ഉപരിതല ജലത്തെ കുറിച്ച് പഠിക്കാന്‍ സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9; കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ക്ക് പുതുജീവനേകും

ഉപരിതല ജലത്തെ കുറിച്ച് പഠിക്കാന്‍ സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9; കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ക്ക് പുതുജീവനേകും

ലോസ് ആഞ്ചല്‍സ്: ഭൂമിയുടെ ഉപരിതല ജലത്തെ കുറിച്ച് ആഗോള സര്‍വേ നടത്താന്‍ രൂപകല്‍പ്പന ചെയ്ത യു.എസ്-ഫ്രഞ്ച് ഉപഗ്രഹത്തെ വഹിച്ചു കൊണ്ടുള്ള സ്പേസ് എക്‌സ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ഇലോണ്‍ മസ്‌കിന്റെ വാണിജ്യ റോക്കറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫാല്‍ക്കണ്‍ 9 ബൂസ്റ്റര്‍, വാന്‍ഡന്‍ബെര്‍ഗ് യു.എസ് സ്പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് വിക്ഷേപിച്ചത്. ഉപഗ്രഹത്തെ വഹിക്കുന്ന ഫാല്‍ക്കണ്‍ 9 ന്റെ മുകളിലെ ഭാഗം ഒമ്പത് മിനിട്ടിനുള്ളില്‍ ഭ്രമണപഥത്തിലെത്തി. പുനരുപയോഗിക്കാവുന്ന താഴത്തെ ഭാഗം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ഭൂമിയിലേക്ക് പതിക്കുകയും ചെയ്തു.

ദൗത്യത്തിലെ സര്‍ഫേസ് വാട്ടര്‍ ആന്‍ഡ് ഓഷ്യന്‍ ടോപ്പോഗ്രാഫി സാറ്റ്ലൈറ്റ് വിക്ഷേപിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഭൂമിയുടെ 530 മൈല്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തി. റോക്കറ്റിന്റെ മുകളിലെ ഭാഗത്ത് ഘടിപ്പിച്ച ക്യാമറയില്‍ നിന്നുള്ള വീഡിയോയില്‍ സാറ്റ്ലൈറ്റ് ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നത് കാണാം.

അരമണിക്കൂറിനു ശേഷം ഉപഗ്രഹത്തില്‍ നിന്ന് ആദ്യത്തെ സിഗ്‌നലുകള്‍ വീണ്ടെടുത്തതായും ഉപഗ്രഹം പ്രവര്‍ത്തനക്ഷമമാണെന്ന് സ്ഥിരീകരിച്ചെന്നും ഫ്രഞ്ച് ബഹിരാകാശ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിന്റെ 90 ശതമാനത്തിലധികം വരുന്ന സമുദ്രങ്ങള്‍, തടാകങ്ങള്‍, ജല സംഭരണികള്‍, നദികള്‍ എന്നിവയുടെ ഹൈ ഡെഫിനിഷന്‍ അളവുകള്‍ ശേഖരിക്കുന്നതിനുള്ള വിപുലമായ മൈക്രോവേവ് റഡാര്‍ സാങ്കേതിക വിദ്യയാണ് ഉപഗ്രഹത്തിന്റെ കേന്ദ്ര ഭാഗത്തുള്ളത്.

റഡാറില്‍ നിന്ന് സമാഹരിക്കുന്ന ഡാറ്റ, സമുദ്ര ചംക്രമണ മാതൃകകള്‍ മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥാ പ്രവചനങ്ങള്‍ക്കും വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം കൈകാര്യം ചെയ്യുന്നതിനും ഉപയോഗിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

എസ്.യു.വി വലിപ്പമുള്ള ഉപഗ്രഹത്തിന്റെ ഘടകങ്ങള്‍ പ്രധാനമായും ലോസ് ആഞ്ചല്‍സിനും സി.എന്‍.ഇ.എസിനും സമീപമുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിര്‍മ്മിച്ചതാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.