ജക്കാര്‍ത്ത: നൂറിലേറെ റോഹിംഗ്യന്‍ വംശജരുമായി സഞ്ചരിച്ച ബോട്ട് ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്ത് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ ഇരുപതിലേറെ പേര്‍ പട്ടിണി മൂലമോ വെള്ളത്തില്‍ മുങ്ങിയോ മരിച്ചെന്നും രണ്ട് മ്യാന്‍മര്‍ റോഹിംഗ്യന്‍ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബോട്ടിലുള്ളവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ചില ഇന്ത്യന്‍ കപ്പലുകള്‍ ബോട്ടിനെ സമീപിക്കുന്നുണ്ടെന്ന് ഇന്നലെ രാത്രി വൈകി തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഏഷ്യാ പസഫിക് റഫ്യൂജി റൈറ്റ്സ് നെറ്റ്വര്‍ക്കിന്റെ റോഹിംഗ്യ വര്‍ക്കിങ് ഗ്രൂപ്പ് പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയ്‌ക്കോ കോസ്റ്റ്ഗാര്‍ഡിനോ എത്രയും വേഗം റോഹിംഗ്യന്‍ ബോട്ടിനെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കുടുങ്ങിയ ബോട്ടിനടുത്ത് അഞ്ച് ഇന്ത്യന്‍ കപ്പലുകള്‍ ചൊവ്വാഴ്ച വൈകി എത്തിയതായി ബന്ധപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ തകര്‍ന്ന ബോട്ടില്‍ നട്ടംതിരിയുകയാണ് അവര്‍. ഇതിനകം 20 പേര്‍ വരെ മരിച്ചിട്ടുണ്ടെന്നാണ് തങ്ങളറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ തയാറായില്ല.
'ഇരുപതോളം പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ പലരും കടുത്ത വിശപ്പും ദാഹവും മൂലവുമാണ് മരിച്ചത്. മറ്റ് ചിലര്‍ വെള്ളത്തില്‍ വീണ് മുങ്ങിമരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തീര്‍ത്തും ഭയാനകവും സങ്കടകരവുമാണ്-' മ്യാന്‍മറിലെ റോഹിംഗ്യകളെ പിന്തുണയ്ക്കാനായി പ്രവര്‍ത്തിക്കുന്ന അരാകന്‍ പദ്ധതിയുടെ ഡയറക്ടര്‍ ക്രിസ് ലെവ പറഞ്ഞു.
എല്ലാ വര്‍ഷവും നിരവധി റോഹിംഗ്യന്‍ വംശജരാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ ക്രൂര പീഡനങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വിവിധ രാജ്യങ്ങളിലേക്ക് അഭയം തേടി പോവുന്നത്. ഇവരില്‍ പലരും യാത്രാമധ്യേ മരണത്തിന് കീഴടങ്ങുകയും ചെയ്യും.
കൂടുതല്‍ പേരും ബംഗ്ലദേശിലേക്കും മലേഷ്യയിലേക്കും ഇന്ത്യയിലേക്കുമൊക്കെ എത്തുകയും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയും ചെയ്യുന്നുണ്ട്. അഭയാര്‍ഥി ക്യാമ്പുകളിലും ദുരിതമനുഭവിക്കുകയാണ് അവര്‍. ആയിരങ്ങള്‍ ഇപ്പോഴും പലയിടങ്ങളിലേക്കും പലായനത്തിലാണ്.
കഴിഞ്ഞയാഴ്ച അവസാനവാരം, നൂറോളം റോഹിംഗ്യകളുമായെത്തിയ ഒരു ബോട്ട് ശ്രീലങ്കന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. മ്യാന്‍മര്‍ സൈന്യത്തിന്റെ കൂട്ടബലാത്സംഗത്തിനും കൊടുംക്രൂരതകള്‍ക്കും ഇരയായി നിരവധി റോഹിംഗ്യകളാണ് മരിച്ചുവീണത്. ഈ ക്രൂരതകളില്‍ നിന്ന് രക്ഷ തേടി 2018ല്‍ മാത്രം 7,30,000ഓളം റോഹിംഗ്യകളാണ് അയല്‍രാജ്യമായ ബംഗ്ലദേശിലേക്ക് മാത്രം കുടിയേറിയത്.
ബംഗ്ലദേശില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയ ഒമ്പത് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കഴിഞ്ഞദിവസം ത്രിപുരയില്‍ പിടിയിലായിരുന്നു. അഞ്ച് സ്ത്രീകളടക്കമുള്ളവരാണ് പിടിയിലായതെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ പി.ആര്‍.ഒ സബ്യാസച്ചി ദേ പറഞ്ഞു. അഗര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.