കഠ്മണ്ഡു: കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജ് ജയിൽ മോചിതനാകുന്നു. ശോഭ്‌രാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിൻ്റെ പ്രായം കണക്കിലെടുത്താണ് ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. ജയിൽ മോചിതനായി 15 ദിവസത്തിനകം നാടുകടത്തണമെന്നും ഉത്തരവിലുണ്ട്.
രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയത് ഉൾപ്പടെയുള്ള കുറ്റത്തിന് 2003 മുതൽ നേപ്പാൾ ജയിലിലാണ് 78കാരനായ ശോഭ്‌രാജ്. ഫ്രഞ്ച് പൗരനായ ചാൾസ് ഇന്ത്യയിൽ 21 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇന്ത്യക്കാരനായ ശോഭരാജ് ഹൊചണ്ടിൻ്റേയും വിയറ്റ്നാമുകാരിയായ ട്രാൻ ലോംഗ് ഫുൻ എന്നിവരുടേയും മകനാണ് ശോഭ്‌രാജ്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടന്ന ഇയാൾ 1975ൽ യാത്രക്കാരായ യുഎസ് പൗരൻ കോണി ജോ ബോറോൻസിച്ചിനെയും (29) കാമുകി കാനഡക്കാരി ലോറന്റ് കാരിയറിനെയും (26) കൊലപ്പെടുത്തി.
അതേവർഷം കഠ്മണ്ഡു, ഭക്തപുർ എന്നിവിടങ്ങളിലെ ദമ്പതികളെയും അതിക്രൂരമായി കൊന്നൊടുക്കി. 2003 സെപ്റ്റംബർ ഒന്നിനാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്.
ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിൽ നടത്തിയ കൊലപാതകങ്ങളിലൂടെ ഇയാൾ കുപ്രസിദ്ധനായി. 12 പേരെ കൊന്ന കേസുകളിൽ പ്രതി ശോഭരാജാണെന്ന് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ഇരകളുടെ എണ്ണം മുപ്പത് വരെയാവാം എന്നാണ് അനൗദ്യോഗിക കണക്കുകൾ. തായ്ലാൻഡ്, നേപ്പാൾ, ഇന്ത്യ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുര്‍ക്കി, ഗ്രീസ് രാജ്യങ്ങളിലെ പൗരൻമാരാണ് ചാൾസിൻ്റെ ഇരകളായത്.
ദമ്പതികളുടെ കൊലപാതകത്തില്‍ 21 വർഷം, യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷം, വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷം, എന്നിങ്ങനെ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. കഠ്മണ്ഡു സെൻട്രൽ ജയിലിലാണ് ശോഭ്‌രാജുള്ളത്.
ജയിലിൽ നിന്നും ഇമിഗ്രേഷൻ ഓഫീസിലേക്ക് ചാൾസിനെ മാറ്റുമെന്നും ഇമിഗ്രേഷൻ അധികൃതര്‍ അടുത്ത പതിനഞ്ച് ദിവസത്തിനകം നാടുകടത്തൽ നടപടികൾ പൂര്‍ത്തിയാവും എന്നാണ് കരുതന്നെന്നും ശോഭരാജിൻ്റെ അഭിഭാഷകൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.