ക്രിസ്തുമസ് സഹയാത്രികരുടെ തിരുനാള്‍: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

ക്രിസ്തുമസ് സഹയാത്രികരുടെ തിരുനാള്‍: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള സ്‌നേഹസംഗമത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്തുമസ് കേക്ക് മുറിക്കുന്നു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, പി.ആര്‍.ഒ യും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ആന്റണി വടക്കേകര വി.സി., മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിജോ പൈനാടത്ത്, എം.എസ്. സജീവന്‍ എന്നിവര്‍ സമീപം

കാക്കനാട്: മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ക്രിസ്തുമസ് സ്‌നേഹസംഗമം നടത്തി. തിരുപ്പിറവിയുടെ സന്തോഷവും സ്‌നേഹവും പങ്കുവെച്ചുകൊണ്ട് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്തുമസ് ആശംസകള്‍ നേരുകയും സ്‌നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. അച്ചടി-ദൃശ്യ മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന അറുപതോളം പത്രപ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കുചേര്‍ന്നു.

സ്‌നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഈശോ സ്‌നേഹിതര്‍ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി. അതിനുവേണ്ടിയാണ് ദൈവപുത്രന്‍ മനുഷ്യനായി പുല്‍ക്കൂട്ടില്‍ ജനിച്ചതെന്ന് കര്‍ദിനാള്‍ തന്റെ ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു. മനുഷ്യരോട് കൂടെ നടക്കാന്‍ വന്ന ദൈവം ഒന്നിച്ചു നടക്കാന്‍ നമ്മെയും ആഹ്വാനം ചെയ്യുന്നു. നാമെല്ലാവരും സഹയാത്രികരാണെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ക്രിസ്തുമസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സീറോമലബാര്‍ സഭ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സ്വാഗതം ആശംസിക്കുകയും പി.ആര്‍.ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ആന്റണി വടക്കേകര വി.സി കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26