പിന്‍വാതില്‍ നിയമനത്തിന് സര്‍ക്കാര്‍ ചിലവിട്ടത് ലക്ഷങ്ങള്‍; മറയാക്കുന്നത് സിഎംഡി എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ

പിന്‍വാതില്‍ നിയമനത്തിന് സര്‍ക്കാര്‍ ചിലവിട്ടത് ലക്ഷങ്ങള്‍; മറയാക്കുന്നത് സിഎംഡി എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ

തിരുവനന്തപുരം: പിന്‍വാതില്‍ നിയമമനത്തിനായി സര്‍ക്കാര്‍ ചിലവിട്ടത് ലക്ഷങ്ങള്‍. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നല്‍കാനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ് ലക്ഷക്കണക്കിന് തുകയാണ് ചിലവിട്ടത്. ഒരു ചിലവുമില്ലാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സേവനം ലഭിക്കുമെന്നിരിക്കെയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള ഈ ധൂര്‍ത്ത്.

വിജ്ഞാപനം ക്ഷണിക്കല്‍, പരീക്ഷ, അഭിമുഖം എന്നിവയ്ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 20 ലക്ഷം രൂപയോളം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന് പ്രതിഫലം നല്‍കിയിട്ടുണ്ട്. കരാര്‍ നിയമനങ്ങളിലെ ക്രമക്കേടിന് സര്‍ക്കാര്‍ അന്വേഷണം നേരിടുന്നൊരു സ്ഥാപനം ഈ വകയില്‍ 8.60 ലക്ഷം രൂപ കൈമാറിയതായിട്ടുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനം നിലനില്‍ക്കേ നിയമനത്തിന് പണം മുടക്കുന്നത് നിയമ വിരുദ്ധമാണ്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിഎംഡിയെ മറയാക്കി സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ അരങ്ങേറുകയാണ്. ഇഷ്ടമുള്ളവരെ നിയമിക്കാന്‍ പാകത്തില്‍ വിജ്ഞാപനം തയ്യാറാക്കി സിഎംഡിക്ക് കൈമാറും. പിന്നീട് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. നിയമനം നടക്കുന്ന സ്ഥാപന പ്രതിനിധിയും അഭിമുഖ പാനലില്‍ ഉണ്ടാകും. നിശ്ചയിച്ചുവെച്ച പ്രകാരം നിയമനം നല്‍കുകയും ചെയ്യും.

പരീക്ഷ നടത്തിപ്പ് ഉള്‍പ്പെടെയുള്ള ജോലികള്‍ മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും നിയമനം നല്‍കുന്നത് അതത് സ്ഥാപനങ്ങളാണെന്നുമാണ് സിഎംഡിയുടെ വാദം. ഒരു സ്ഥാപനത്തിനും ഇത്തരമൊരു നിയമന അധികാരമില്ലെന്ന് പി.എസ്.സിയും എംപ്ലോയ്മെന്റ് അധികൃതരും വ്യക്തമാക്കുന്നു.

2020 ന് ശേഷം കിഫ്ബി, കെ.എസ്.ഐ.ഡി.സി, കുടുംബശ്രീ, ഡിജിറ്റല്‍ സര്‍വകലാശാല, കണ്‍സ്ട്രക്ഷന്‍ കേര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അഞ്ഞൂറിലധികം നിയമനങ്ങളാണ് സമാന രീതിയില്‍ നടന്നിരിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ നിന്ന് പരീക്ഷ നടത്തിപ്പിന് പ്രതിഫലം വാങ്ങിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് സി.എം.ഡി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.