ചെന്നൈ: രാജ്യത്ത് ജോലിത്തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തു. ഒരു ജോലി എന്ന സ്വപ്‌നവുമായി നടക്കുന്ന ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇത്തരം തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നത്.
ഏറ്റവും ഒടുവിലായി ഇന്ത്യന്‍ റെയില്‍വേയുടെ പേരില്‍ നടന്ന വലിയൊരു ജോലി തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. തമിഴ്‌നാട് സ്വദേശികളായ 28 പേരാണ് തട്ടിപ്പിനിരയായത്. ടിടിഇ, ട്രാഫിക് അസിസ്റ്റന്റ്, ക്‌ളര്‍ക്ക് എന്നീ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്.
ഇതിനായി ഓരാളില്‍ നിന്നും രണ്ട് ലക്ഷം മുതല്‍ 24 ലക്ഷം വരെ വാങ്ങി. ഇത്തരത്തില്‍ ആകെ 2.67 കോടി രൂപ തട്ടിച്ചെടുത്തതായി ഡല്‍ഹി പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. കൂടാതെ പണം നല്‍കിയ ഉദ്യോഗാര്‍ത്ഥികളെ ഒരു മാസത്തോളം ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു പോയി വ്യാജ പരിശീലനത്തിന് വിധേയരാക്കുകയും ചെയ്തു.
പ്ലാറ്റ്ഫോമില്‍ എത്തുന്ന ട്രെയിനുകളുടെ എണ്ണം എടുക്കുന്നതായിരുന്നു ഇവരെ കൊണ്ട് ചെയ്യിപ്പിച്ചത്. ഇരയായവരില്‍ അധികവും എഞ്ചിനീയറിങ് അടക്കമുള്ള ബിരുദധാരികളാണ്.
മധുരൈ വിരുദനഗര്‍ സ്വദേശിയായ സുബ്ബുസ്വാമി വഴിയാണ് പണം കൈമാറിയത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും ഡല്‍ഹിക്കാരനായ വികാസ് റാണ എന്നയാള്‍ക്കാണ് പണം മുഴുവനും കൈമാറിയതെന്നും സുബ്ബുസ്വാമി പറയുന്നു. നോര്‍ത്തേണ്‍ റെയില്‍വേയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന നിലയിലാണ് റാണ സ്വയം പരിചയപ്പെടുത്തിയതെന്നാണ് സുബ്ബുസ്വാമി പറയുന്നത്. മാത്രമല്ല സംഘാംഗമായ ശിവരാമന്‍ എന്നയാളെ ഡല്‍ഹിയില്‍ എംപിമാരുടെ ക്വാര്‍ട്ടേഴ്സ് പരിസരത്ത് കണ്ടിട്ടുണ്ടെന്നും ഇയാള്‍ പ്രതികരിച്ചു.
ഇത്തരത്തില്‍ നടക്കുന്ന ജോലി തട്ടിപ്പില്‍ യുവാക്കള്‍ ജാഗരൂകരായിരിക്കണമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ദിനപത്രങ്ങളിലടക്കം റെയില്‍വേയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് നിരന്തരം അറിയിപ്പുകള്‍ നല്‍കിയിട്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും റെയില്‍വേ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.