും എത്തി. 

ഫിഫ ലോകകപ്പില്‍ കൂടുതല്‍ അസിസ്റ്റെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം പക്ഷെ മെസ്സിക്ക് നഷ്ടപ്പെട്ടു. ഇന്നലെ മെസിയുടെ അസ്സിസ്റ്റ്‌ ഗോളുകൾ ഉണ്ടായില്ല. നിലവില്‍ ഒൻപത് അസിസ്റ്റുകളാണ് ലോകകപ്പില്‍ മെസിയുടെ പേരിലുള്ളത്. 10 അസിസ്റ്റുകള്‍ നടത്തിയ ബ്രസീലിന്റെ പെലെയാണ് മുന്നിൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.