ഉക്രെയ്‌നിലെ കുട്ടികളുടെ പുഞ്ചിരി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ഉക്രെയ്‌നിലെ കുട്ടികളുടെ പുഞ്ചിരി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഉക്രെയ്‌നിൽ സഹനത്തിലൂടെ കടന്നുപോകുന്ന ഉക്രൈൻ കുട്ടികളെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. റഷ്യ ഉക്രെയ്‌നിൽ നടത്തുന്ന തുടർച്ചയായ അധിനിവേശ ശ്രമങ്ങളും പ്രത്യാക്രമങ്ങങ്ങളും അന്ത്യമില്ലാതെ മുന്നോട്ട് പോകുമ്പോൾ അതിന്റെ പരിണിതഫലങ്ങൾക്ക് ഇരകളാകുന്നത് ഒട്ടേറെ കുട്ടികളാണെന്നും പാപ്പ പറഞ്ഞു.

ഉക്രെയ്‌നിലെ പല കുട്ടികൾക്കും പുഞ്ചിരിക്കാൻ പോലും ബുദ്ധിമുട്ടാണ് എന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മാർപ്പാപ്പ വ്യക്തമാക്കി. ക്രിസ്തുമസിന് മുൻപായി നടന്ന പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ അവസരത്തിൽ ഉണ്ണിയേശുവിനെക്കുറിച്ച് സംസാരിക്കവെയാണ്, ഉക്രെയ്‌ൻ കുട്ടികൾ കടന്നുപോകുന്ന ദുരിതാവസ്ഥയിലേക്ക് മാർപ്പാപ്പ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

ഉക്രെയ്‌നിലെ കുട്ടികളുടെ മുഖത്ത് സന്തോഷം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പാപ്പ ഒരു കുട്ടിക്ക് പുഞ്ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് ഗുരുതരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും ഓർമ്മിപ്പിച്ചു. മനുഷ്യത്വരഹിതവും കഠിനവുമായ ഒരു യുദ്ധത്തിന്റെ ദുരന്തം വഹിക്കുന്ന ഉക്രെയ്‌ൻ കുട്ടികൾക്ക് മേലുള്ള തന്റെ ഉത്കണ്ഠയും മാർപ്പാപ്പ രേഖപ്പെടുത്തി.

കൊടുംതണുപ്പിലും പ്രാഥമിക ആവശ്യങ്ങളുടെ അഭാവത്തിലും വളരെയധികം ബുദ്ധിമുട്ടുന്ന ഉക്രെയ്‌ൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു. “ഈ ക്രിസ്തുമസിൽ ഉക്രെയ്‌നിയൻ ജനതയെക്കുറിച്ച് നമുക്ക് ചിന്തിക്കാം. വെളിച്ചവും ഊർജ്ജോത്പാദന സാധ്യതകളും ഇല്ലാതെ തണുപ്പിനെ അതിജീവിക്കാൻ അവർ കഷ്ടപ്പെടുന്നു. കർത്താവ് അവർക്ക് എത്രയും വേഗം സമാധാനം നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം" പാപ്പ പറഞ്ഞു.

യുദ്ധത്തടവുകാരന്റെ ഭാര്യയും മകനുമായി മാർപ്പാപ്പയുടെ കൂടിക്കാഴ്ച

പൊതുസമ്മേളനത്തിന്റെ അവസാന നിമിഷങ്ങളിൽ, ഭർത്താവ് ഒരു യുദ്ധത്തടവുകാരനായ ഉക്രെയ്‌നിയൻ യുവതി ലാറിസയും മകൻ സെർഗെയിജും മാർപാപ്പ കൂടിക്കാഴ്ച നടത്തി. കിഴക്കൻ അസോവ്സ്റ്റൽ സ്റ്റീൽ വർക്ക്സ് പ്ലാന്റിന്റെ നാശം കാണിക്കുന്ന കലണ്ടർ ഉൾപ്പെടെ മാർപ്പാപ്പയ്ക്ക് നിരവധി പ്രതീകാത്മക സമ്മാനങ്ങളുമായാണ് ഇവർ എത്തിയത്.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകിയ 2023 ലെ കലണ്ടറിൽ ഉക്രെയ്നിലെ യുദ്ധത്തിൽ ഉണ്ടായ നാശത്തിന്റെ ഭയാനകമായ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പോൾ ആറാമൻ ഹാളിൽ മാർപാപ്പയോടൊപ്പം കുറച്ച് സമയം ചെലവഴിച്ച ഇരുവരും കലണ്ടറിലെ ചിത്രങ്ങൾ ഓരോന്നായി വിശദീകരിച്ചു നൽകുകയും ചെയ്തു.


റഷ്യൻ സൈന്യം മാസങ്ങളോളം കീഴടക്കിവെച്ച ഉക്രെയ്‌നിന്റെ തെക്കുകിഴക്കൻ നഗരമായ മരിയുപോളിലെ ജനത്തിന്റെ ദുരന്തത്തിന് നേർസാക്ഷ്യം വഹിക്കുന്ന നാശത്തിന്റെയും ദുഃഖത്തിന്റെയും ചിത്രങ്ങളായിരുന്നു അവ.

സ്റ്റീൽ വർക്ക് ഫാക്ടറിക്കുള്ളിലെ ഉക്രെയ്‌നിയൻ ചെറുത്തുനിൽപ്പിന്റെ ഓർമ്മയ്ക്കായി "അസോവ്സ്റ്റൽ" എന്ന വാക്ക് കൊണ്ട് ആലേഖനം ചെയ്ത കലണ്ടർ 2023 ഉക്രെയ്നിന് സമാധാനത്തിന്റെ വർഷമായിരിക്കുമെന്ന പ്രതീക്ഷയുടെ അടയാളം കൂടിയാണ്.



ഉക്രേനിയൻ തടവുകാരുടെ പേരുകളുടെ ഒരു പട്ടികയും ലാറിസ മാർപ്പാപ്പയ്ക്ക് കൈമാറി. അത് അവരുടെ മോചനത്തിന് സഹായകരമാകുമെന്നോ അല്ലെങ്കിൽ തടങ്കലിൽ കഴിയുന്ന അവരുടെ അവസ്ഥ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ലാറിസയുടെ നടപടി.

പോളണ്ടിന്റെ സഹാനുഭാവം

പോളണ്ടിലെ വിശ്വസ്തരായ ജനങ്ങളെ അഭിവാദ്യം ചെയ്ത മാർപ്പാപ്പ, ക്രിസ്തുമസ് തലേന്ന് പോളണ്ടിലെ കുടുംബങ്ങൾ "അപ്രതീക്ഷിത അതിഥിക്കായി മേശപ്പുറത്ത് ഒരു സീറ്റ് ഒഴിച്ചിടുന്ന" അവരുടെ ദേശീയ പാരമ്പര്യത്തെയും അനുസ്മരിച്ചു.

"ഈ വർഷം ഉക്രെയ്നിൽ നിന്നുള്ള അനേകം അഭയാർത്ഥികൾ ആ സ്ഥലം കൈവശപ്പെടുത്തും. അവർക്ക് നിങ്ങളുടെ വീടുകളുടെ വാതിലുകൾ വളരെ ഉദാരതയോടെ തുറന്നുകൊടുത്തു" എന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

"ബെത്‌ലഹേമിൽ ജനിച്ച ദൈവപൈതൽ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നിങ്ങൾ സഹായിക്കുന്നവരെയും സ്‌നേഹത്താൽ നിറയ്ക്കട്ടെ" എന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി തവണയാണ് ഉക്രെയ്‌നിൽ നടക്കുന്ന ആക്രമണത്തിനെതിരെ മാർപ്പാപ്പ ശബ്ദമുയർത്തിയത്. ഉക്രെയ്‌ൻ ജനതയ്ക്ക് തെർമൽ വസ്ത്രങ്ങളും, ഊർജ്ജോത്പാദനത്തിനായി ജനറേറ്ററുകളും ഉൾപ്പെടെ നിരവധി സഹായങ്ങൾ പാപ്പായുടെ ആഹ്വാനപ്രകാരം കത്തോലിക്കാസഭ മുൻകൈയെടുത്ത് എത്തിച്ചിട്ടുണ്ട്.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.