പാരീസില്‍ വെടിവയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു, അക്രമി പിടിയില്‍

പാരീസില്‍ വെടിവയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു, അക്രമി പിടിയില്‍

പാരീസ്: ഫ്രാന്‍സിലെ സെന്‍ട്രല്‍ പാരീസില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. കുര്‍ദിഷ് സാംസ്‌കാരിക കേന്ദ്രത്തിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് ഫ്രഞ്ച് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ബി.എഫ്.എം ടിവി റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പ്പ് നടത്തിയ 69 വയസുകാരനെ ഫ്രഞ്ച് പോലീസ് പിടികൂടി.

'ഒരു വെടിവയ്പ്പുണ്ടായി. വേഗത്തിലുള്ള നടപടിക്ക് സുരക്ഷാ സേനയ്ക്ക് നന്ദി' - ഡെപ്യൂട്ടി മേയര്‍ ഇമ്മാനുവല്‍ ഗ്രിഗോയര്‍ ട്വീറ്റ് ചെയ്തു. സംഭവത്തിന് ശേഷമുള്ള ദൃശ്യങ്ങളുടെ വീഡിയോ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തോക്കുധാരിയെന്ന് സംശയിക്കുന്നയാള്‍ക്ക് 60 വയസ് പ്രായമുണ്ടെന്നും അറസ്റ്റ് ചെയ്തതായും ബിഎഫ്എം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയുതിര്‍ത്തയാളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാള്‍ ഏഴോ എട്ടോ തവണ തുടര്‍ച്ചയായി വെടിയുതിര്‍ത്തെന്ന് ദൃക്‌സാക്ഷി ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തിയതുള്‍പ്പെടെ നിരവധി രാഷ്ട്രീയ ആക്രമണ കേസുകളില്‍ പ്രതിയായിരുന്നു അറസ്റ്റിലായ വ്യക്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ആക്രമണം നടന്ന സ്ഥലം നിലവില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.