കൊച്ചി: മുന്‍ മന്ത്രി സജി ചെറിയാന് എതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള കേരളാ പൊലീസിന്റെ നീക്കത്തിന് തിരിച്ചടി. സജി ചെറിയാന്‍ കുറ്റം ചെയ്തിട്ടില്ല എന്ന പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പുനപരിശോധന വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അഡ്വക്കേറ്റ് ബൈജു നോയലിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സജി ചെറിയാന്‍ ഭരണഘടനവിരുദ്ധ പരാമര്‍ശം നടത്തിയ കേസിലുള്ള അന്വേഷണം കേരള പൊലീസില്‍ നിന്നും മറ്റൊരു അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നുള്ള ഹര്‍ജിയും കോടതി ഫയലില്‍ സ്വീകരിച്ചു.
സജി ചെറിയാന്‍ എംഎല്‍എയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സിബിഐ അന്വേഷണമാണ് ഹര്‍ജിക്കാരനായ അഡ്വക്കേറ്റ് ബൈജു നോയല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഹര്‍ജി ക്രിസ്തുമസ് അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തില്‍ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ കൈമാറിയത്.
കഴിഞ്ഞ ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിക്കിടെ ആയിരുന്നു സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം. കടുത്ത പ്രതിഷേധത്തിനൊടുവില്‍ ജൂലൈ ആറിന് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളി. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് സജി ചെറിയാന്‍ ചെയ്തത്. ഭരണഘടനയേയോ ഭരണഘടന ശില്‍പികളെയോ അപകീത്തിപ്പെടുത്തിയിട്ടില്ലെന്നും അതിനാല്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു പൊലീസിന്റെ റഫര്‍ റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.