ചൊവ്വയിലെ പൊടിക്കാറ്റില്‍ സൗരോര്‍ജ പാനലുകളുടെ പ്രവര്‍ത്തനം നിലച്ചു; ഇന്‍സൈറ്റ് ലാന്‍ഡറിന് വിട നല്‍കി നാസ

ചൊവ്വയിലെ പൊടിക്കാറ്റില്‍ സൗരോര്‍ജ പാനലുകളുടെ പ്രവര്‍ത്തനം നിലച്ചു; ഇന്‍സൈറ്റ് ലാന്‍ഡറിന് വിട നല്‍കി നാസ

കാലിഫോര്‍ണിയ: നാല് വര്‍ഷത്തെ ചൊവ്വാ പഠനത്തിനു ശേഷം പ്രവര്‍ത്തനം നിലച്ച് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍. ചൊവ്വയിലെ തുടര്‍ച്ചയായ പൊടിക്കാറ്റില്‍ സൗരോര്‍ജ പാനലുകളില്‍ പൊടിപടലം നിറഞ്ഞതോടെ 813 മില്യന്‍ ഡോളര്‍ വില മതിക്കുന്ന പേടകത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയായിരുന്നു. ചൊവ്വയിലെ കമ്പനങ്ങളും പൊടിപടലങ്ങളും ഉല്‍ക്കകളുടെ ആഘാതങ്ങളും പഠിക്കാനായാണ് നാല് വര്‍ഷം മുമ്പ് ഇന്‍സൈറ്റിനെ വിക്ഷേപിച്ചത്.

2018 മെയ് അഞ്ചിനായിരുന്നു ഇന്‍സൈറ്റ് വിക്ഷേപിച്ചത്. നവംബര്‍ 26നാണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്. ചൊവ്വയുടെ ഉപരിതലത്തില്‍ അഞ്ച് മീറ്ററിലധികം കുഴിച്ച് ആന്തരിക ഘടനയെക്കുറിച്ച് പഠിക്കാനുള്ള ദൗത്യവുമായാണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്. ഇന്‍സൈറ്റുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള നിരവധി ശ്രമങ്ങള്‍ക്കു ശേഷമാണ് ദൗത്യം ഉപേക്ഷിക്കുന്നതായി നാസ അറിയിച്ചത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പ് നാസ പുറത്തു വിട്ടത്. ഇതുവരെ 1300 ഓളം പ്രകമ്പനങ്ങളാണ് ഇന്‍സൈറ്റ് തിരിച്ചറിഞ്ഞത്.

പതിനായിരത്തോളം പൊടിക്കാറ്റുകളെ അതിജീവിച്ചായിരുന്നു ഇന്‍സൈറ്റ് ചൊവ്വയില്‍ നിലനിന്നത്.

'ഇന്‍സൈറ്റ് വിരമിച്ചേക്കാം, പക്ഷേ അതിന്റെ പൈതൃകവും ചൊവ്വയിലെ കണ്ടെത്തലുകളും നിലനില്‍ക്കും' - നാസ വ്യക്തമാക്കി.

കഴിഞ്ഞ നാലു വര്‍ഷമായി ചൊവ്വയിലെ സുഹൃത്തും സഹപ്രവര്‍ത്തകനുമായാണ് ഇന്‍സൈറ്റിനെ ഞങ്ങള്‍ കരുതുന്നത്. അതിനാല്‍ വിട പറയാന്‍ പ്രയാസമാണ്.' കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ മിഷന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ബ്രൂസ് ബാനെര്‍ഡ് പറഞ്ഞു. ഇന്‍സൈറ്റ് സമൃദ്ധമായി സമ്പാദിച്ചു, അര്‍ഹമായ വിരമിക്കലാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ റെഡ് പ്ലാനറ്റിലുള്ള നാല് ദൗത്യങ്ങളില്‍ ഒന്നാണ് ഇന്‍സൈറ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.