ബ്രിസ്‌ബെൻ: ടോറസ് കടലിടുക്കിൽ അകപ്പെട്ടുപോയ മുപ്പത്തിയൊന്നുകാരനെ 20 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ച സംഭവത്തെ "ക്രിസ്തുമസ് അത്ഭുതം" എന്ന് വിശേഷിപ്പിച്ച് ക്വീൻസ്‌ലാൻഡ് പോലീസ്. കടലിലൂടെയുള്ള യാത്രയ്ക്കിടയിൽ വാറബർ ദ്വീപിലെ താമസക്കാരനായ വ്യക്തി തിരമാലയിൽ പെട്ട് മറിഞ്ഞ തന്റെ ചെറുതോണിയുടെ അവശിഷ്ടങ്ങളിൽ മുറുകെപ്പിടിച്ച് ഒരു രാത്രി മുഴുവൻ കിടന്നാണ് ഗുരുതരമായ സാഹചര്യത്തെ അതിജീവിച്ചത്.
ഇയാൾ സുരക്ഷാ ഉപകരണങ്ങളൊന്നും കൈവശം വച്ചിരുന്നില്ലെന്നും ജീവനോടെ കണ്ടെത്തിയത് അത്ഭുതമായിരുന്നുവെന്നും ഐലൻഡ് സ്‌റ്റേഷന്റെ ചുമതലയുള്ള സീനിയർ സർജന്റ് ആന്റണി മൊയ്‌നിഹാൻ പറഞ്ഞു.
സംഭവം വളരെ അവിശ്വസനീയമാണെന്നും ഇത്തരത്തിൽ അപകടത്തിപ്പെട്ട് രക്ഷപെടുന്ന ദശലക്ഷത്തിൽ ഒരാളാണ് ഈ വ്യക്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ആ വെള്ളത്തിൽ പൊങ്ങിക്കിടക്കാനും അവിടെയുള്ള ജീവികളെ അറിയാനും അതിലുപരി ഏകദേശം 20 മണിക്കൂറിന് ശേഷവും അവിടെ ജീവനോടെ ഉണ്ടായിരിക്കാനും സാധിച്ച അയാൾ വളരെ ഭാഗ്യവാനാണെന്നും മൊയ്‌നിഹാൻ വിശദീകരിച്ചു.
അപകടത്തിൽപെട്ട വ്യക്തിയെ ഹെലികോപ്റ്ററിലേക്ക് കയറ്റുന്നു
ചൊവ്വാഴ്ച രാവിലെ 9:30 ഓടെ മോവ ദ്വീപിൽ നിന്ന് 60 കിലോമീറ്റർ ദൂരമുള്ള വാറബർ (സ്യൂ) ദ്വീപിലേക്ക് ഇയാൾ ഒറ്റയ്ക്ക് പുറപ്പെട്ടതായാണ് കരുതുന്നത്. ഏകദേശം 11 മണിക്ക് തന്റെ യാത്രയിലെ പുരോഗതിയെക്കുറിച്ച് അറിയിക്കാൻ അദ്ദേഹം തന്റെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇദ്ദേഹത്തിന് തന്റെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിഞ്ഞില്ല.
പിന്നീട് വൈകുന്നേരം ആറുമണിയോടെ ഇയാളെ കാണാതായാതായി അറിയിപ്പ് ലഭിച്ചു. തുടർന്ന് ക്വീൻസ്‌ലാൻഡ് വാട്ടർ പോലീസും ഓസ്‌ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റിയും (എഎംഎസ്‌എ) സംയുക്തമായി ചൊവ്വാഴ്ച രാത്രിയോടെ തിരച്ചിൽ ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് നിർത്തിവച്ചു.
“ഈ പ്രദേശത്ത് ഏകദേശം 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും തടസ്സമായി” എന്ന് സീനിയർ സർജന്റ് മൊയ്‌നിഹാൻ വ്യക്തമാക്കി.
കൂടാതെ മോശമായ കാലാവസ്ഥ കാരണം രാത്രിയിൽ വോളണ്ടിയർ മറൈൻ റെസ്ക്യൂ, ഹെലികോപ്റ്റർ സേവനങ്ങൾ തുടങ്ങിയവ ഒന്നും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെ 6:30 ന് വാട്ടർ പോലീസ് കപ്പലുകൾ, എഎംഎസ്എ വിമാനങ്ങൾ, ബോർഡർ ഫോഴ്സ് ഹെലികോപ്റ്ററുകൾ, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി തിരച്ചിൽ പുനരാരംഭിച്ചു.
മറിഞ്ഞ ചെറുതോണി
മറിഞ്ഞ നിലയിൽ ചെറുതോണി കണ്ടെത്തിയത് 10:30 ഓടെയാണ്. വീണ്ടും നടത്തിയ അന്വേഷങ്ങൾക്കൊടുവിൽ ഏഴ് നോട്ടിക്കൽ മൈൽ അകലെ ഒരു തടിയിൽ പിടിച്ച് പൊങ്ങിക്കിടന്ന ആളെ കണ്ടെത്തുകയായിരുന്നു.
പിന്നീട് ഇയാളെ ഹെലികോപ്റ്ററിൽ ഐലൻഡ് ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.അദ്ദേഹം നല്ല ശാരീരിക-മാനസികാവസ്ഥയിലാണ്. ഗുരുതരമായ അവസ്ഥകളൊന്നും ഇപ്പോൾ അനുഭവിക്കുന്നില്ലെന്ന് സീനിയർ സർജന്റ് മൊയ്‌നിഹാൻ പറഞ്ഞു.
അതേസമയം യാത്രയ്ക്കുപയോഗിക്കുന്ന എല്ലാ ബോട്ടുകൾക്കും തോണികൾക്കും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ അനുഭവം നൽകുന്നതെന്ന് മൊയ്‌നിഹാൻ വ്യക്തമാക്കുന്നു. ഭാഗ്യവശാൽ രക്ഷപ്പെട്ടെങ്കിലും ഇയാളുടെ അനുഭവം ഒരു മുന്നറിയിപ്പായി വർത്തിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
അദ്ദേഹത്തിന് തോണിയിൽ സുരക്ഷാ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. റേഡിയോ ബീക്കൺ ഇന്ഡിക്കേറ്റിങ് എമർജൻസി പൊസിഷൻ (ഇപിഐആർബി) എന്ന അടിയന്തര സാഹചര്യങ്ങളിൽ അപകടമറിയിക്കുന്ന ദീപം പോലും ഉണ്ടായിരുന്നില്ലെന്ന് മൊയ്‌നിഹാൻ ചൂണ്ടിക്കാട്ടി.
"നിങ്ങൾ ഈ ക്രിസ്തുമസിന് യാത്ര പോകുകയാണെങ്കിൽ, ആസ്വദിക്കൂ, എന്നാൽ നിങ്ങൾക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾ എവിടേക്കാണ് പോകുന്നതെന്നും ഏതൊക്കെ സമയങ്ങളിൽ നിങ്ങൾ ഏതൊക്കെ പ്രിയപ്പെട്ടവരുമായി കണ്ടുമുട്ടുമെന്നും അറിയിപ്പ് നൽകുക. ഇത്തരം ഒരു നീക്കത്തിലൂടെ ഏതെങ്കിലും കാരണത്താൽ നിങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തിയില്ലെങ്കിൽ ആളുകൾക്ക് അപകട സൂചന മനസിലാക്കാൻ കഴിയും" എന്നും സീനിയർ സർജന്റ് മൊയ്‌നിഹാൻ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.